രണ്ട് വർഷം നീണ്ട ജയിൽവാസം, ജാമ്യം ലഭിച്ച ശേഷം സിദ്ദിഖ് കാപ്പന്റെ ആദ്യ പ്രതികരണം ഇങ്ങനെ
ദില്ലി: സുപ്രീം കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍. ഉത്തര്‍ പ്രദേശ് കേസ് ചുമത്തിയ യുഎപിഎ കേസിലാണ് കാപ്പന് ഇന്ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായ ശേഷം മാത്രം ജാമ്യം അനുവദിച്ചാല്‍ മതി എന്നാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതി കാപ്പന് ജാമ്യം നല്‍കിയത്.
കേസില്‍ തന്റെ നിരപരാധിത്വം കോടതിക്ക് ബോധ്യമായെന്നും സുപ്രീം കോടതിക്ക് നന്ദിയെന്നും സിദ്ദിഖ് കാപ്പന്‍ പ്രതികരിച്ചു. യുഎപിഎ കേസില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി കാപ്പന് ജയിലില്‍ കഴിയുകയാണ്. അതേസമയം സുപ്രീം കോടതി ജാമ്യം അനുവദിച്ചുവെങ്കിലും ഇഡിയുടെ മറ്റൊരു കേസില്‍ കൂടി ജാമ്യം ലഭിക്കാതെ ജയില്‍ മോചനം സാധ്യമല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സിദ്ദിഖ് കാപ്പനെതിരെ വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഇല്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലാത്ത വ്യക്തിയാണ് സിദ്ദിഖ് കാപ്പന്‍. തേജസ് എന്ന അവരുടെ പത്രത്തിന്റെ ദില്ലിയിലെ റിപ്പോര്‍ട്ടര്‍ മാത്രമായിരുന്നു സിദ്ദിഖ് കാപ്പന്‍. പത്രത്തിന്റെ എഡിറ്റുമായുളള വാട്‌സ്ആപ്പ് ചാറ്റ് അല്ലാതെ മറ്റൊന്നും ഹാജരാക്കാന്‍ പ്രതിഭാഗത്തിന് സാധിച്ചില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു.
ആദ്യത്തെ ആറാഴ്ച സിദ്ദിഖ് കാപ്പന് ഡല്‍ഹിയില്‍ താമസിക്കാം. ലോക്കല്‍ പോലീസില്‍ എല്ലാ തിങ്കളാഴ്ചയും റിപ്പോര്‍ട്ട് ചെയ്യണം. അതിന് ശേഷം കേരളത്തിലേക്ക് പോകാം. ഏത് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണോ താമസിക്കുന്നത് അവിടെ പോയി റിപ്പോര്‍ട്ട് ചെയ്യണം എന്നിങ്ങനെയാണ് ജാമ്യത്തിനുളള ഉപാധികള്‍. ഇഡിയുടെ കേസ് വേറെ കേസാണ്. അതിന് ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനുളളില്‍ ലഖ്‌നൗ കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
തേജസിന്റെ ആശയങ്ങളുമായി ഒത്ത് പോകാനാകില്ലെന്ന് സിദ്ദിഖ് കാപ്പന്‍ പത്രത്തിന്റെ എഡിറ്റര്‍ക്ക് അയച്ച മേസ്സേജ് അടക്കം പ്രതിഭാഗം ഹാജരാക്കിയ വാട്‌സ്ആപ്പ് ചാറ്റിലുണ്ട്. അത് തന്നെ യുപി പോലീസിന്റെ വാദം പൊളിക്കുന്നതാണ് എന്നും അഭിഭാഷകന്‍ പറഞ്ഞു. കാപ്പന് പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുണ്ടെന്നും ഹാത്രസില്‍ കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തി എന്നുമാണ് യുപി പോലീസ് ആരോപിക്കുന്നത്.












Click it and Unblock the Notifications