ലഹരിക്കെതിരെ പാര്‍ലമെന്റില്‍ ഇടി മുഹമ്മദ് ബഷീര്‍; കേരള സര്‍ക്കാരിന് വിമര്‍ശനം
ന്യൂഡല്‍ഹി: മദ്യം, മയക്കുമരുന്ന് എന്നിവക്കെതിരെയുള്ള ഏത് നീക്കത്തെയും വിശുദ്ധയുദ്ധമായി എടുക്കണമെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീര്‍. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണിതെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ കുറഞ്ഞ അളവ് നിര്‍വചിച്ചതിലെ അപാകത ഇടി ചൂണ്ടിക്കാട്ടി.

ഇത് സംബന്ധിച്ച നിയമത്തിന് അടിസ്ഥാനപരമായി ഭേദഗതി വേണ്ടതുണ്ട്. എന്‍ടിപിഎസ് ആക്ടില്‍ വരുത്തിയ ഭേദഗതി പ്രകാരം മയക്കുമരുന്നിന്റെ ചെറിയ അളവ് പുനര്‍ നിര്‍വച്ചിട്ടുണ്ട്. നേരത്തെ കഞ്ചാവിന് 500 ഗ്രാം എന്നുള്ളത് ആയിരം ഗ്രാമാക്കി ഉയര്‍ത്തി. കറുപ്പിനും ഹാഷിഷിനും 5 ഗ്രാം ഉണ്ടായിരുന്നത് പിന്നീട് യഥാക്രമം 25 ഉം 100 ഉം ആക്കി. കൊക്കായിന്‍ 1.25 ഗ്രാം ഉണ്ടായിരുന്നത് 2 ഗ്രാം ആക്കി മാറ്റി.
ചെറിയ അളവ് കൂട്ടിയാല്‍ ഉണ്ടാകുന്നത് കുറ്റവാളികള്‍ക്ക് സൗകര്യമാണ്. വലിയ കുറ്റം ചെയ്താല്‍ പോലും അവര്‍ക്ക് രക്ഷപ്പെടാം. നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാനുള്ള പഴുതും ലഭിക്കുന്നു. ഇന്ത്യയുടെ നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കേണ്ട പാര്‍ലമെന്റ് ഇത് സംബന്ധിച്ച നിയമങ്ങളുടെ പഴുതുകള്‍ കണ്ടെത്തി പരിഹാരം കണ്ടില്ലെങ്കില്‍ ചരിത്രം നമ്മെ കുറ്റവാളികള്‍ എന്ന് രേഖപ്പെടുത്തുമെന്നും ഇടി ഓര്‍മിപ്പിച്ചു.
ഒരു സ്ത്രീയുടെ ഏറ്റവും സുരക്ഷിതമായ ഇടം അവരുടെ വീടാണ്. എന്നാല്‍ അവര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക പീഡനങ്ങളാണ്. ഇതിന്റെ പിന്നിലുള്ളത് മദ്യവും മയക്കുമരുന്നും തന്നെ. ആരോഗ്യ രംഗത്തെ കണക്കുകളും അമ്പരപ്പിക്കുന്നതാണ്. ക്യാന്‍സര്‍, കരള്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്‌രോഗങ്ങള്‍ ഇവയെല്ലാം കൂടി വരുന്നു. ഇവയില്‍ പലതിന്റെയും പിന്നില്‍ ലഹരി ഉപയോഗങ്ങളാണ്. മയക്കുമരുന്ന് മാഫിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വല വീശുകയാണ്. നമ്മുടെ പുത്തന്‍ തലമുറ ഇഞ്ചിഞ്ചായി തകരുന്നു.
ലഹരിക്കെതിരെ രാജ്യ മനസ്സാക്ഷി ഉയരണം. മദ്യത്തിന്റെ വിപുലീകരണത്തിന് ഉദാരമായ പ്രോത്സാഹനം കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. സ്‌കൂളുകളായാലും ക്ഷേത്രവും ചര്‍ച്ചും പള്ളിയും ആയാലും അതിനരികില്‍ മദ്യം എത്തിക്കാന്‍ ഒരു തടസ്സുവുമില്ല. പുരോഗമനത്തിന്റെ പേരില്‍ പ്രതിലോമകരമായ കാര്യങ്ങള്‍ ചെയ്യുകയാണ് കേരള സര്‍ക്കാരെന്നും ഇടി ആരോപിച്ചു.












Click it and Unblock the Notifications