അരുണാചലിലേയും സിക്കിമിലെയും വോട്ടെണ്ണല്‍ തിയതികള്‍ മാറ്റി കമ്മീഷന്‍: പുതിയ തിയതി അറിയാം
അരുണാചൽ പ്രദേശിലെയും സിക്കിമിലെയും നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ തീയതി മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ജൂൺ 4 ന് നിശ്ചയിച്ചിരുന്ന വോട്ടെണ്ണല്‍ ജൂണ് 2 ലേക്ക് മാറ്റിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ഞായറാഴ്ച അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലേയും നിയമസഭകളുടെ കാലാവധി ജൂണ്‍ നാലിന് മുമ്പ് അവസാനിക്കുന്ന സാഹചര്യത്തിലാണ് വോട്ടെണ്ണല്‍ തിയതി മാറ്റിയത്.
രണ്ട് നിയമസഭകളുടെയും കാലാവധി ജൂൺ രണ്ടിന് അവസാനിക്കുമെന്നും ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 324, ആർട്ടിക്കിൾ 172(1), 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 15 എന്നിവ പ്രകാരം വോട്ടെടുപ്പ് നേരത്തെ നടത്തേണ്ടത് ആവശ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അതായത് ഭരണഘടന നിർദേശപ്രകാരം വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂർത്തിയാക്കേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കി.

'നിയമപ്രകാരം, ശനിയാഴ്ച പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പരിഷ്കരിക്കാനും വോട്ടെണ്ണൽ ദിവസം ജൂൺ 4 ല്‍ നിന്നും ജൂൺ 2 ലേക്ക് മാറ്റാനും തിരഞ്ഞെടുപ്പ് സമിതി തീരുമാനിച്ചു. തീയതി മാറ്റുന്നത് വോട്ടെണ്ണലിന് മാത്രമാണ്. അസംബ്ലി തിരഞ്ഞെടുപ്പിനും അരുണാചൽ പ്രദേശിലെയും സിക്കിമിലെയും പാർലമെൻ്റ് മണ്ഡലങ്ങളുടെ സമയക്രമത്തിൽ മാറ്റമില്ല.' കമ്മീഷന്‍ അറിയിച്ചു.
2019 ൽ ബി ജെ പി കൂറ്റൻ വിജയം സ്വന്തമാക്കിയ സംസ്ഥാനമാണ് അരുണാചല്‍ പ്രദേശ്. 57 ൽ 41 സീറ്റാണ് ബി ജെ പി നേടിയത്. ജെ ഡി യു ഏഴ് സീറ്റിലും എന്‍ പി പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലുമായിരുന്നു വിജയിച്ചത്. ലോക്സഭ തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റും എൻ ഡി എയ്ക്കായിരുന്നു ലഭിച്ചത്.
സിക്കിമിൽ ആകെയുള്ള 32 സീറ്റുകളിൽ 17ൽ എസ് കെ എം ആയിരുന്നു വിജയിച്ചത്. പവൻ കുമാർ ചാംലിങ്ങിന്റെ എസ് ഡി എഫിന് 15 സീറ്റാണ് നേടാനായത്. ലോക്സഭയിൽ എസ് കെ എം ആയിരുന്നു ആകെയുള്ള ഒരു സീറ്റിൽ വിജയിച്ചത്. പിന്നീട് എസ് ഡി എഫിലെ 14 അംഗങ്ങളും ബി ജെ പിയിലേക്ക് ചേക്കേറിയിരുന്നു. ഇത്തവണയും പ്രാദേശിക പാർട്ടികള്‍ തമ്മിലാണ് സിക്കിമിലെ പ്രധാന മത്സരം. എങ്കിലും ബി ജെ പിക്കും പ്രതീക്ഷകള്‍ ഏറെയാണ്.












Click it and Unblock the Notifications