exit poll 2024;ഹരിയാനയിൽ കെജ്രിവാൾ നേരിട്ടെത്തിയിട്ടും രക്ഷയില്ല; എഎപി നിലംതൊടില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ
ഹരിയാനയിൽ മുന്നേറ്റം ഉണ്ടാക്കാമെന്ന ആം ആദ്മി മോഹങ്ങൾ ഇത്തവണയും തകർന്നടിയുമെന്ന് എക്സിറ്റോ പോൾ ഫലങ്ങൾ. ഒരു സീറ്റ് പോലും സംസ്ഥാനത്ത് ആം ആദ്മിക്ക് സർവ്വെകൾ പ്രവചിക്കുന്നില്ലെന്നതാണ് ശ്രദ്ധേയം. മദ്യനയക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അടക്കം നേരിട്ടെത്തി ഹരിയാനയിൽ പ്രചരണം നടത്തിയിരുന്നു. എന്നാൽ അതൊന്നും ഫലം കാണില്ലെന്നാണ് സർവ്വെ ഫലങ്ങൾ സൂചിപ്പിക്കുന്നു.
2014 ലെ ലോക്സഭ തിരഞ്ഞെടുപ്പ് മുതൽ ആം ആദ്മി ഹരിയാനയിൽ മത്സരിക്കുന്നുണ്ട്. ആദ്യ തിരഞ്ഞെടുപ്പിൽ 10 സീറ്റിലായിരുന്നു പാർട്ടി മത്സരിച്ചത്. എന്നാൽ സ്ഥാനാർത്ഥികൾക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായിരുന്നു. വെറും 4. 2 ശതമാനം വോട്ടാണ് പാർട്ടിക്ക് ആകെ നേടാൻ സാധിച്ചത്. 2019 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 46 സീറ്റിൽ എ എ പി മത്സരിച്ചിരുന്നു. എന്നാൽ ഒരു ശതമാനം വോട്ട് വിഹിതം മാത്രമായിരുന്നു പാർട്ടിക്ക് ലഭിച്ചത്. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിൽ കുരുക്ഷേത്ര മണ്ഡലത്തിൽ ആം ആദ്മി മത്സരിച്ചിരുന്നുവെങ്കിലും പരാജയം രുചിച്ചു.

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിലും കോൺഗ്രസുമായി സഖ്യത്തിൽ മത്സരിക്കാനായിരുന്നു തുടക്കത്തിൽ ആം ആദ്മിയിലെ ചർച്ചകൾ. സഖ്യം വേണമെന്ന താത്പര്യം ഇരുപാർട്ടികളുടേയും ദേശീയ നേതൃത്വങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് ചർച്ചകളും ആരംഭിച്ചിരുന്നു. എന്നാൽ കടുത്ത എതിർപ്പായിരുന്നു സംസ്ഥാന നേതൃത്വങ്ങൾ ഉയർത്തിയത്. സീറ്റ് വിഭജനവും കല്ലുകടിയായി. 25 സീറ്റുകൾ വരെയായിരുന്നു ആം ആദ്മി ആവശ്യപ്പെട്ടത്. എന്നാൽ 6 സീറ്റുകളിൽ കൂടുതൽ നൽകാനാവില്ലെന്ന് നിലപാടിലായുരുന്നു സംസ്ഥാന നേതൃത്വം. ഇതോടെയാണ് സഖ്യം ചർച്ചകൾ അവസാനിച്ചത്. തുടർന്ന് ആം ആദ്മി തനിച്ച് മത്സരിക്കുകയായിരുന്നു. എന്നാൽ ഇത്തവണയും പാർട്ടിയുടെ മോഹങ്ങൾ അസ്ഥാനത്താകുമെന്നാണ് സർവ്വേകൾ പറയുന്നത്.
അതേസമയം സംസ്ഥാനത്ത് ഇത്തവണ കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് എക്സിറ്റ് പോൾ സർവ്വേകൾ പ്രവചിക്കുന്നത്. കോൺഗ്രസിന് 64 സീറ്റുകൾ വരെയാണ് ചില സർവ്വേകൾ പ്രവചിക്കുന്നത്. ബി ജെ പി കനത്ത തിരിച്ചടി നേരിടുമെന്നും സർവ്വെകൾ പറയുന്നു. വെറും 26 സീറ്റുകളിലേക്ക് ബിജെപി ഒതുങ്ങുമെന്നാണ് ചില സർവ്വെകളിലെ പ്രവചനങ്ങൾ. അതേസമയം ദുഷ്യന്ത് ചൗട്ടാലയുടെ ജെ ജെ പിക്കും കനത്ത പരാജയമാണ് സർവ്വെകൾ പ്രചിക്കുന്നത്.












Click it and Unblock the Notifications