ജി 20: യുക്രൈൻ യുദ്ധത്തെ കുറിച്ചുളള പരാമർശത്തിൽ വിയോജിച്ച് ചൈനയും റഷ്യയും, സംയുക്ത പ്രസ്താവന ഇല്ല

ബെംഗളൂരു: ഇന്ത്യ ആതിഥേയത്വം വഹിച്ച ജി 20 ഉച്ചകോടിക്ക് ബെംഗളൂരുവില്‍ സമാപനം. സംയുക്ത പ്രസ്താവന പുറത്തിറക്കാതെയാണ് ജി 20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെ സമ്മേളനം സമാപിച്ചത്. പ്രമേയത്തില്‍ യുക്രൈന്‍ യുദ്ധ വിഷയം ഉള്‍പ്പെടുത്തിയതിനെ റഷ്യയുടേയും ചൈനയുടേയും പ്രതിനിധികള്‍ എതിര്‍ത്തതോടെയാണ് പ്രമേയം ഇല്ലാതെ സമ്മേളനം പിരിഞ്ഞത്. സംയുക്ത പ്രമേയത്തിന് പകരം സമ്മറി ആന്‍ഡ് ഔട്ട്കം ഡോക്യുമെന്റ് ആണ് സമ്മേളനത്തിന്റെ അവസാനം പുറത്തിറക്കിയത്.
സമ്മേളനത്തിലെ ഭൂരിപക്ഷം അംഗങ്ങളും യുക്രൈനിലെ യുദ്ധത്തെ അപലപിച്ചുവെന്നും അതേസമയം ചില വേറിട്ട വിലയിരുത്തലുകളും ഉണ്ടായെന്നും ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നവംബറിലെ ജി 20 ബാലി ലീഡേഴ്‌സ് ഡിക്ലറേഷനില്‍ നിന്നുളള രണ്ട് ഖണ്ഡികകള്‍ ആണ് പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. റഷ്യയും ചൈനയും ഒഴികെയുളള അംഗ രാജ്യങ്ങള്‍ ഈ ഭാഗത്തോട് യോജിപ്പ് പ്രകടിപ്പിച്ചു.
ചില രാജ്യങ്ങളുടെ നിലപാട് കാരണം ഒരു യോജിച്ച പ്രസ്താവന എന്നുളളത് ബുദ്ധിമുട്ടായിരുന്നുവെന്ന് സ്‌പെയിനിന്റെ പ്രതിനിധിയായ നാദിയ കാല്‍വിനോ നേരത്തെ പ്രതികരിച്ചിരുന്നു. പ്രമേയത്തിന്റെ ഭാഷ മാറ്റണമെന്ന് നവംബറില്‍ തന്നെ ചൈനയ്ക്ക് നിലപാടുണ്ടായിരുന്നു. യുദ്ധം എന്ന വാക്ക് ഒഴിവാക്കണം എന്നായിരുന്നു ചൈനയുടെ താല്‍പര്യം. നേരത്തെ നടന്ന ധനമന്ത്രിമാരുടേയും സെന്‍ട്രല്‍ ബാങ്ക് തലവന്മാരുടേയും ജി 20 ഉച്ചകോടികളില്‍ സംയുക്ത പ്രസ്താവന ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി മുതല്‍ റഷ്യ അയല്‍രാജ്യമായ യുക്രൈനെ ആക്രമിച്ച് കൊണ്ടിരിക്കുകയാണ്.
ഈ ജി 20 ഉച്ചകോടി സാമ്പത്തിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക എന്ന അജണ്ടയോട് കൂടി ഉളളതായതിനാലാണ് യുക്രൈന്‍ യുദ്ധത്തെ കുറിച്ചുളള പരാമര്‍ശത്തോട് ചൈനയും റഷ്യയും വിയോജിപ്പ് പ്രകടിപ്പിച്ചത് എന്ന് ഇന്ത്യയുടെ ഉന്നതതല ഉദ്യോഗസ്ഥന്‍ അജയ് സേത്ത് പ്രതികരിച്ചു. അതേസമയം മറ്റ് പതിനെട്ട് രാജ്യങ്ങളുടേയും അഭിപ്രായം ആഗോള സാമ്പത്തിക രംഗത്ത് യുക്രൈന്‍ യുദ്ധത്തിന്റെ പ്രതിഫലനമുണ്ടായി എന്ന് തന്നെയാണ് എന്നും സേത്ത് പ്രതികരിച്ചു.












Click it and Unblock the Notifications