ഹിസ്ബുള്‍ തലവന്റെ 13 വസ്തുവകകൾ എൻഫോർസ്മെന്റ് കണ്ടുകെട്ടി; 1.22 കോടി വില വരുന്ന വസ്തുവകകൾ...
ദില്ലി: ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവായ സയിദ് സലാഹുദ്ദീന്റെ 13 വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം തടയുന്നതിനുള്ള നിയമത്തിന് കീഴിലാണ് ഡയറക്ടറേറ്റിന്റെ നടപടി. കശ്മീരില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ സാന്നിദ്ധ്യമാണ് ഹിസ്ബുള്‍ വിഭാഗത്തിന്. ജമ്മുകശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായി ധനസഹായം ചെയ്യുന്നതും ഹിസ്ബുൾ വിഭാഗമാണ്.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്ത കേസിലാണ് ജമ്മു-കശ്മീരിലെ വസ്തുവകകള്‍ കണ്ടുകെട്ടിയിരിക്കുന്നത്. ഭീകരവാദ സംഘടനകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതായി ആരോപണമുള്ള ബന്ദിപൂര്‍ സ്വദേശിയായ മുഹമ്മദ് ഷാഫി ഷാ, ജമ്മുകശ്മീര്‍ സ്വദേശികളായ മറ്റ് ആറ് പേരുടെ വസ്തു വകകളും എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.
ഹിസ്ബുല്‍ മുജാഹിദീന്‍ തലവന്‍ സയിദ് സലാഹുദ്ദീന്‍ ആഗോള ഭീകരനെന്ന് യുഎസ്
നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത യുണൈറ്റഡ് ജിഹാദ് കൗണ്‍സില്‍ നേതാവു കൂടിയാണു സയിദ്. ഭീകരതയുടെ ഏകോപനത്തിനായി രൂപീകരിക്കപ്പെട്ട സംഘടനയാണിത്. കശ്മീരില്‍ ഇന്ത്യയ്‌ക്കെതിരെ പോരാട്ടം നയിക്കുന്ന പതിനഞ്ചോളം സംഘടനകളാണു കൗണ്‍സിലില്‍ അംഗങ്ങളായിട്ടുള്ളത്.