തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ രാജി വെച്ചു
ദില്ലി; തിരഞ്ഞെടുപ്പ് കമ്മീഷ്ണർ അശോക് ലവാസ രാജിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അടുത്ത തലവനാകേണ്ടിയിരുന്നയാളാണ് ലവാസ. ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കും. രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് രാജി സമർപ്പിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷനിൽ കാലാവധി പൂർത്തിയാക്കാൻ ലാവാസയ്ക്ക് ഇനിയും രണ്ട് വർഷങ്ങൾ ബാക്കിയുണ്ട്. 2022 ഒക്ടോബറിൽ ചീഫ് ഇലക്ഷൻ കമ്മീഷണറായി വിരമിക്കേണ്ടയാളായിരുന്നു അദ്ദേഹം. അതെസമയം രാഷ്ട്രപതി ഇദ്ദേഹത്തിന്റെ രാജി സ്വീകരിച്ചോയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ജൂലൈ 15 നാണ് എഡിബി ലാവാസയുടെ നിയമനം പ്രഖ്യാപിച്ചിരുന്നു. പൊതുനയത്തെക്കുറിച്ചും സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ചും പൊതു-സ്വകാര്യ പങ്കാളിത്തത്തിലും അടിസ്ഥാന സൗകര്യ വികസനത്തിലും അദ്ദേഹത്തിന് വിപുലമായ അനുഭവ സമ്പത്തുള്ളയാളാണ് ലവാസയെന്ന് എഡിബി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. നിലവില്‍ ദിവാകര്‍ ഗുപ്തയാണ് എഡിബിയുടെ വൈസ് പ്രസിഡന്റ്.
സ്വകാര്യമേഖലയുടെ പ്രവർത്തനങ്ങളുടെയും പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെയും ചുമതല ഇദ്ദേഹത്തിനായിരുനന്നു. ഓഗസ്റ്റ് 31 നാണ് ഗുപ്ത കാലാവധി പൂർത്തിയാക്കുന്നത്.. മൂന്ന് വർഷത്തേക്കാണ് ഉപാധ്യക്ഷനെ നിയമിക്കുന്നത്. ഇദ്ദേഹത്തിന്റെ കലാവധി പിന്നീട് 2 വർഷത്തേക്ക് നീട്ടാനും സാധ്യത ഉണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്ക് ക്ലീൻചിറ്റ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ ലവാസ രംഗത്തെത്തിയിരുന്നു. മോദിക്കും ഷായ്ക്കും ഉൾപ്പെടെ 11 പരാതികളില്‍ ആരോപണ വിധേയര്‍ക്ക് ക്ലീന്‍ ചിറ്റ് നൽകിയതിനെയായിരുന്നു ലവാസ ചോദ്യം ചെയ്തത്.
തിരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ ലവാസയുടെ കുടുംബാംഗങ്ങൾക്കെതിരെ ആദായനികുതി വകുപ്പ് നോട്ടീസയച്ചിരുന്നു. ലവാസയുടെ ഭാര്യ നോവെൽ സിംഘാൾ ലവാസ, സഹോദരി ശകുന്തള ലവാസ, മകൻ ആബിർ ലവാസ എന്നിവർക്കെതിരെയാണ് നടപടി തുടങ്ങിയത്. നൊവേല്‍ സ്വതന്ത്ര ഡയറക്ടറായുള്ള പത്തു കമ്പനികള്‍ നികുതിവെട്ടിപ്പ് നടത്തിയെന്ന് കാണിച്ചായിരുന്നു നോട്ടീസ് അയച്ചത്. ആബിർ ലവാസയുടെ സ്ഥാപനമായ നൂറിഷ് ഓർഗാനിക് ഫുഡ്സ് ലിമിറ്റഡിന്റെ അക്കൗണ്ട് പുസ്തകങ്ങളും ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായിരുന്നില്ല.
ലാവാസ 2018 ജനുവരി 23 നാണ് ലവാസ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായത് ഹരിയാന കേഡറിലെ (1980 ബാച്ച്) വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായി വിരമിച്ച അദ്ദേഹം പരിസ്ഥിതി സിവിൽ ഏവിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചരിത്രത്തൽ ഇത്തരം രാജികൾ കുറവാണ്. ലവാസയ്ക്ക് മുൻപ് 1973ല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായിരുന്ന നാഗേന്ദര്‍ സിങായുരുന്നു രാജിവെച്ച വ്യക്തി. അദ്ദേഹം അന്തര്‍ദ്ദേശീയ നീതിന്യായ കോടതിയില്‍ ജഡ്ജാകാനായിട്ടായിരുന്നു രാജിവെച്ചത്.