ബംഗാളില്‍ മമത വീണ്ടും തിരഞ്ഞെടുപ്പിന്; തൊട്ടുപിന്നാലെ ബിജെപിക്ക് ഉഗ്രന്‍ പണി, എംഎല്‍എ രാജിവച്ചു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി മല്‍സരിക്കും. നേരത്തെ നന്ദിഗ്രാം മണ്ഡലത്തില്‍ മമത മല്‍സരിച്ചിരുന്നെങ്കിലും വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തോറ്റിരുന്നു. ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തൊട്ടുപിന്നാലെ ഒരു ബിജെപി എംഎല്‍എ കൂടി ബംഗാളില്‍ രാജിവച്ചു. ഇതോടെ നാലാഴ്ചയ്ക്കിടെ നാല് എംഎല്‍എമാരെ ബിജെപിക്ക് നഷ്ടമായി.
മമത വലിയ ആത്മവിശ്വാസത്തിലാണെങ്കിലും ശക്തമായ പ്രചാരണത്തിന് ഒരുങ്ങുകയാണ് ബിജെപി. കൂടുതല്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് അവര്‍ കോടതിയെ സമീപ്പിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ബബാനിപൂര്‍, സംശീര്‍ഗഞ്ച്, ജാങ്കിപൂര്‍ എന്നീ മണ്ഡലങ്ങളിലാണ് പോളിങ്. മമത ബാനര്‍ജിയുടെ തട്ടകമാണ് ബബാനിപൂര്‍. സപ്തംബര്‍ 30നാണ് പോളിങ്. ഒക്ടോബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും. ഒഡീഷയിലെ പിപ്ലി മണ്ഡലത്തിലും ഇതേ ദിവസം ഉപതിരഞ്ഞെടുപ്പ് നടക്കും.

ബബാനിപൂര്‍ മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഷോവന്‍ദേവ് ഛത്തോബാധ്യായയെ ഏല്‍പ്പിച്ചാണ് മമത ഇത്തവണ നന്ദിഗ്രാമില്‍ മല്‍സരിക്കാന്‍ പോയത്. തൃണമൂലില്‍ നിന്ന രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചായിരുന്നു ഇത്. ധൈര്യമുണ്ടെങ്കില്‍ നന്ദിഗ്രാമില്‍ ജയിച്ച് കാണിക്ക് എന്നായിരുന്നു സുവേന്ദു അധികാരിയുടെയും ബിജെപിയുടെയും വെല്ലുവിളി.

നന്ദിഗ്രാമില്‍ 3000ത്തോളം വോട്ടിന് മമത തോറ്റു. അതേസമയം, ബബാനിപൂരില്‍ ഷോവന്‍ദേവ് ഛത്തോപാധ്യായ മികച്ച വിജയം നേടുകയും ചെയ്തു. എന്നാല്‍ മമതയ്ക്ക് വീണ്ടും മല്‍സരിക്കാന്‍ വേണ്ടി അദ്ദേഹം രാജിവച്ചു. മുഖ്യമന്ത്രിയായി മമത സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ ജയിക്കേണ്ടത് അനിവാര്യമായിരുന്നു. തുടര്‍ന്നാണ് ബബാനിപൂരില്‍ വീണ്ടും മമത എത്തുന്നത്.
പുതുപുത്തന്‍ മേക്കോവറില്‍ നവ്യ നായര്‍; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

ബബാനിപൂര്‍ മമതയുടെ തട്ടകമായതുകൊണ്ടുതന്നെ അവര്‍ക്ക് പരാജയ ഭീതിയില്ല. എങ്കിലും ബിജെപി ശക്തമായ പ്രചാരണത്തിന് ഒരുങ്ങുന്നു എന്നാണ് വിവരം. ഇവിടെ കോണ്‍ഗ്രസ്-സിപിഎം സഖ്യം മല്‍സരിക്കില്ലെന്നാണ് സൂചന. മമതയ്‌ക്കെതിരെ മല്‍സരിക്കേണ്ടതില്ല എന്ന് സഖ്യത്തിലെ ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണത്തോടെയാണ് പ്രചാരണം നടക്കുക എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

രാജ്യത്ത് 32 നിയമസഭാ മണ്ഡലങ്ങളും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടെയെല്ലാം ഘട്ടങ്ങളായി വൈകാതെ തിരഞ്ഞെടുപ്പ് നടക്കും. അതേസമയം, കൂടുതല്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി നിയമനടപടിക്ക് ഒരുങ്ങി എന്നാണ് മറ്റൊരു വിവരം. വോട്ടെടുപ്പില്‍ അട്ടിമറി നടന്നുവെന്ന് ബിജെപി നേരത്തെ ആരോപണം ഉന്നയിച്ച മണ്ഡലങ്ങളാണിതെല്ലാം.

അതേസമയം, ബംഗാളില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി രാജിവച്ചു. കാളിയഗഞ്ച് മണ്ഡലത്തിലെ സൗമന്‍ റോയ് ആണ് രാജി പ്രഖ്യാപിച്ചത്. ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. നേരത്തെ തൃണമൂല്‍ അംഗമായിരുന്നു ഇദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇപ്പോള്‍ രാജിവച്ച് തൃണമൂലില്‍ തന്നെ തിരിച്ചെത്തുകയാണ് ചെയ്തിരിക്കുന്നത്.

നാലാഴ്ചയ്ക്കിടെ നാലാമത്തെ ബിജെപി എംഎല്‍എയാണ് രാജിവച്ച് തൃണമൂലില്‍ ചേരുന്നത്. ഇതോടെ ബംഗാള്‍ നിയമസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം 71 ആയി കുറഞ്ഞു. നാല് ബിജെപി എംഎല്‍എമാര്‍ രാജിവച്ചതിന് പുറമെ ബിജെപി ടിക്കറ്റില്‍ ജയിച്ച രണ്ടു പേര്‍ ലോക്‌സഭാംഗത്വം നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഇവര്‍ എംപിമാരായിരിക്കെയാണ് ബംഗാളില്‍ നിയമസഭയിലേക്ക് മല്‍സരിച്ചത്. ജയിച്ചെങ്കിലും എംപി പദവി നിലനിര്‍ത്താന്‍ രാജിവച്ചു. കൂടുതല്‍ ബിജെപി എംഎല്‍എമാര്‍ രാജിവച്ച് തൃണമൂലില്‍ ചേരുമെന്നാണ് വിവരം.












Click it and Unblock the Notifications