ബിഹാറിലെ തിരിച്ചടിയിലും കോൺഗ്രസിന് ആശ്വസമായി ഉപതിരഞ്ഞെടുപ്പ് ഫലം; രണ്ട് സംസ്ഥാനങ്ങളിൽ വിജയം
ഡൽഹി: ബിഹാറിലെ കനത്ത തിരിച്ചടിക്കിടയിലും കോൺഗ്രസിന് ആശ്വസിക്കാൻ വക നൽകി ഉപതിരഞ്ഞെടുപ്പ് ഫലം. രാജസ്ഥാനിലെ ആന്ത, തെലുങ്കാനയിലെ ജൂബിലി ഹിൽസ് എന്നിവിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലാണ് പാർട്ടി വിജയിച്ചത്.
ജൂബിലി ഹിൽസ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ വി. നവീൻ യാദവ് ആണ് ജയിച്ചത്. 24,658 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. ശക്തമായ പോരാട്ടത്തിനൊടുവിൽ ഭരണകക്ഷിയായ ബിആർഎസിൻ്റെ മഗന്തി സുനിത ഗോപിനാഥിനെയാണ് യാദവ് പരാജയപ്പെടുത്തിയത്.

കൊട്ട്ല വിജയ് ഭാസ്കർ റെഡ്ഡി സ്റ്റേഡിയത്തിൽ നടന്ന വോട്ടെണ്ണലിന്റെ 10 റൗണ്ടുകളിൽ 9 എണ്ണത്തിലും മുന്നിട്ടുനിന്നാണ് നവീൻ യാദവ് വിജയം ഉറപ്പിച്ചത്. 99,120 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ബി ആർ എസ് സ്ഥാനാർത്ഥി സുനിത ഗോപിനാഥിന് 74,462 വോട്ടുകൾ മാത്രമാണ് നേടാനായത്. ബി ജെ പിയുടെ ലങ്കാല ദീപക് റെഡ്ഡി മൂന്നാം സ്ഥാനത്ത് ഒതുങ്ങി. 17,061 വോട്ടുകളാണ് ലങ്കാലയ്ക്ക് ലഭിച്ചത്.
ബി ആർ എസ് എംഎൽഎയായിരുന്ന മഗന്തി ഗോപിനാഥിന്റെ നിര്യാണത്തെത്തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. 2023-ലെ തിരഞ്ഞെടുപ്പിൽ 97,863 വോട്ടുകൾ (43.9%) ആണ് ഗോപിനാഥ് ഇവിടെ നേടിയത്. കോൺഗ്രസ് സ്ഥാനാര്‍ത്ഥിയായ അസ്ഹറുദ്ദീനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. അസറുദ്ദീന് 81,526 വോട്ടുകളാണ് (36.6%) നേടാനായത്.
അതേസമയം ഈ ഉപതിരഞ്ഞെടുപ്പ് വിജയം വലിയ ബൂസ്റ്റാണ് കോൺഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. ബി ആർ എസിന്റെ കോട്ടയാണ് കോൺഗ്രസ് തകർത്തത്.
രാജസ്ഥാനിലെ അൻതാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി പ്രമോദ് ജെയിൻ 'ഭയ്യ' ആണ് ജയിച്ചത്. 15,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ബി ജെ പിയുടെ മോർപാൽ സുമനുമായി നടന്ന കടുത്ത മത്സരത്തിനൊടുവിലാണ് ജെയിന് മണ്ഡലം പിടിക്കാനായത്. 15,000-ൽ അധികം വോട്ടിന്റെ ഭൂരിപക്ഷവുമായി 69,571 വോട്ടുകളാണ് ജെയിൻ നേടിയത്.
2005-ലെ ഒരു ക്രിമിനൽ കേസിൽ നിലവിലുള്ള ബി ജെ പി എം എൽ എ കൻവർ ലാൽ മീണയെ അയോഗ്യനാക്കിയതിനെത്തുടർന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. സർക്കാർ സ്വത്ത് നശിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. രണ്ടുവർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിച്ചതിനെ തുടർന്ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് നിയമപ്രകാരം അദ്ദേഹത്തിന്റെ നിയമസഭാ സീറ്റ് അസാധുവാകുകയായിരുന്നു.












Click it and Unblock the Notifications