ഗാന്ധി സമാധാന പുരസ്‌കാര വിവാദം: സമ്മാനത്തുകയായ ഒരുകോടി രൂപ സ്വീകരിക്കില്ലെന്ന് ഗീതാ പ്രസ്
ന്യൂഡല്‍ഹി: 2021- ലെ ഗാന്ധി സമാധാന പുരസ്‌കാരം നിരസിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഗീതാ പ്രസ്. തങ്ങള്‍ക്ക് സമ്മാനത്തുക വേണ്ടെന്നും ആദരവ് മാത്രം മതിയെന്നും ഗീതാ പ്രസ് അറിയിച്ചു. ഒരു കോടി രൂപയാണ് ഗാന്ധി സമാധാന പുരസ്‌കാരത്തിലെ സമ്മാനത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറി ഏകകണ്ഠമായാണ് ഗീതാ പ്രസിനെ പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
സമ്മാനത്തുക മറ്റെന്തെങ്കിലും ആവശ്യത്തിനായി ചിലവഴിക്കണം എന്നും ഗീതാ പ്രസ് അറിയിച്ചു. മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച ആദര്‍ശങ്ങളോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 125-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 1995-ല്‍ ആണ് ഗാന്ധി സമാധാന പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. ദേശം, വംശം, ഭാഷ, ജാതി, മതം, ലിംഗഭേദം എന്നിവ പരിഗണിക്കാതെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ്, ഒമാന്‍ (2019), ബംഗബന്ധു ഷെയ്ഖ് മുജിബുര്‍ റഹ്‌മാന്‍, ബംഗ്ലാദേശ് (2020) എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. ഐഎസ്ആര്‍ഒ, രാമകൃഷ്ണ മിഷന്‍, അക്ഷയപാത്ര, സുലഭ് ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളും ഡോ നെല്‍സണ്‍ മണ്ടേല, ബാബ ആംതെ, ആര്‍ച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു തുടങ്ങിയ പ്രമുഖരും ഗാന്ധി സമാധാന പുരസ്‌കാര ജേതാക്കളായിട്ടുണ്ട്.
ഒരു കോടി രൂപയും പ്രശസ്തി പത്രവും ഫലകവും അതിമനോഹരമായ പരമ്പരാഗത കരകൗശല/കൈത്തറി ഇനവും അടങ്ങുന്നതാണ് ഗാന്ധി സമാധാന പുരസ്‌കാരം. അതേസമയം ഗാന്ധി സമാധാന പുരസ്‌കാരം ലഭിച്ചത് വലിയ അഭിമാനകരമായ കാര്യമാണെന്നും എന്നാല്‍ ഒരു തരത്തിലുമുള്ള സംഭാവനകളും സ്വീകരിക്കാത്ത പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നും ഗീതാ പ്രസ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ പ്രസാധകരില്‍ ഒരാളായ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നിന്നുള്ള ഗീതാ പ്രസ് കഴിഞ്ഞ 100 വര്‍ഷമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് നടത്തുന്നത് എന്നാണ് പുരസ്‌കാരം പ്രഖ്യാപിച്ച് കൊണ്ട് നരേന്ദ്ര മോദി പറഞ്ഞത്. ഗീതാ പ്രസിനെ പുരസ്‌കാര നേട്ടത്തില്‍ അഭിനന്ദിക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തിരുന്നു. അതേസമയം ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം നല്‍കിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.
ഹിന്ദുത്വ വിഗ്രഹാരാധകനായ വി ഡി സവര്‍ക്കറിനും മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയ്ക്കും അവാര്‍ഡ് നല്‍കുന്നതിന് തുല്യമാണ് ഗീതാ പ്രസിന് പുരസ്‌കാരം നല്‍കുന്നത് എന്നാണ് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞത്. എന്നാല്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസ് വിമര്‍ശനത്തിനെതിരെ രംഗത്തെത്തി. രാജ്യത്തിന്റെ നാഗരിക മൂല്യങ്ങള്‍ക്കും പൈതൃകത്തിനും എതിരെ കോണ്‍ഗ്രസ് യുദ്ധം അഴിച്ചുവിടുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ആരോപിച്ചു.
1923 ല്‍ സ്ഥാപിതമായ ഗീതാ പ്രസ് 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ ലാഭത്തില്‍ പുസ്തകങ്ങള്‍ വായനക്കാര്‍ക്ക് നല്‍കുക ഈ തത്വമാണ് തങ്ങള്‍ പിന്തുടരുന്നത് എന്നാണ് ഗീതാ പ്രസ് അവകാശപ്പെടുന്നത്. പ്രതിവര്‍ഷം 2 കോടിയിലധികം പുസ്തകങ്ങള്‍ അച്ചടിച്ച് വിദേശത്തേക്ക് അയയ്ക്കുന്നുണ്ടെന്നും ഗീതാ പ്രസ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications