അഞ്ചാമതും പെണ്‍കുട്ടി, യുവാവ് ഭാര്യയെ കുത്തിക്കൊന്നു
കോലാപൂര്‍: അഞ്ച് പെണ്‍മക്കളുടെ പിതാവായ 40 കാരന്‍ ഭാര്യയെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയിലെ മംഗല്‍വേധ താലൂക്കിലാണ് സംഭവം. ബൈജാരോ വാഗ്മാരെ എന്ന 40 കാരനാണ് ഭാര്യ റാണിയെ വീട്ടില്‍ വെച്ച് കുത്തിക്കൊന്നത്. ആണ്‍കുട്ടിക്ക് വേണ്ടിയുള്ള തന്റെ ആഗ്രഹം സാധിക്കാതിരുന്നതിന്റെ ഇച്ഛാഭംഗമാണ് ഭാര്യയെ കുത്തിക്കൊല്ലുന്നതിലേക്ക് നയിച്ചതെന്ന് ഇയാള്‍ പിന്നീട് പോലീസില്‍ സമ്മതിച്ചു.
മംഗല്‍വേധയിലെ ബൊറാലെയില്‍ വാഗ്മാരെയ്ക്ക് 11 ഏക്കര്‍ പുരയിടമുണ്ട്. പുരയിടത്തിന് നടുവിലെ രണ്ട് നില വീട്ടിലാണ് ഇയാളും ഭാര്യ റാണിയും അഞ്ച് മക്കളും താമസിക്കുന്നത്. ഇവരുടെ ആദ്യത്തെ അഞ്ച് മക്കളും പെണ്‍കുട്ടികളായിരുന്നു. തങ്ങളുടെ മകള്‍ വീണ്ടും ഗര്‍ഭിണിയായിരുന്നു എന്നും ഇതേച്ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും റാണിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു.

ആണ്‍കുട്ടിയില്ല എന്ന് പറഞ്ഞ് ഏതാനും വര്‍ഷങ്ങളായി വാഗ്മാരെ തന്റെ സഹോദരി റാണിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് ഇയാള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു. റാണിയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധവും റാണിയുടെ ചോര പുരണ്ട വസ്ത്രങ്ങളും പോലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. തലയിലും ദേഹത്തും ഏറ്റ മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നാണ് റാണി മരിച്ചത് - പോലീസ് പറഞ്ഞു.
രണ്ട് പെണ്‍മക്കളോടൊപ്പം മുകളിലെ നിലയിലാണ് വാഗ്മാരെയും റാണിയും ഉറങ്ങാന്‍ കിടന്നത്. രാത്രി മൂന്നര മണിയോടെ അമ്മയുടെ ശരീരത്തില്‍ നിന്നും രക്തം ഒലിക്കുന്നത് കണ്ട മക്കള്‍ താഴെയിറങ്ങി മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ചെല്ലുമ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്ന ഭാര്യയ്ക്കരികില്‍ ഇരിക്കുകയായിരുന്നു വാഗ്മാരെ - മംഗല്‍വേധ ഇന്ഡസ്‌പെക്ടര്‍ ദിലീപ് പാട്ടീല്‍ പറഞ്ഞു.












Click it and Unblock the Notifications