കോണ്‍ഗ്രസ് അഴിമതിപ്പാര്‍ട്ടിയെന്ന് കെജ്രിവാള്‍
ദില്ലി: ആം ആദ്മി പാര്‍ട്ടി ഭരണത്തിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിട്ടും അരവിന്ദ് കെജ്രിവാളിന് കോണ്‍ഗ്രസ് പാര്‍ട്ടിയെ ബോധിച്ചിട്ടില്ല. കോണ്‍ഗ്രസ് അഴിമതിക്കാരുടെ പാര്‍ട്ടി തന്നെയാണ് എന്നാണ് ദില്ലിയുടെ അഭിനവ മുഖ്യമന്ത്രി പറയുന്നത്. അഴിമതിക്കാരുടെയും വീമ്പിളക്കുന്നവരുടെയും പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാന്‍ തനിക്ക് ഇഷ്ടമുണ്ടായിരുന്നില്ല എന്നാല്‍ പൊതുജനാഭിപ്രായം മറിച്ചായിരുന്നു എന്നും കെജ്രിവാള്‍ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ദില്ലിയില്‍ കോണ്‍ഗ്രസുമായി ആം ആദ്മി പാര്‍ട്ടിക്ക് സഖ്യമില്ല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി പുറത്ത് നിന്നും പിന്തുണ നല്‍കുക മാത്രമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അതിനെ സഖ്യമെന്ന് വിളിക്കാനാവില്ല. ആം ആദ്മി പാര്‍ട്ടിയുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി പുറത്ത് നിന്നും കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുക മാത്രമാണ് ചെയ്യുന്നത് - കെജ്രിവാള്‍ വിശദീകരിച്ചു.

പുറത്ത് നിന്നും പിന്തുണ വാഗ്ദാനം ചെയ്ത ശേഷം തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കാനുളള ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുന്നു എന്ന് കോണ്‍ഗ്രസ് പറഞ്ഞുപരത്തി. എന്നാല്‍ തങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഭരിക്കാന്‍ താല്‍പര്യം ഉണ്ടായില്ല. അതുകൊണ്ടാണ് ജനങ്ങളുടെ അഭിപ്രായം തേടിയത്. എന്നാല്‍ ദില്ലിയില്‍ സര്‍ക്കാരുണ്ടാക്കണം എന്നായിരുന്നു ജനങ്ങളുടെ ആവശ്യം, അത് നിരാകരിക്കാന്‍ കഴിയില്ല.
കോണ്‍ഗ്രസിനെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കും എന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഇല്ല. ഇതിന്റെ പേരില്‍ പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ് തന്നെയാകും വില്ലന്മാര്‍. ഇത് ജനങ്ങള്‍ക്ക് മനസിലാകും - കെജ്രിവാള്‍ പറഞ്ഞു. ദില്ലിയിലെ 70 ല്‍ 28 സീറ്റുകളോടെ അരങ്ങേറ്റം ഗംഭീരമാക്കിയ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.












Click it and Unblock the Notifications