പിതാവിന്റെ പീഡനം സഹിക്കാനാകുന്നില്ല; വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ബീഹാർ പെൺകുട്ടി
പാട്ന; ബീഹാറിൽ സ്വന്തം അച്ഛൻ തന്നെ ബലാൽസംഘം ചെയ്തു എന്ന പരാതിയുമായി പെൺകുട്ടി രം ഗത്ത്. അച്ഛൻ തന്നെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും പെൺകുട്ടി സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വിട്ടു. ഈ വീഡിയോ വൈറലായതിനെ തുടർന്ന് തൊഴിൽ അധ്യാപകനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാറിലെ സമസ്തിപൂർ ജില്ലയിലെ റോസെര എന്ന പ്രദേശത്താണ് ദാരുണമായ ഈ സംഭവം നടന്നത്.
പതിനെട്ട് വയസ് മാത്രമാണ് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രായം. അമ്പതുകാരനായ പിതാവ് തന്നെ നിരവധി തവണ ബലാൽസംഘം ചെയ്തെന്നും ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പറയുന്നു. ഇയാളുടെ പീഡനം സഹിക്കാതെ വന്നപ്പോഴാണ് തന്റെ പിതാവിനെ തുറന്നുകാട്ടാൻ ഒളിക്യാമറ ഉപയോഗിച്ച് ആക്രമണത്തിന്റെ വീഡിയോ പെൺകുട്ടി പകർത്തിയത്. പിന്നീട് നീതി തേടി ഇവൾ ഈ വീഡിയോ സോഷ്യൽ മീഡിയകൾ വഴി പുറത്ത് വിടുകയായിരുന്നു. തുടർന്ന് ഈ വീഡിയോ വൈറൽ ആകുകയും അധികൃതർ ഈ പിതാവിനെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

കുറ്റാരോപിതനായ പിതാവിനെ അറസ്റ്റ് ചെയ്തതായി റോസെറ സബ്ഡിവിഷൻ ഡിഎസ്പി സഹിയാർ അക്തർ പറഞ്ഞു. "വൈറൽ വീഡിയോയിൽ പെൺകുട്ടിയെ ആക്രമിക്കുന്നത് കണ്ട പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നിയമനടപടികൾ സ്വീകരിച്ചുവരികയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റ് പ്രതികളെ കണ്ടെത്തുകയാണ്. റെയ്ഡുകളും നടക്കുന്നുണ്ട്," ഡിഎസ്പി സഹിയാർ അക്തർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ കൂടുതൽ പേർ ഉണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇതിനായി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തെ ഇരയുടെ അമ്മ എതിർത്തിരുന്നില്ലെന്നും സംഭവത്തിൽ മൗനം പാലിക്കാൻ അമ്മാവൻ സമ്മർദ്ദം ചെലുത്തിയിരുന്നതായും ആരോപണമുണ്ട്.
ഇതേക്കുറിച്ച് അമ്മയോട് പരാതി പറഞ്ഞാൽ പെൺകുട്ടിയെ തന്നെ അമ്മ കുറ്റപ്പെടുത്താൻ തുടങ്ങും. അച്ഛന്റെ വൃത്തികെട്ട ചേഷ്ടകൾ കണ്ട് മടുത്തപ്പോഴാണ് അതിന്റെ വീഡിയോ എടുത്തെന്ന് ഇര പറഞ്ഞു. നേരത്തെ പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുക്കാൻ തയ്യാറായിരുന്നില്ല ഇതേ തുടർന്നാണ് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് എന്നും പെൺകുട്ടി പറഞ്ഞു. അതേ സമയം ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലും പിതാവ് മകളെ പീഡിപ്പിക്കുന്നതായി ഒരു വാർത്ത ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത മകളെ പതിനഞ്ചോളം ദിവസം ബലാൽസംഘം ചെയ്ത ഈ പിതാവ് നിലവിൽ ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications