ചന്നപട്ടണ ഉപതിരഞ്ഞെടുപ്പ്: എന്‍ഡിഎയില്‍ തർക്കം, തുനിഞ്ഞിറങ്ങി യോഗേശ്വര: സീറ്റ് പിടിക്കാനായി ഡികെ ശിവകുമാറും
മാണ്ഡ്യ: ജെ ഡി എസ് അധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി മാണ്ഡ്യ ലോക്സഭ മണ്ഡലത്തില്‍ നിന്നും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ചന്നപട്ടണ നിയമസഭ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയിരിക്കുകയാണ്. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ മത്സരിക്കാന്‍ എത്തിയേക്കുമെന്ന അഭ്യൂഹത്തോടെ ഇതിനോടകം തന്നെ ഉപതിരഞ്ഞെടുപ്പ് വാർത്തകളില്‍ ശ്രദ്ധേയമായ ഇടം പിടിച്ച് കഴിഞ്ഞു.
ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്ഥാനാർത്ഥി ചർച്ചകള്‍ ഇരുപക്ഷത്തും സജീവമാണ്. എന്‍ ഡി എ സഖ്യത്തില്‍ ജെ ഡി എസിന് സീറ്റ് ഉറപ്പാണെങ്കിലും സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി ബി ജെ പിയുമായി തർക്കം ഉടലെടുത്തുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ത്യന്‍ എക്സ്പ്രസ് പുറത്ത് വിടുന്നത്. ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച അവകാശവാദവുമായി ബി ജെ പി, എം എൽ സി സി പി യോഗേശ്വര കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. താനായിരിക്കും സഖ്യ സ്ഥാനാർത്ഥിയെന്ന യോഗീശ്വരന്റെ അവകാശവാദമാണ് മുന്നണിയില്‍ തർക്കമെന്ന സൂചനയിലേക്ക് എത്തി നില്‍ക്കുന്നത്.

യോഗേശ്വരയുടെ അവകാശവാദം
ചന്നപട്ടണയിൽ നിന്ന് അഞ്ച് തവണ എം എൽ എയായിട്ടുള്ള വ്യക്തിയാണ് യോഗേശ്വര. എന്നാൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കുമാരസ്വാമിയോട് പരാജയപ്പെട്ടു. ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമാരസ്വാമി വിജയിച്ചതോടെ തന്റെ പഴയ മണ്ഡലം സ്വന്തമാക്കാനുള്ള നീക്കം യോഗേശ്വര ശക്തമാക്കുകയായിരുന്നു.
ചന്നപട്ടണയിലെ തന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണയ്ക്കാൻ കുമാരസ്വാമിയെ താന്‍ സമീപിച്ചിരുന്നുവെന്ന് കഴിഞ്ഞ ആഴ്ച യോഗേശ്വര മാധ്യമപ്രവർത്തകരോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. "തിങ്കളാഴ്‌ച മുതൽ ഇരു പാർട്ടികളിലെയും നേതാക്കളെ കണ്ട് ഞാൻ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കും. ബൂത്ത് തിരിച്ചുള്ള ഒരു പ്രോഗ്രാമും ഞാന്‍ ചാർട്ട് ചെയ്തിട്ടുണ്ട്, "അദ്ദേഹം പറഞ്ഞു.
ആരാണ് യോഗേശ്വര
കോൺഗ്രസ് ഇതിനകം തന്നെ പരാജയം ഉറപ്പിക്കഴിഞ്ഞു. അതിനാൽ തന്നെ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കാൻ ഞങ്ങൾ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുൻ എം എൽ എ പറഞ്ഞു. അഭിനയ രംഗത്ത് നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയ യോഗീശ്വര 1999-ൽ സ്വതന്ത്രനായിട്ടാണ് ആദ്യമായി എം എല്‍ എയായി തിരഞ്ഞെടുക്കപ്പെടുന്നത്. അതിനുശേഷം അദ്ദേഹം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ തുടർച്ചയായി രണ്ട് തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
ഇടയ്ക്ക് അദ്ദേഹം ബിജെപിയിലേക്ക് മാറുകയും 2011-ൽ വീണ്ടും വിജയിക്കുകയും ചെയ്തു. പിന്നീട് ബി ജെ പിയും വിട്ട അദ്ദേഹം 2013-ൽ സമാജ്‌വാദി പാർട്ടി ടിക്കറ്റിലും ചന്നപട്ടണയില്‍ നിന്നും വീണ്ടും വിജയിച്ചു. വീണ്ടും ബി ജെ പിയിലേക്ക് മടങ്ങിയ അദ്ദേഹം 2018 ലും 2023 ലും ചന്നപട്ടണയില്‍ നിന്നും ജനവിധി നേടിയെങ്കിലും കുമാരസ്വാമിയോട് പരാജയപ്പെട്ടു. 2020 ജൂലൈയിലാണ് എംഎൽസിയായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.
കോണ്‍ഗ്രസ് നീക്കം
ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് പിടിച്ചെടുക്കാന്‍ കെ പി സി സി അധ്യക്ഷനും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ കഠിന ശ്രമം നടത്തുന്നതിനിടെയാണ് എന്‍ ഡി എയില്‍ തർക്കം ഉടലെടുത്തിരിക്കുന്നത്. പാർട്ടിയുടെ വിജയം ഉറപ്പിക്കുന്നതിനായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോൺഗ്രസ് നേതാവ് പലതവണ മണ്ഡലം സന്ദർശിച്ചു.












Click it and Unblock the Notifications