ദയവ് ചെയ്ത് കുറ്റകൃത്യങ്ങള്‍ 15 ദിവസത്തേക്ക് നിര്‍ത്തണം, ബീഹാര്‍ ഉപമുഖ്യമന്ത്രിയുടെ അപേക്ഷ വൈറല്‍!
പട്‌ന: ബീഹാര്‍ ഉപമുഖ്യമന്ത്രിയും ബിജെപിയുടെ പ്രമുഖ നേതാവുമായി സുശീല്‍ കുമാര്‍ മോദിയുടെ അപേക്ഷ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംസ്ഥാനത്തെ ക്രിമിനലുകള്‍ ദയവ് ചെയ്ത് അടങ്ങിയിരിക്കണം. പത്ത് പതിനഞ്ച് ദിവസത്തേക്ക് പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കരുതെന്നായിരുന്നു സുശീല്‍ കുമാര്‍ മോദിയുടെ അപേക്ഷ. ഹിന്ദുക്കള്‍ പൂര്‍വികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന പിത്ര് പക്ഷ ചടങ്ങിനിടെയാണ് മന്ത്രിയുടെ വിവാദമായ പ്രസ്താവന ഉണ്ടായത്. ഈ പരിപാടി രണ്ടാഴ്ച്ച നീണ്ടുനില്‍ക്കുന്ന കാലയളവായത് കൊണ്ടാണ് മന്ത്രി ഇത്തരത്തില്‍ പറഞ്ഞതെന്നാണ് വിശദീകരണം.

ഞാന്‍ കൈകൂപ്പ് അപേക്ഷിക്കുകയാണ്. അടുത്ത 15 ദിവസത്തേക്ക് കുറ്റകൃത്യങ്ങളൊന്നും ചെയ്യരുതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഞങ്ങള്‍ എന്ത് അപേക്ഷിച്ചാലും കുറ്റവാളികള്‍ അവരുടെ സ്ഥിരം രീതി തന്നെ തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം സംസ്ഥാനത്ത് ക്രമസമാധാനം സംരക്ഷിക്കുന്നവര്‍ തന്നെ കുറ്റവാളികളോട് അപേക്ഷിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. സ്വന്തം നേതാക്കളോട് ഇക്കാര്യം പറഞ്ഞാല്‍ കുറ്റകൃത്യം തനിയെ കുറഞ്ഞോളുമെന്ന പരിഹാസവും ഉണ്ട്.
അതേസമയം ഉത്സവ സീസണ്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് കൊള്ളയോ കൊലയോ നടത്താനുള്ള ലൈസന്‍സാണ് ഉപമുഖ്യമന്ത്രി നേരിട്ട് തന്നിരിക്കുന്നതെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പരിഹസിച്ചു. നേരത്തെ തന്നെ ബീഹാറില്‍ നിതീഷിന്റെ ഭരണത്തില്‍ അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന് പരാതിയുണ്ട്. കഴിഞ്ഞ ദിവസം മുന്‍ മേയറായിരുന്ന വ്യക്തിയെ അജ്ഞാത സംഘം വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സംസ്ഥാനത്ത് കാട്ടുനീതിയാണ് ഉള്ളതെന്ന് ആര്‍ജെഡി ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications