അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്; അഴിമതി തടയാന്‍ സി വിജില്‍ ആപ്പ് പുറത്തിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂദല്‍ഹി: വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അഴിമതി തടയാന്‍ സി -വിജില്‍ (cVIGIL) ആപ്ലിക്കേഷന്‍ ഉപയോഗിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതുവഴി ചട്ടലംഘനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം.

മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനം, പണവിതരണം, സൗജന്യങ്ങള്‍ എന്നിവ സംബന്ധിച്ച എന്തെങ്കിലും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വോട്ടര്‍മാര്‍ക്ക് ആപ്പ് ഉപയോഗിക്കാം. ഒരാള്‍ ആപ്പ് വഴി പരാതിപ്പെട്ടാല്‍ പരാതി ലഭിച്ച് 100 മിനിറ്റിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥര്‍ സംഭവം നടന്ന സ്ഥലത്ത് എത്തുമെന്നും സുശീല്‍ ചന്ദ്ര അവകാശപ്പെട്ടു.
ചട്ടലംഘനം ഫോട്ടോ എടുത്ത് ആപ്പില്‍ അപ്ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി -വിജില്‍ (cVIGIL) എന്നത് വിജിലന്റ് സിറ്റിസണിനെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പൗരന്മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. ഇതോടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.
ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ അഞ്ച് സംസ്ഥാനങ്ങളില്‍ പഞ്ചാബിലൊഴികെ ബാക്കി നാലിടത്തും ബി ജെ പിയാണ് അധികാരത്തില്‍. പഞ്ചാബ്, ഉത്തര്‍പ്രദേശ് ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 40 ലക്ഷം വരെ ചിലവഴിക്കാം. മണിപ്പൂര്‍, ഗോവ എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 28 ലക്ഷം രൂപ വരേയും ചെലവഴിക്കാം.
അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടര്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നത്. രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍
തിരഞ്ഞെടുപ്പ് നടത്തുക വലിയ വെല്ലുവിളിയാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാവും തിരഞ്ഞെടുപ്പ് നടക്കുക.
ജനുവരി 15 വരെ പദയാത്രകളോ റാലികളോ പാടില്ലെന്നും പരമാവധി പ്രചാരണം ഡിജിറ്റല്‍ മീഡിയത്തിലൂടെ ആകണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു.
215368 പോളിംഗ് സ്റ്റേഷനുകളാണ് ക്രമീകരിക്കുന്നത്. ഇതില്‍ 1620 പോളിംഗ് സ്റ്റേഷനുകളില്‍ വനിത ജീവനക്കാര്‍ മാത്രമായിരിക്കും ഉണ്ടാവുക. ഒരു പോളിംഗ് സ്റ്റേഷനില്‍ പരമാവധി 1250 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുക.
കൊവിഡ് സാഹചര്യമായതിനാല്‍ സ്ഥാനാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി പത്രിക സമര്‍പ്പിക്കാം. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളുടെ സൈറ്റില്‍ നല്‍കണം.












Click it and Unblock the Notifications