കൊവിഡ് മൂന്നാം തരംഗം ഉടൻ : വിനോദ- തീർത്ഥയാത്രകൾക്ക് കാത്തിരിപ്പ് അനിവാര്യമെന്ന് ഐഎംഎയുടെ മുന്നറിയിപ്പ്
ദില്ലി: കൊറോണ വൈറസിന്റെ രണ്ടാംതംരംഗം വ്യാപിക്കുന്നതിനിടെ മുന്നറിയിപ്പുമായി ഐഎംഎ. കൊവിഡിന്റെ മൂന്നാം തരംഗവും ഉടൻ ഉണ്ടാകുമെന്നാണ് ഐഎംഐ നൽകിയിട്ടുള്ള മുന്നറിയിപ്പ്. തീർത്ഥാടനവും വിനോദസഞ്ചാരവും മൂന്നാം തരംഗത്തിന് കാരണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് വിനോദ സഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും തുറന്നുനൽകുന്നതിൽ നിന്ന് കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും പിന്മാറണമെന്നും ഐഎംഎ ആവശ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾ, അധികാരികൾ എന്നിവർ സ്വീകരിക്കുന്ന നിലപാടിനെതിരെയും ഐഎംഎ രംഗത്തെത്തിയിട്ടുണ്ട്.
ആഗസ്റ്റ് മാസത്തോടെ ഇന്ത്യയിൽ കൊവിഡിന്റെ മൂന്നാം തരംഗമുണ്ടാകുമെന്നാണ് എസ്ബിഐ റിസർച്ച് റിപ്പോർട്ട് നേരത്തെ ചൂണ്ടിക്കാണിച്ചത്. കൊവിഡ് 19: ദ റേസ് ടു ഫിനിഷിഗ് ലൈൻ എന്ന എസ്ബിഐ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങളുള്ളത്. ഇതോടെ ആഗസ്റ്റിലെ രണ്ടാമത്തെ ആഴ്ചയോടെ വീണ്ടും കൊവിഡ് ബാധിതരുടെ എണ്ണം ഉയരാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സെപ്തംബർ പകുതിയോടെ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച ശേഷം രോഗികളുടെ എണ്ണം കുറയുമെന്നും പറയുന്നുണ്ട്.

അതേ സമയം ഇതുവരെ ഉണ്ടായിട്ടുള്ള ഒന്നും രണ്ടും തരംഗത്തെപ്പോലെ ഗുരുതരമായിരിക്കില്ല വരാനിരിക്കുന്ന മൂന്നാം തരംഗമെന്നും ഐസിഎംആർ പഠനം പറയുന്നു. അതേ സമയം കൊവിഡ് വാക്സിൻ സ്വീകരിച്ചാൽ മൂന്നാം തരംഗംത്തെ വിജയകരമായി മറികടക്കാമെന്ന് ഐസിഎംആർ തന്നെ വ്യക്തമാക്കിയിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിൽ നിന്ന് ഇന്ത്യ പുറത്തുകടന്നുവരുന്നതേയുള്ളൂ. അതിൽ രാഷ്ട്രീയ നേതൃത്വവും മെഡിക്കൽ സംഘവും നടത്തിയ പരിശ്രമങ്ങളിൽ നന്ദിയുണ്ട്.
വിനോദസഞ്ചാരവും തീർത്ഥയാത്രകളും മതപരമായ ചടങ്ങുകളും അനിവാര്യമാണ്. എന്നാൽ അതിന് വേണ്ടി ഏതാനും മാസങ്ങൾ കൂടി കാത്തിരിക്കേണ്ടതുണ്ട്. ഇവ തുറന്നു നൽകുന്ന സാഹചര്യമുണ്ടായാൽ വാക്സിൻ സ്വീകരിക്കാതെ ജനങ്ങൾ വൻതോതിൽ തിക്കിത്തിരക്കുന്നത് മൂന്നാം തരംഗത്തിന്റെ അതിവേഗതയിലുള്ള വ്യാപനത്തിന് ഇടയാക്കും. അതേ സമയം കൊവിഡിനെ കൈകാര്യം ചെയ്തിട്ടുള്ള കഴിഞ്ഞ ഒന്നര വർഷത്തെ പരിചയ സമ്പത്തിന്റ അടിസ്ഥാനത്തിൽ സാർവ്വത്രികമായ വാക്സിനേഷനും കൊവിഡ് മാനദണ്ഡം പാലിക്കുന്നതും മൂന്നാം തരംഗത്തിന്റെ രോഗവ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുമെന്നും ഐഎംഎ വ്യക്തമാക്കി.












Click it and Unblock the Notifications