ധരം സന്‍സാദിലെ മുസ്ലീങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗം; ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ഹരിദ്വാറില്‍ ഡിസംബറില്‍ നടന്ന ഹിന്ദു ധര്‍മ്മ സന്‍സാദില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗങ്ങള്‍ സംബന്ധിച്ച് കേസ് കേള്‍ക്കുമെന്ന് സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടായിരുന്നു സുപ്രീം കോടതിയുടെ പ്രതികരണം. ചീഫ് ജസ്റ്റിസ് എന്‍. വി രമണയാണ് വിവാദ പ്രസംഗങ്ങള്‍ പരിഗണിക്കുമെന്ന് അറിയിച്ചത്.
മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ പുതിയ ആയുധങ്ങള്‍ കണ്ടെത്തണമെന്നായിരുന്നു ഹിന്ദു ധര്‍മ്മ സന്‍സദില്‍ സന്യാസിമാര്‍ പ്രസംഗിച്ചത്. വംശഹത്യക്കുള്ള ആഹ്വാനം വരെ പ്രസംഗങ്ങളിലുണ്ടായിരുന്നു. പരിപാടിയിലെ പ്രസംഗങ്ങളും ആഹ്വാനങ്ങളും അത്യന്തം അപകടകരമാണെന്നായിരുന്നു കപില്‍ സിബല്‍ പറഞ്ഞത്.

ഡിസംബര്‍ 17 മുതല്‍ 19 വരെയാണ് ഹിന്ദു ധര്‍മ്മ സന്‍സാദ് നടന്നത്. മതനേതാവ് യതി നരസിംഹാനന്ദാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളിലൂടെ അക്രമത്തിന് പ്രേരിപ്പിച്ചതിന് മുമ്പും യതി നരസിംഹാനന്ദ് വിവാദത്തില്‍പ്പെട്ടിട്ടുണ്ട്. ഹിന്ദു രക്ഷാ സേന നേതവ് പ്രബോധാനന്ദ് ഗിരി, ബി ജെ പി വനിതാ വിഭാഗം നേതാവ് ഉദിത ത്യാഗി, ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനും ആയുധമെടുത്ത് ഹിന്ദുമതത്തെ സംരക്ഷിക്കാനെന്ന പേരില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ കൊല്ലാനും ആവര്‍ത്തിച്ചുള്ള ആഹ്വാനങ്ങളാണ് ധര്‍മ്മ സന്‍സാദില്‍ മുഴങ്ങിയിരുന്നത്. ഹിന്ദുക്കളെ അതിനൂതന ആയുധങ്ങളുപയോഗിച്ച് സായുധരാക്കുക എന്ന് മാത്രമാണ് മുസ്ലീങ്ങളുടെ ഭീഷണി അവസാനിപ്പിക്കാനുള്ള വഴി എന്നായിരുന്നു യതി നരസിംഹാനന്ദിന്റെ പരാമര്‍ശം.
അതേസമയം വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ രാഷ്ട്രപതി റാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും 5 മുന്‍ സായുധ സേനാ മേധാവികള്‍ ഉള്‍പ്പടെ നൂറിലേറെ പേര്‍ കത്തയച്ചിരുന്നു. ഹരിദ്വാറിലും ദല്‍ഹിയിലുമായി നടന്ന ഹിന്ദു ധര്‍മ്മ സന്‍സാദില്‍ ക്രിസ്ത്യാനികള്‍, ദളിതുകള്‍, സിഖുകാര്‍ തുടങ്ങിയ ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് വിദ്വേഷ പ്രചരണം നടത്തിയതായി കത്തില്‍ പറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള രാജ്യദ്രോഹ യോഗങ്ങള്‍ മറ്റ് സ്ഥലങ്ങളിലും സംഘടിപ്പിക്കപ്പെടുന്നുണ്ടെന്നും ഇത് രാജ്യത്തിന്റെ സുരക്ഷയക്ക് തന്നെ ഭീഷണിയാണെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു. വിദ്വേഷ പ്രസംഗത്തില്‍ സ്വമേധയാ കേസെടുക്കണമെന്നവശ്യപ്പെട്ട് സുപ്രീം കോടതിയിലെ എഴുപത്തിയാറ് അഭിഭാഷകര്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്കും കത്തെഴുതിയിരുന്നു. ഹരിദ്വാറിനും ദല്‍ഹിക്കും പിന്നാലെ ഛത്തീസ്ഗഡിലെ റായ്പൂരിലും ഹിന്ദു ധര്‍മ്മ സന്‍സാദ് സംഘടിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിലും ഹിന്ദു രാഷ്ട്രത്തിന് വേണ്ടി ആയുധമെടുക്കാന്‍ ആഹ്വാനമുണ്ടായിരുന്നു.












Click it and Unblock the Notifications