കോവിഡ് പരിശോധന; ജനപ്രിയ താരങ്ങളെ അണിനിരത്തി ബോധവത്കരണ പരിപാടിയുമായി എസിടി ഗ്രാന്റ്സ്
ബെംഗളൂരു; കൊവിഡ്-19 പരിശോധനയുടെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് ജനപ്രിയ താരങ്ങളെ ഉൾപ്പെടുത്തികൊണ്ടുള്ള പ്രത്യേക പരിപാടിക്ക് തുടക്കം കുറിച്ച് എസിടി ഗ്രാന്റ്സ്. ഹൃത്വിക് റോഷൻ, കുനാൽ കപൂർ, രാഹുൽ ദ്രാവിഡ്, സെയ്ഫ് അലി ഖാൻ എന്നീ താരങ്ങളുടെ പിന്തുണയോടെയാണ് 'ജാൻ ബച്ചായേ ജാൻ' എന്ന പരിപാടി ആരംഭിച്ചിരിക്കുന്നത്. താരങ്ങൾ രോഗത്തെ കുറിച്ചും പരിശോധനയെ കുറിച്ചും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ദശലക്ഷക്കണക്കിന് വരുന്ന ജനങ്ങളോട് സംവദിക്കും.
ആളുകൾക്കിടയിൽ പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വ്യാപിപ്പിക്കുകയാണ് 'ജാൻ ബച്ചേ ജാൻ' ലക്ഷ്യമിടുന്നത്. മഹാമാരിക്കെതിരായ പോരാട്ടത്തിൽ സർക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുവാൻ കൂടി ലക്ഷ്യം വെച്ചുള്ളതാണ് പരിപാടി. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽ പെടുമ്പോൾ തന്നെ ഡോക്ടറെ സമീപിക്കാനും ആരോഗ്യവിദഗ്ദരുടെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കാനും ജനങ്ങളെ പ്രേരിപ്പിക്കുകയാണ് തങ്ങൾ പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് എസിടി ഗ്രാന്റ്സ് വക്താവ് സുധിപ്തോ സന്നിഗ്രഹി പറഞ്ഞു.സാമൂഹിക പ്രതിബദ്ധതയാണ് ഈ സമയത്തിന്റെ ആവശ്യം. കഴിയുന്നത്ര ആളുകളിലേക്ക് എത്തിച്ചേരാനും പകർച്ചവ്യാധി സമയത്ത് സുരക്ഷിതമായ ശീലങ്ങൾ സ്വീകരിക്കാനും ജനങ്ങൾക്ക് അവബോധം നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒരു സമൂഹമെന്ന നിലയിൽ ഇത് വലിയ വെല്ലുവിളി നിറഞ്ഞ സമയമാണ്. കോവിഡ് -19 ന്റെ ആഘാതം കുറയ്ക്കുന്നതിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്.ഒത്തൊരുമിച്ച് നിന്ന് രോഗത്തെ കീഴ്പ്പെടുത്താൻ പരമാവധി ആളുകൾ ടെസ്റ്റുകൾ നടത്തണമെന്നും മറ്റൊരു വക്താവായ ആഷിഷ് അഗർവാൾ വ്യക്തമാക്കി.
സെയ്ഫ് അലി ഖാൻ
വളരെ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. എന്നത്തെക്കാളും ഇപ്പോൾ നമ്മൾ പരസ്പരം ആശ്രയിക്കുകയാണ്. പരസ്പരം പിന്തുണച്ച് നമ്മുക്ക് ആശങ്കകൾ അകറ്റാം. പരിശോധനകൾ നടത്തണമെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഈ സംരംഭത്തിലൂടെ, ഓരോ ഇന്ത്യക്കാരനോടും COVID 19 പരിശോധന നടത്തണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. നിങ്ങളെയും കുടുംബത്തെയും നിങ്ങൾക്ക് ചുറ്റുമുള്ളവരേയും സുരക്ഷിതരാക്കുന്നതിന് പരിശോധന നടത്തുക.
ഹൃത്വിക് റോഷൻ
ഒരു യുദ്ധത്തിൽ വിജയിക്കാൻ നിങ്ങൾ ആദ്യം നിങ്ങളുടെ ശത്രുവിനെ അറിയേണ്ടതുണ്ട്. ഈ പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിൽ ഉത്തരവാദിത്തമുള്ള ഇന്ത്യക്കാരായി നമുക്ക് സ്വീകരിക്കാവുന്ന ആദ്യപടിയാണ് പരിശോധന. മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാവാം. സ്വമേധയാ പരിശോധനകൾക്ക് വിധേയമായി രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാൻ കൊവിഡ് മുന്നണി പോരാളികളെ നമ്മുക്ക് സഹായിക്കാം, ഹൃത്വിക് റോഷൻ പറഞ്ഞു.
ഈ ബോധവത്കരണ പരിപാടി പരമാവധി ആളുകളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിൽ കാമ്പെയ്നുകൾ തത്സമയമാക്കും.കാരണം കൊവിഡിന്റെ പശ്ചാത്തലത്തിൽ ഈ രണ്ട് പ്ലാറ്റ്ഫോമുകളും കഴിഞ്ഞ കുറച്ച് മാസങ്ങളായി കാഴ്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ വെൻച്വർ കാപിറ്റൽ (വിസി) സ്ഥാപനങ്ങളായ സെക്വോയ ഇന്ത്യ, മെട്രിക്സ് പാട്ണേഴ്സ്, എസ്എഐഎഫ് പാട്ണേഴ്സ്, ലൈറ്റ്സ്പീഡ് വെൻചേഴ്സ്, കലാരി ക്യാപിറ്റൽ, ആക്‌സൽ, ചിരാറ്റ വെൻചേഴ്സ്, ഒമിഡ്യാർ നെറ്റ്‌വർക്ക്, നെക്‌സസ് പാട്ണേഴ്സ് എന്നിവരുമായി ചേർന്ന് രൂപീകരിച്ച ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സംരംഭമാണ് ആക്ഷൻ കോവിഡ് -19 ടീം അല്ലെങ്കിൽ എസിടി ഗ്രാന്റ്. കോവിഡ് -19 നെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി കെയർ ഫിറ്റിന്റെ സഹസ്ഥാപകനായ മുകേഷ് ബൻസാൽ, അർബൻ കമ്പനിയുടെ സഹസ്ഥാപകൻ (മുൻപ് അർബൻക്ലാപ്പ് ) അഭിരാജ് ഭാൽ തുടങ്ങി നിരവധി സംരംഭക ഇടങ്ങളിലെ സ്ഥാപകരും നേതാക്കളും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. കൊവിഡിനെതിരായ പോരാട്ടം ത്വരിതപ്പെടുത്തുന്നതിന് എൻജിഒകളും വ്യവസായ വിദഗ്ധരും സർക്കാരും സംരഭത്തെ പിന്തുണയ്ക്കുന്നുണ്ട്.
കൊവിഡ് 19 നെതിരായ പോരാട്ടങ്ങൾ ഊർജ്ജിതപെടുത്തുന്നതിന് സ്റ്റാർട്ട് അപ്പും വെൻച്വർ കാപിറ്റലും (വിസി) ചേർന്ന് രൂപീകരിച്ച 100 കോടി മൂല്യമുള്ള ഗ്രാന്റാണ് എസിടി ഗ്രാന്റ്സ്. COVID-19 വ്യാപനം തടയൽ, സ്കെയിലിംഗ് പരിശോധന, വീടുകളിൽ വെച്ച് രോഗം കൈകാര്യം ചെയ്യുന്നത് എങ്ങനെ, ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും മെച്ചപ്പെട്ട പിന്തുണ, രോഗം ഗുരുതരമായവരുടെ മാനേജ്മെന്റ്, മാനസികാരോഗ്യത്തിനുള്ള പിന്തുണ തുടങ്ങിയ മേഖലകളിലെ ടീമുകളുടേയും സ്റ്റാർട്ടപ്പുകളുടേയും പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയാണ് എസിടി ഗ്രാന്റ്സിൻറെ ലക്ഷ്യം.കോവിഡ് -19 കണ്ടുപിടിക്കുന്നതിലും തടയുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും വലിയ തോതിൽ സ്വാധീനം ചെലുത്താൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ടീമുകളെ പിന്തുണയ്ക്കുകയും ശാക്തീകരിക്കുകയും ചെയ്യുകയെന്നതും എസിടി ഗ്രാന്റ്സിന്റെ ലക്ഷ്യങ്ങളിലൊന്നാണ്.