പത്ത് കൽപ്പനകൾ ഏശിയില്ല; ഹരിയാനയിൽ സീറ്റ് മോഹികളുടെ പ്രവാഹം, 90 സീറ്റിലേക്ക് 1200 സ്ഥാനാർത്ഥികൾ
ഛണ്ഡിഗഡ്: ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് വേഗം കൂട്ടി കോൺഗ്രസ്. മനോഹർ ലാൽ ഖട്ടാർ സർക്കാരിനെതിരെ ശക്തമായ ഭരണ വിരുദ്ധ വികാരമാണ് നിലനിൽക്കുന്നതെന്നും കോൺഗ്രസ് അധികാരം തിരിച്ചു പിടിക്കുമെന്നുമാണ് മുൻ മുഖ്യമന്ത്രി ഭൂപിന്ദർ സിംഗ് ഹൂഡ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. 90 നിയമസഭാ സീറ്റുകളാണ് ഹരിയാനയിൽ ഉള്ളത്. ഇതിൽ 50 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി തയ്യാറാക്കിയിരുന്നു. ചൊവ്വാഴ്ച പട്ടിക പുറത്ത് വിടുമെന്നാണ് കരുതുന്നത്.
ബാക്കിയുള്ള 40 സീറ്റുകളിലേക്ക് പരിഗണിക്കുന്ന സ്ഥാനാർത്ഥികളുടെ ജയസാധ്യത സ്ക്രീനിംഗ് കമ്മിറ്റി തലവൻ മധുസൂദൻ മിസ്ത്രി പരിശോധിച്ച് വരികയാണ്. ബിജെപിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷമായിരിക്കും കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കുക എന്നാണ് സൂചന. ഹരിയാനയിൽ ബിജെപിയിൽ നിന്നും ചില നേതാക്കൾ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിയിൽ എത്തുമെന്ന പ്രതീക്ഷ കോൺഗ്രസ് നേതൃത്വത്തിനുണ്ട്.

സീറ്റ് മോഹികൾ
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സീറ്റ് മോഹികൾ വലിയ തലവേദനയാണ് നേതൃത്വത്തിന് സൃഷ്ടിച്ചിരിക്കുന്നത്. 90 അംഗ നിയമസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ സീറ്റ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയ നേതാക്കളുടെ എണ്ണം 1200 കടന്നെന്നാണ് പിസിസി അധ്യക്ഷ കുമാരി സെൽജ കഴിഞ്ഞ ദിവസം പറഞ്ഞത്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, മുൻ എഎൽഎമാർ, എംപിമാർ, മുതിർന്ന നേതാക്കൾ തുടങ്ങി നിരവധി നേതാക്കളാണ് നിയമസഭാ സീറ്റിനായി കാത്തുകിടക്കുന്നത്.

ആത്മവിശ്വാസത്തിൽ കോൺഗ്രസ്
ഹരിയാനയിൽ കോൺഗ്രസ് തകർന്നിരിക്കുകയാണെന്നും ബിജെപി ഭരണ തുടർച്ച നേടുമെന്നുമുള്ള പ്രചാരണങ്ങൾ സജീവമാകുമ്പോഴും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ ഇത്രയും ആളുകൾ മുന്നോട്ട് വരുന്നത് മാറ്റത്തിന് സമയമായി എന്ന് ഉറപ്പുള്ളതുകൊണ്ടാണ്. ബിജെപി സർക്കാരിന് പകരമായി കോൺഗ്രസ് വരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. സിറ്റിംഗ് എംഎൽഎമാരെ കൂടാതെ ഓരോ സീറ്റിലേക്കും ജയസാധ്യതയുള്ള 3 മുതൽ 5 നേതാക്കളെ പരിഗണിക്കുന്നുണ്ട്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ ആകും കോൺഗ്രസ് രംഗത്ത് ഇറക്കുകയെന്ന് കുമാരി സെൽജ വ്യക്തമാക്കി.

സ്ഥാനാർത്ഥിയാകാൻ നിബന്ധനകൾ
സീറ്റ് മോഹികളുടെ ഒഴുക്ക് തുടർന്നതിനെ തുടർന്ന് സ്ഥാനാർത്ഥിയായി പരിഗണിക്കാൻ ചില കർശന നിർദ്ദേശങ്ങൾ നേതൃത്വം മുന്നോട്ട് വെച്ചിരുന്നു. സ്ഥാനാർത്ഥിയാകാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ച് പിസിസി അധ്യക്ഷ കുമാരി സെൽജ പ്രത്യേക കുറിപ്പ് പുറത്തിറക്കിയിരുന്നു. ഗാന്ധിയൻ ജീവിത ശൈലി പുലർത്തുന്നവരാകണം, പാർട്ടി ആശയങ്ങളിൽ അടിയുറച്ച് നിൽക്കുന്നവരാകണം, മതേതര മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കണം തുടങ്ങിയ നിബന്ധകളാണ് മുന്നോട്ട് വെച്ചത്. ഇതുകൂടാതെ ചായകുടിക്കണം, ഖാദി ധരിക്കണം, സാധാരണക്കാരുമായി സമ്പർക്കം പുലർത്തുന്നവരാകണം തുടങ്ങിയ പത്തോളം നിബന്ധനകളാണ് കുറിപ്പിൽ പറഞ്ഞിരുന്നു. സ്ഥാനാർത്ഥിത്വത്തിനായി അപേക്ഷ നൽകാൻ ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 5000 രൂപയും പട്ടിക ജാതി, പട്ടിക വർഗം വനിതാ വിഭാഗങ്ങൾക്ക് 2000 രൂപയും ഫീസ് അടയ്ക്കണമായിരുന്നു. ഇതോടെ സ്ഥാനാർത്ഥിത്വത്തിനായി വൻ തള്ളിക്കയറ്റം ഉണ്ടാകില്ലെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും തന്ത്രം പാളി.

പ്രാദേശിക വിഷയങ്ങൾ ചർച്ചയാകും
ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ പത്ത് സീറ്റുകളിൽ പത്തിലും ബിജെപിയാണ് വിജയിച്ചത്. ഈ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകും എന്ന പ്രതീക്ഷയിലാണ് ബിജെപി. കശ്മീർ, ദേശീയ പൗരത്വ ബിൽ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് ബിജെപിയുടെ പ്രചാരണം. എന്നാൽ ഇവയൊന്നുമല്ല ബിജെപി മറന്നു പോയ ചില വാഗ്ദാനങ്ങളാകും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക എന്നാണ് കോൺഗ്രസ് നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ അവകാശപ്പെടുന്നത്. ഭരണ വിരുദ്ധ വികാരം ശക്തമാണെന്ന് കോൺഗ്രസ് അവകാശപ്പെടുമ്പോഴും കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണം ഏറ്റവും അധികം ലഭിച്ച സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന എന്നത് വസ്തുതയാണ്.

പ്രഖ്യാപനത്തിനൊരുങ്ങി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദി അമിത് ഷാ, ബിജെപി ജനറൽ സെക്രട്ടറി അമിത് ഷാ എന്നിവർ പങ്കെടുക്കുന്ന യോഗത്തിൽ ഹരിയാനയിലേയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനം ആകും. സംസ്ഥാനത്ത് 75 സീറ്റുകൾ ലക്ഷ്യം വെച്ചാണ് ബിജെപിയുടെ പ്രചാരണം. സംസ്ഥാനത്തെ പല പ്രമുഖ നേതാക്കളും കുടുംബാംഗങ്ങൾക്ക് സീറ്റ് വേണമെന്ന ആവശ്യവുമായി നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. 75 വയസിന് മുകളിലുള്ളവർക്ക് സീറ്റ് നിഷേധിക്കും.












Click it and Unblock the Notifications