വരനെ പച്ചയ്ക്ക് പെട്രോൾ ഒഴിച്ച് തീ കൊളുത്തി.. ഒരുമിക്കാൻ കാമുകീ-കാമുകന്മാർ കണ്ടെത്തിയ വഴി!
ഹൈദരാബാദ്: മാതാപിതാക്കള്‍ വിവാഹത്തിന് എതിര് നിന്നതോടെ ഒരുമിക്കാന്‍ ഈ കാമുകീ കാമുകന്മാര്‍ കണ്ടെത്തിയ വഴി ഞെട്ടിക്കുന്നതാണ്. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അരുണ എന്ന യുവതിയും കാമുകനായ ബാലസ്വാമിയുമാണ് ഒരുമിക്കാന്‍ വേണ്ടി പൈശാചികമായ വഴി തെരഞ്ഞെടുത്തത്. അരുണയുടെ വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് കാമുകനുമായി ചേര്‍ന്ന് വരനെ ഇരുവരും ചേര്‍ന്ന് പച്ചയ്ക്ക് പെട്രോള്‍ ഒഴിച്ച് കത്തിച്ചു.

ഒരുമിക്കാൻ കണ്ടെത്തിയ വഴി
ജങ്കോണ്‍ ജില്ലയിലെ മധറാം എന്ന സ്ഥലത്താണ് ദാരുണമായ സംഭവം നടന്നിരിക്കുന്നത്. വരനായ ബി യകയ്യ എന്ന മൂപ്പതുകാരന് നേര്‍ക്കാണ് ക്രൂരമായ ആക്രമണം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇതാണ്. അരുണയും ബാലസ്വാമിയും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണ്. എന്നാല്‍ ഇരുവരുടേയും വിവാഹത്തിന് വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അരുണയ്ക്ക് വേറെ വിവാഹം ആലോചിക്കുകയും ചെയ്തു.

ആളെ വിട്ട് തല്ലിച്ചു
പതിനഞ്ചോളം വിവാഹ ആലോചനകളാണ് അരുണ വേണ്ടെന്ന് വെച്ചത്. എന്നാല്‍ വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി യകയ്യയുമായുള്ള വിവാഹത്തിന് അരുണയ്ക്ക് സമ്മതം പറയേണ്ടി വന്നു. എന്നാല്‍ വിവാഹം മുടക്കാന്‍ തന്നെയായിരുന്നു അരുണയുടേയും ബാലസ്വാമിയുടേയും പ്ലാന്‍. ഇരുവരും ആസൂത്രണം ചെയ്ത് യകയ്യയുടെ പിതാവിനെ രണ്ട് തവണ ആളെ വിട്ട് തല്ലിച്ചിരുന്നു.

വരനെ ആക്രമിക്കാൻ തീരുമാനം
യകയ്യുടെ അച്ഛനെ തല്ലിയതിന്റെ കുറ്റം പെണ്‍വീട്ടുകാരുടെ മേലിട്ട് വിവാഹം മുടക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ട് തവണ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ വരന്റെ കുടുംബം പോലീസില്‍ പരാതി പോലും നല്‍കാതെ വിവാഹവുമായി മുന്നോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വരനെ തന്നെ ആക്രമിക്കാന്‍ ഇരുവരും തീരുമാനമെടുത്തത്.

കൃത്യമായ ആസൂത്രണം
നേരത്തെ രണ്ട് തവണയും ആരാലും സംശയിക്കപ്പെടാത്തത് കൊണ്ട് ഇത്തവണയും രക്ഷപ്പെടാം എന്നായിരുന്നു അരുണയും ബാലസ്വാമിയും കരുതിയത്. സംഭവ ദിവസം അരുണ യകയ്യയെ ഫോണില്‍ ബന്ധപ്പെട്ടു. റേഞ്ച് കുറവാണെന്നും വീടിന് പുറത്തേക്ക് ഇറങ്ങി സംസാരിക്കാനും ആവശ്യപ്പെട്ടു. ഇത് പ്രകാരം ഫോണുമായി യകയ്യ പുറത്ത് ഇറങ്ങിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്.

പെട്രോളൊഴിച്ച് തീ കൊളുത്തി
മതിലിനടുത്ത് പതുങ്ങി നിന്ന ആള്‍ യകയ്യയുടെ മേല്‍ പെട്രോള്‍ ഒഴിക്കുകയും കത്തിക്കുകയുമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് യകയ്യയ്ക്ക് മനസിലാകും മുന്‍പേ തീ പടര്‍ന്നിരുന്നു. രാത്രി 11.40തോടുകൂടിയായിരുന്നു സംഭവം. ആക്രമണത്തില്‍ യകയ്യയുടെ തോളിനും കയ്യിലും പൊള്ളലേറ്റിട്ടുണ്ട്.

പ്രതികൾ പിടിയിൽ
വാറങ്കല്‍ ആശുപത്രിയിലേക്കാണ് യകയ്യയെ ആദ്യമെത്തിച്ചത്. പിന്നീട് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. യകയ്യ അപകട നില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. യകയ്യയെ ആക്രമിച്ച ബാലസ്വാമി ഇയാളുടെ അകന്ന ബന്ധു കൂടിയാണ്. യകയ്യ ഇവര്‍ക്കെതിരെ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കുറ്റസമ്മതം നടത്തി
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അരുണയുടെ ഫോണ്‍ രേഖകകളാണ് പ്രതികളെ വളരെപ്പെട്ടെന്ന് കുടുക്കിയത്. സംഭവ ദിവസം അരുണ ബാലസ്വാമിയെ നിരവധി തവണ വിളിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് സംശയം ഇവരിലേക്ക് തിരിഞ്ഞത്. ഇരുവരും ചോദ്യം ചെയ്യലില്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications