
5 സംസ്ഥാനങ്ങള്‍, നിര്‍ണായകമായ 7 ഉപതെരഞ്ഞെടുപ്പുകള്‍; ബിജെപിയും കോണ്‍ഗ്രസും എസ്പിയും കളത്തില്‍
ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ ഒരു ലോക്സഭാ സീറ്റിലും ആറ് നിയമസഭാ സീറ്റുകളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. സമാജ് വാദി പാര്‍ട്ടി അതികായന്‍ മുലായം സിംഗിന്റെ മരണത്തോടെ ഒഴിവ് വന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയില്‍ ആണ് ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ എസ് പിയും ബി ജെ പിയും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്.
ഖതൗലി, രാംപൂര്‍ (ഉത്തര്‍പ്രദേശ്), കുര്‍ഹാനി (ബീഹാര്‍), പദംപൂര്‍ (ഒഡീഷ), സര്‍ദര്‍ശഹര്‍ (രാജസ്ഥാന്‍), ഭാനുപ്രതാപൂര്‍ (ഛത്തീസ്ഗഡ്) എന്നീ മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലത്തിനൊപ്പം ആണ് ഈ ഉപതെരഞ്ഞെടുപ്പുകളുടേയും ഫലം പ്രഖ്യാപിക്കുക.

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മെയിന്‍പുരിയില്‍ 24.43 ലക്ഷം വോട്ടര്‍മാര്‍ ആരാണ് ഉള്ളത്. 1996 മുതല്‍ അഞ്ച് തവണയായി മുലായം സിംഗിലൂടെ എസ് പിയാണ് മെയിന്‍പുരിയില്‍ ജയിക്കുന്നത്. എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യയും മുലായത്തിന്റെ മരുമകളുമായ ഡിംപിള്‍ യാദവ് ആണ് ഇവിടെ എസ് പിക്കായി മത്സരിക്കുന്നത്. അഖിലേഷിന്റെ അമ്മാവന്‍ ശിവപാല്‍ യാദവിന്റെ മുന്‍ സഹായി രഘുരാജ് സിംഗ് ഷാക്യയാണ് ബി ജെ പി സ്ഥാനാര്‍ത്ഥി.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഭാനുപ്രതാപൂരില്‍ 1.97 ലക്ഷം വോട്ടര്‍മാരാണുള്ളത്. സിറ്റിംഗ് എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ മനോജ് സിംഗ് മാണ്ഡവിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഇവിടെ വോട്ടെടുപ്പ് വേണ്ടി വന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മണ്ഡലം നിലനിര്‍ത്തേണ്ടത് കോണ്‍ഗ്രസിന് അനിവാര്യമാണ്. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും കോണ്‍ഗ്രസും ബി ജെ പിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് നടക്കുന്നത്.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യുഡിഎഫിനെ ബാധിക്കുന്നു, പെട്ടെന്ന് പരിഹാരം വേണം; കടുപ്പിച്ച് ലീഗ്

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മാണ്ഡവിയുടെ ഭാര്യ സാവിത്രിയും ബി ജെ പി സ്ഥാനാര്‍ത്ഥി മുന്‍ എംഎല്‍എ ബ്രഹ്‌മാനന്ദ് നേതയുമാണ്. ഉത്തര്‍പ്രദേശിലെ ഖതൗലിയില്‍ 3.14 ലക്ഷം വോട്ടര്‍മാരാണുള്ളത്. 2013-ലെ മുസാഫര്‍നഗര്‍ കലാപക്കേസില്‍ ശിക്ഷിക്കപ്പെട്ട ബി ജെ പി എം എല്‍ എ വിക്രം സിംഗ് സൈനിയുടെ ഒഴിവിലേക്കാണ് ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്. എസ് പി - ആര്‍ എല്‍ ഡി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ ബി ജെ പി ഇവിടെ ജയിച്ചത്.

ബി ജെ പി സ്ഥാനാര്‍ത്ഥിയായി വിക്രം സിംഗ് സൈനിയുടെ ഭാര്യ രാജ്കുമാരിയും ആര്‍ എല്‍ ഡി-എസ് പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിമദന്‍ ഭയ്യയുമാണ്. 2013 ഓഗസ്റ്റില്‍ കലാപത്തില്‍ കൊല്ലപ്പെട്ട ജാട്ട് യുവാവ് ഗൗരവ് സിംഗിന്റെ അമ്മയും സ്വതന്ത്രയായി മത്സരരംഗത്തുണ്ട്.

ബീഹാറിലെ കുര്‍ഹാനി മണ്ഡലത്തില്‍ 3.11 ലക്ഷം വോട്ടര്‍മാരാണുള്ളത്. ആര്‍ ജെ ഡി എം എല്‍ എ അനില്‍ കുമാര്‍ സഹാനി രാജ്യസഭാംഗമായിരുന്നപ്പോള്‍ നടത്തി തിരിമറിയെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടതോടെ ആണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മുന്‍ സഖ്യകക്ഷികളായ ജെ ഡി യുവും ബി ജെ പിയും ബന്ധം വേര്‍പെടുത്തിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്.

ജെ ഡി യുവിന് ആര്‍ ജെ ഡി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പതിമൂന്ന് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ടെങ്കിലും പ്രധാനമായും ജെ ഡി യുവിന്റെ മനോജ് സിംഗ് കുശ്വാഹയും ബി ജെ പിയുടെ കേദാര്‍ ഗുപ്തയും തമ്മിലാണ് മത്സരം നടക്കുന്നത്.

പദംപൂര്‍ മണ്ഡലത്തില്‍ 2.57 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. ബി ജെ ഡി എം എല്‍ എ ബിജയ രഞ്ജന്‍ സിംഗ് ബരിഹയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. 2008 മുതല്‍ സംസ്ഥാനത്ത് ഒരു ഉപതിരഞ്ഞെടുപ്പില്‍ പോലും ബിജെഡി പരാജയപ്പെട്ടിട്ടില്ല. എന്നാല്‍ കഴിഞ്ഞ മാസം നടന്ന ധാംനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പി വിജയിച്ച് ഈ റെക്കോഡ് തകര്‍ത്തിരുന്നു.

ആ വിജയം ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. അതേസമയം വിജയം അനിവാര്യമാണ് എന്ന് തെളിയിച്ച് കൊണ്ട് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് മൂന്ന് വര്‍ഷത്തിന് ശേഷം ആദ്യമായി കഴിഞ്ഞയാഴ്ച പ്രചാരണത്തിനിറങ്ങിയതും ശ്രദ്ധേയമായിരുന്നു. ബിജയയുടെ മകളും അഭിഭാഷകയുമായ ബര്‍ഷ സിംഗ് ബരിഹയെയാണ് ബി ജെ ഡി സ്ഥാനാര്‍ത്ഥി. മുന്‍ എം എല്‍ എ പ്രദീപ് പുരോഹിതാണ് ബി ജെ പി സ്ഥാനാര്‍ത്ഥി. 2019 ല്‍ ബിജയയോട് 5,734 വോട്ടിന് പുരോഹിത് പരാജയപ്പെട്ടിരുന്നു.

രാംപൂര്‍ മണ്ഡലത്തില്‍ 3.8 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 2019 ലെ വിദ്വേഷ പ്രസംഗ കേസില്‍ കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് അസം ഖാനെ എംഎല്‍എയായി അയോഗ്യനാക്കിയതോടെ ആണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ജൂണില്‍ രാംപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ബി ജെ പി വിജയിച്ചിരുന്നു. ഈ വിജയം ഇവിടെ ആവര്‍ത്തിക്കാം എന്ന പ്രതീക്ഷയിലാണ് ബി ജെ പി. അസം ഖാനെ സംബന്ധിച്ചിടത്തോളം തന്റെ കോട്ട നിലനിര്‍ത്താനുള്ള പോരാട്ടമാണ്.

അസം ഖാന്റെ അനുയായിയായ അസിം രാജയ്ക്കെതിരെ മുന്‍ പാര്‍ട്ടി എം എല്‍ എ ശിവ് ബഹാദൂര്‍ സക്സേനയുടെ മകനും ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ ആകാശ് സക്സേനയാണ് മത്സരിക്കുന്നത്. സര്‍ദര്‍ശഹര്‍ മണ്ഡലത്തില്‍ 2.89 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. കോണ്‍ഗ്രസിലെ ഭന്‍വര്‍ ലാല്‍ ശര്‍മ്മയുടെ മരണത്തെ തുടര്‍ന്ന് ആണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് ഇവിടെ ജയം അനിവാര്യമാണ്.

ബി ജെ പിയെ കൂടാതെ ഹനുമാന്‍ ബേനിവാളിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടിയും ഇവിടെ മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിനായി ഭന്‍വര്‍ ലാല്‍ ശര്‍മ്മയുടെ മകന്‍ അനില്‍, ബി ജെ പിക്കായി മുന്‍ എം എല്‍ എ അശോക് കുമാര്‍ പിഞ്ച, ആര്‍ എല്‍ പിക്കായി ലാല്‍ചന്ദ് മൂണ്ട് എന്നിവരാണ് മത്സരിക്കുന്നത്.