തുറന്ന പോരുമായി കോണ്‍ഗ്രസും ബിജെപിയും.... ഒപ്പം മോദിക്ക് തരൂരിന്റെ അച്ഛേദിന്‍ പരിഹാസവും!!
ദില്ലി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തുടക്കമിട്ടിരിക്കുകയാണ്. വമ്പന്‍ ആരോപണ പ്രത്യാരോപണങ്ങളുമായി പ്രചാരണവും തുടങ്ങിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഇന്ത്യയിലെ നികുതി ദായകര്‍ മോദിക്ക് ഒരു ലക്ഷം കോടി റാഫേല്‍ ഇടപാടിന്റെ പേരില്‍ നല്‍കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിന് കിടിലന്‍ മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരിക്കുന്നത്. ഒരു വലിയ പാര്‍ട്ടിക്ക് താന്‍ ബിസിനസുകാരുമായി കൂട്ടുകൂട്ടുന്നതില്‍ എന്താണിത്ര കലിപ്പെന്നായിരുന്നു മോദിയുടെ ചോദ്യം. ഒപ്പം ചില ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്.
അതേസമയം ഇതിന് പിന്നാലെ കോണ്‍ഗ്രസ് എംപി ശശി തരൂരും മോദിക്കെതിരെ വെടിപൊട്ടിച്ചിട്ടുണ്ട്. മോദിയുടെ അച്ഛേദിനിന് പ്രോഗസ്സ് റിപ്പോര്‍ട്ടുമായെത്തിയ തരൂര്‍ മോദിയുടെ നയങ്ങളെ പരിഹസിക്കുകയും ചെയ്തു. എന്തായാലും പ്രചാരണം കൊഴുത്തതോടെ വരുംദിവസങ്ങളില്‍ ആരോപണങ്ങളും ആഴവും വര്‍ധിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസിന്റെ അഴിമതിയെയും പ്രതിപക്ഷത്തെയുമായിരിക്കും മോദി പ്രധാനമായും ലക്ഷ്യമിടുക.

മിസ്റ്റര്‍ 56
ഇന്ത്യയില്‍ നികുതി അടയ്ക്കുന്നവരെല്ലാം റാഫേല്‍ ഇടപാടിന്റെ പേരില്‍ ഒരു ലക്ഷം കോടി മിസ്റ്റര്‍ 56ന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന. റാഫേല്‍ വിമാനങ്ങളുടെ ചെലവുകള്‍ അത്രയേറെ ഭീമമാണെന്നും രാഹുല്‍ ആരോപിച്ചു. പാകിസ്താനും ചൈനയുമായി ഇടപെടുമ്പോള്‍ മോദി എന്നാണ് തന്റെ യഥാര്‍ത്ഥ നെഞ്ചിന്റെ വലിപ്പം കാണിക്കുകയെന്ന് രാഹുല്‍ ചോദിച്ചു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറിനെ സഹായിക്കാനാണ് റാഫേല്‍ ഇടപാടെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി രാഹുല്‍ പറഞ്ഞു.

വ്യവസായികള്‍ക്കൊപ്പം തന്നെ
വ്യവസായികള്‍ക്കൊപ്പം നില്‍ക്കുന്നതിന് ചിലര്‍ക്കെന്തോ പ്രശ്‌നമുണ്ടെന്ന് തോന്നുന്നു. കര്‍ഷകരെ പോലെ തന്നെ വേണ്ടപ്പെട്ടവരാണ് വ്യാപാരികള്‍. മഹാത്മാ ഗാന്ധി പോലും അവര്‍ക്കൊപ്പം നിന്നിട്ടുണ്ട്. ബിര്‍ള കുടുംബവും ഗാന്ധിയുമായുള്ള സഹകരണം ചൂണ്ടിക്കാട്ടി മോദി വ്യക്തമാക്കി. അതുകൊണ്ട് വലിയ ബിസിനസ് ഗ്രൂപ്പുകളുമായി ഇടപഴകുന്നതിലോ ബന്ധപ്പെടുന്നതിലോ യാതൊരു തെറ്റുമില്ല. ഞാന്‍ അതിനെ കുറിച്ച് ഭയപ്പെടുന്നില്ല. എന്റെ ആശയം കൃത്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

എല്ലാവരും കുടുങ്ങും
രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നവരാണ് വ്യാപാരികള്‍. എന്റെ പേരില്‍ അഴിമതി കേസുകള്‍ ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ അവര്‍ നിരാശപ്പെടേണ്ടി വരും. കാരണം അവര്‍ക്കെതിരെ പുതിയ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്നും മോദി മുന്നറിയിപ്പ് നല്‍കി. ഞാന്‍ ഈ രാജ്യം ഭരിക്കാന്‍ തുടങ്ങിയിട്ട് വെറും നാല് വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. എന്നാല്‍ എനിക്കെതിരെ ആരോപണമുന്നയിക്കുന്നവര്‍ 70 വര്‍ഷം ഈ രാജ്യത്തെ ഭരിച്ച് നശിപ്പിച്ചെന്നും മോദി കുറ്റപ്പെടുത്തി.

അവര്‍ പിന്നണിയില്‍ കളിക്കുന്നു
ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. അതുകൊണ്ട് ഭയമില്ല. പക്ഷേ എനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ അങ്ങനെയല്ല. അവര്‍ എല്ലാം പിന്നണിയില്‍ നിന്നാണ് കളിക്കുന്നത്. രഹസ്യമായിട്ടാണ് നീക്കങ്ങള്‍. നിങ്ങളൊരിക്കലും വലിയ സംരംഭകര്‍ക്കൊപ്പം അവരുടെ ചിത്രങ്ങള്‍ കാണില്ല. വേറൊന്നുമല്ല. രാജ്യത്ത് അവരുമായി ഇടപഴകാത്ത ഒരു ബിസിനസുകാരന്‍ പോല്ലുമില്ലെന്നും മോദി ആരോപിച്ചു. ഇത് അവര്‍ അഴിമതിക്കാരായത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

യാതൊരു നേട്ടങ്ങളുമില്ല
ബിജെപിയുടെ അച്ഛേദിന്‍ വെറും തമാശയാണെന്ന് ശശി തരൂര്‍ ആരോപിച്ചു. രാഹുലിന്റെയും മോദിയുടെയും വാഗ്വാദങ്ങള്‍ക്ക് പിന്നാലെയാണ് തരൂര്‍ വെടിപൊട്ടിച്ചത്. ബിജെപിക്ക് ഭരണ നേട്ടങ്ങളൊന്നും പറയാനില്ല. അവര്‍ക്ക് സമൂഹത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ മാത്രമാണ് അറിയുക. വിദേശ നയത്തില്‍ ഏറ്റവും പരാജയമാണ് മോദി സര്‍ക്കാര്‍. ഇത് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. പല പദ്ധതികളും മുദ്രാവാക്യങ്ങളോ പ്രചാരണമോ മാത്രമായി ഒതുങ്ങി പോയെന്നും തരൂര്‍ ആരോപിച്ചു.

വെറുതെ വിവാദങ്ങളുണ്ടാക്കി
ഹിന്ദു പാകിസ്താന്‍ എന്ന വാദം ഞാന്‍ പറഞ്ഞിട്ടില്ല. ഇന്ത്യ ഒരിക്കലും അങ്ങനെയാണെന്ന് പറഞ്ഞിട്ടുമില്ല. ബിജെപി വിജയിക്കുകയാണെങ്കില്‍, പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷമുണ്ടെങ്കിലും അവരുടെ പ്രഖ്യാപിത നയമായ ഹിന്ദുരാഷ്ട്രം സ്ഥാപിക്കുമെന്നായിരുന്നു ഞാന്‍ പറഞ്ഞത്. ഇത് പാകിസ്താന്‍ എന്നതിനോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. എന്നാല്‍ ബിജെപി ഇതിനെ ഹിന്ദു പാകിസ്താന്‍ എന്ന രീതിയിലേക്ക് മാറ്റുകയായിരുന്നുവെന്നും തരൂര്‍ പറഞ്ഞു.












Click it and Unblock the Notifications