
സാമ്പത്തിക വിദഗ്ധന്‍ അമിത് ഭാദൂരി പ്രൊഫസര്‍ എമിറേറ്റ്‌സ് സ്ഥാനം രാജിവെച്ചു
ദില്ലി: പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ അമിത് ഭാദൂരി ജെഎന്‍യുവിലെ പ്രൊഫസര്‍ എമിറേറ്റ്‌സ് സ്ഥാനം രാജിവെച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം ജഗദീശ് കുമാറിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് രാജി. സര്‍വകലാശാലയില്‍ നിലവില്‍ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ കൈകാര്യം ചെയ്ത രീതിയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തന്റെ രാജിയെന്ന് തുറന്ന കത്തില്‍ അമിത് അറിയിച്ചു. ജെഎന്‍യുവിലെ അധ്യാപകരും വിദ്യാര്‍ഥികളും ആശയങ്ങള്‍ തുറന്നു പറഞ്ഞത് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ സര്‍വകലാശാലയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം തകര്‍ക്കാനുള്ള പദ്ധതികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമിത് ഭാദൂരിയുടെ കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം:
പ്രിയപ്പെട്ട വൈസ് ചാന്‍സലര്‍,
സുഹൃത്തുക്കള്‍ വഴിയും ടെലിവിഷന്‍ ചാനലുകളിലൂടെയും ജെഎന്‍യുവില്‍ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധത്തെ കുറിച്ച് അറിഞ്ഞു. സര്‍വകലാശാലയുടെ ഭരണാധികാരിയെന്ന നിലയില്‍ നിലവിലെ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ താങ്കള്‍ പരാജയപ്പെട്ടു. 1973ലാണ് യുവ പ്രൊഫസറായി ഞാന്‍ സര്‍വകലാശാലയില്‍ ചേരുന്നത്. കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2001ല്‍ ആ സ്ഥാനം ഉപേക്ഷിച്ചു. ജെഎന്‍യുവില്‍ ജോലി ചെയ്ത വര്‍ഷങ്ങള്‍ക്കിടെ ന്യായീകരിക്കാവുന്നതും അല്ലാത്തതുമായ നിരവധി വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം സാഹചര്യങ്ങള്‍ അധികാരികള്‍ മികച്ച രീതിയിലും അല്ലാതെയും കൈകാര്യം ചെയ്തിട്ടുമുണ്ട്. അധ്യാപകരുടെ താല്കാലിക സമരം പോലും മികച്ച രീതിയില്‍ പരിഹരിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം വളരെ വ്യത്യസ്തമാണ്. നിലവിലെ പ്രതിഷേധം കൈകാര്യം ചെയ്യാന്‍ അധികാരികള്‍ക്കാകുന്നില്ല. സ്വതന്ത്രവും സജീവവുമായ സംവാദങ്ങളുടെ പശ്ചാത്തലത്തില്‍ അറിയപ്പെട്ടിരുന്ന ജെഎന്‍യുവിനെ തകര്‍ക്കാനുള്ള മനപ്പൂര്‍വ്വമായ ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
നിലവിലെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മറ്റെവിടെയും ഉയര്‍ന്നു വരാത്ത തരത്തിലുള്ള ആശയങ്ങള്‍ തുറന്നു കാട്ടിയെന്നത് സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിജയമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തരീക്ഷം നശിപ്പിക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണ്. ജെഎന്‍യു മേധാവിയെന്ന നിലയില്‍ താങ്കളും അതിന്റെ ഭാഗമാണെന്ന് ഞാന്‍ കരുതുന്നു. ഇടുങ്ങിയ ചിന്താഗതിയോടെയാണ് താങ്കള്‍ സര്‍വകലാശാലയില്‍ ഭരണം നടത്തുന്നത്. ഈ സാഹചര്യത്തില്‍ എനിക്ക് സാധിക്കുന്ന വിധത്തില്‍ ഞാന്‍ പ്രതിഷേധിക്കുകയാണ്. ജെഎന്‍യുവിലെ എമിറേറ്റ്‌സ് പ്രൊഫസര്‍ പദവി ഞാന്‍ ഉപേക്ഷിക്കുന്നു. സര്‍വകലാശാല എനിക്ക് നല്‍കിയ പദവി തിരിച്ച് നല്‍കുന്നതിന് കാരണം താങ്കളുടെ നേതൃത്വത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളിലുള്ള അഗാധമായ ആശങ്കയാണെന്ന് തിരിച്ചറിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇക്കാരണത്താലാണ് ഒരു തുറന്ന കത്ത് അയക്കാന്‍ താന്‍ നിര്‍ബന്ധിതനായത്.
അമിത് ഭാദുരി