കൊവോവാക്‌സിന് അനുമതി നല്‍കി കേന്ദ്ര പാനല്‍, 12 മുതല്‍ 17 വയസ്സിനിടയിലുള്ളവര്‍ക്ക് ഉപയോഗിക്കാം
ദില്ലി: പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊവോവാക്‌സിന് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ വാക്‌സിന്‍ ശേഖരത്തിലേക്ക് മറ്റൊരു വാക്‌സിന്‍ കൂടി ഇതോടെ ചേര്‍ത്തിരിക്കുകയാണ്. 17 വയസ്സ് വരെയുള്ള വിഭാഗത്തിനാണ് ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി. സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് കൊവോവാക്‌സ് നിര്‍മിക്കുന്നത്. മുതിര്‍ന്നവരില്‍ പരിമിതമായ തോതില്‍ ഈ വാക്‌സിന്‍ ഉപയോഗിക്കാന്‍ നേരത്തെ തന്നെ അനുമതി നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 28നാണ് അനുമതി നല്‍കിയത്. ദേശീയ വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ഇതോടെ ഇടംപിടിക്കാനും കൊവോവാക്‌സിന് സാധിച്ചു.

നേരത്തെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യ മന്ത്രാലയത്തിന് കൊവോവാക്‌സിന്‍ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് കത്തയച്ചിരുന്നു. ഏപ്രില്‍ ഒന്നിന് കൊവിഡ് വാക്‌സിനേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ യോഗം ചേര്‍ന്നിരുന്നു. ഇതാണ് കൊവോവാക്‌സ് ഉപയോഗിച്ചതിന്റെ ഫലം അടങ്ങുന്ന ഡാറ്റ പരിശോധിച്ചത്. ഇതില്‍ നിന്ന് ബോധ്യപ്പെട്ട ശേഷമാണ് അനുമതി നല്‍കിയത്. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്ന് സമിതി തീരുമാനിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്ക് 900 രൂപയ്ക്ക് ഈ വാക്‌സിന്‍ നല്‍കാമെന്നായിരുന്നു സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കത്തില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന് നല്‍കുന്ന നിരക്കിനെ കുറിച്ച് പറഞ്ഞിരുന്നില്ല.
കൊവോവാക്‌സിന്റെ നിരക്കിനെ കുറിച്ചുള്ള കാര്യത്തില്‍ തീരുമാനമാവുന്നതേയുള്ളൂ. അതേസമയം മാര്‍ച്ച് 16നാണ് ഇന്ത്യ 12നും പതിനാല് വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്ക് വാക്‌സിനേന്‍ ആരംഭിച്ചത്. കോര്‍ബിവാക്‌സായിരുന്നു ഇതിനായി ഉപയോഗിച്ചത്.












Click it and Unblock the Notifications