നിയമഭേദഗതി ചർച്ചയിൽ പങ്കെടുത്തില്ല, ഉപരാഷ്ട്രപതിയെ മിമിക്രി കാണിച്ചു; പ്രതിപക്ഷത്തിനെതിരെ അമിത് ഷാ
ഛത്തീസ്ഗഡ്: പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. സഭയ്ക്ക് പുറത്ത് ഉപരാഷ്ട്രപതിയെ മിമിക്രി കാണിച്ചുവെന്നും ഒഴിവുകഴിവുകള്‍ കണ്ടെത്തി മൂന്ന് ക്രിമിനല്‍ നിയമഭേദഗതി ബില്ലുകളിന്മേലുള്ള ചര്‍ച്ചകൾ പ്രതിപക്ഷം ബഹിഷ്കരിച്ചുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ഛത്തീസ്ഗഡിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്രിമിനൽ നിയമങ്ങളിൽ പ്രതിപക്ഷത്തിന്റെ അഭ്രിപ്രായങ്ങൾ അറിയണമെന്ന് ഞാൻ കരുതി. പക്ഷേ, ഈ ബില്ലിന്മേലുള്ള ചർച്ച ബഹിഷ്‌കരിക്കാനുള്ള ദൗർഭാഗ്യകരമായ തീരുമാനമാണ് പ്രതിപക്ഷം എടുത്തത്.ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചർച്ച നടക്കുമ്പോൾ, പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിന് പുറത്ത് ഉപരാഷ്ട്രപതിയെ മിമിക്രി ചെയ്യുകയായിരുന്നു', അമിത് ഷാ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ജഗ്ദീപ് ധന്‍കറെ അനുകരിച്ചതിനെക്കുറിച്ചായിരുന്നു അമിത് ഷായുടെ പരമാർശം. എംപിമാരെ സസ്പെൻറ് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ പടിക്കെട്ടിലിരുന്ന് പ്രതിഷേധിക്കുമ്പോഴായിരുന്നു ഇത്. സംഭവം ഫോണിൽ പകർത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ നടപടിയേയും ഷാ വിമർശിച്ചു.കോൺഗ്രസ് പോലൊരു പാർട്ടിയുടെ ഒരു പ്രമുഖ നേതാവ് ഇതിന്റെ വീഡിയോ എടുത്ത് കളിയാക്കുകയായിരുന്നു എന്നാണ് ഷാ വിമർശിച്ചത്.
'നിരവധി സർക്കാരുകൾ വന്നുപോയി, പക്ഷേ ഭരണഘടനാ പദവികളുടെ അന്തസ്സ് എല്ലായ്‌പ്പോഴും നിലനിർത്തിയിട്ടുണ്ട്.പാർലമെന്റിൽ പ്രസംഗിക്കുന്നവർ ഭരണഘടനാ പദവികളുടെ അന്തസ്സിനുനേരെയുള്ള അവരുടെ ആക്രമണം ആളുകൾ കാണുന്നുണ്ടെന്ന് മനസിലാക്കണം', ഷാ പറഞ്ഞു. അധികാരത്തിലായാലും പ്രതിപക്ഷത്തായാലും ബിജെപി ഒരിക്കലും ഭരണഘടനാ പദവിയിൽ ഇരിക്കുന്ന ഒരാളെ അനാദരിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രി അവകാശപ്പെട്ടു.
ഭാരതീയ ന്യായ സംഹിത (ബി എന്‍ എസ്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബി എന്‍ എസ്എസ്.), ഭാരതീയ സാക്ഷ്യ (ബി എസ്) എന്നീ നിയമങ്ങളായിരുന്നു സഭയിൽ പാസാക്കിയത്. 1860ലെ ഇന്ത്യന്‍ ശിക്ഷാനിയമവും (ഐപിസി), 1898ലെ ക്രിമിനല്‍ നടപടിച്ചട്ടവും (സിആര്‍പിസി), 1872ലെ ഇന്ത്യന്‍ തെളിവ് നിയമത്തിനും പകരമായിട്ടാണ് ബില്ലുകൾ അവതരിപ്പിച്ചത്. 143 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ‍് ചെയ്തതിന് പിന്നാലെ ശബ്ദ വോട്ടോടെയാണ് ബില്ലുകള്‍ ലോക്‌സഭയില്‍ പാസാക്കിയെടുത്തത്. നീതി വേഗം നടപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ ബില്ലുകളെന്ന് ചര്‍ച്ചയില്‍ മറുപടി പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.












Click it and Unblock the Notifications