തെലങ്കാനയില്‍ ഇത്തവണ ബിജെപി നിലം തൊടില്ല, സംപൂജ്യർ: കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമെന്നും സർവ്വെ
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പില്‍ എട്ട് സീറ്റുകള്‍ നേടിയെങ്കിലും തെലങ്കാനയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ ബി ജെ പിക്ക് ഇതിലും വലിയ തിരിച്ചടിയാകും നേരിടാന്‍ പോകുന്നതെന്നായിരിക്കും ചില സർവ്വേകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കിയേക്കും.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയില്‍ 4 സീറ്റുകൾ നേടി വിസ്മയം സൃഷ്ടിച്ച ബി ജെ പി 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടില്ലെന്നാണ് സർവ്വേ പറയുന്നത്. സംസ്ഥാനത്ത് ആകേയുള്ള 17 സീറ്റിൽ 13 സീറ്റും ഭരണകക്ഷിയായ കോൺഗ്രസ് നേടുമെന്ന് ഫെഡറൽ-പുതിയതലൈമുറൈ-ആപ്റ്റ് 2024 പ്രീ-പോൾ സർവേ പ്രവചിക്കുന്നു. ബാക്കിയുള്ള നാലെണ്ണം പ്രതിപക്ഷമായ ബി ആർ എസും വിജയിച്ചേക്കും.

വോട്ട് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ, 2019 ലെ 29.79 ശതമാനത്തിൽ നിന്ന് 42.50 ശതമാനവുമായി കോൺഗ്രസ് വലിയ മുന്നേറ്റം നടത്തും. അതേസമയം, ബി ആർ എസിൻ്റെ വിഹിതം 44.52 ശതമാനത്തിൽ നിന്ന് 32.62 ശതമാനമായി കുറയും. ഏറ്റവും പ്രധാനമായി, ബി ജെ പിയുടെ വോട്ട് വിഹിതം 19.65 ശതമാനത്തിൽ നിന്ന് 16.78 ശതമാനമായി ഇടിയുമെന്നും സർവേ അവകാശപ്പെടുന്നു.
2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 119 അംഗ നിയമസഭയിൽ 64 സീറ്റുകളിൽ കോൺഗ്രസ് വിജയിക്കുകയും സഖ്യകക്ഷിയായ സി പി ഐ ഒരു സീറ്റ് നേടുകയും ചെയ്തു. ബി ആർ എസ് 39 സീറ്റുകൾ നേടിയപ്പോൾ ബി ജെ പി 8 സീറ്റുകൾ മാത്രം നേടി മൂന്നാം സ്ഥാനത്തായി. 9 സീറ്റില്‍ മത്സരിച്ച അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എം 7 സീറ്റുകളിലും വിജയിച്ചു.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബി ആർ എസ് 9 സീറ്റുകളായിരുന്നു നേടിയത്. ബി ജെ പി നാല് സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 3 സീറ്റ് മാത്രമായിരുന്നു. എ ഐ എം ഐ എം ഒരു സീറ്റും നേടി. എന്നാല്‍ ഇത്തവണ എ ഐ എം ഐ എമ്മിന് ഏക സീറ്റും നഷ്ടമായേക്കുമെന്നാണ് സർവ്വേ പ്രവചനം.
അതേസമയം ആന്ധ്രയിൽ ബി ജെ പി ഒരു സീറ്റ് നേടുമെന്നാണ് പ്രവചനം. ഭരണകക്ഷിയായ വൈ എസ് ആർ സി പിയുടെ പ്രകടനം 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ 22 സീറ്റില്‍ നിന്നും 13 ആയി കുറഞ്ഞേക്കും. മറുവശത്ത് ടി ഡി പിയുടെ പ്രാതിനിധ്യം 3ൽ നിന്ന് 11 ആയി ഉയരുമെന്നാണ് സൂചന. വോട്ട് വിഹിതത്തിൻ്റെ അടിസ്ഥാനത്തിൽ, വൈ എസ് ആർ സി പി 32.81 ശതമാനവും ടി ഡി പി 31.49 ശതമാനവും ബി ജെ പി 11.70 ശതമാനവും കോൺഗ്രസിന് 5.72 ശതമാനവും ലീഡ് ചെയ്യുമെന്നാണ് പ്രവചനം.












Click it and Unblock the Notifications