വിജയിയെ വിടാതെ ആദായ നികുതി വകുപ്പ്, രാത്രി വൈകിയും ചോദ്യം ചെയ്യൽ, ആരാധകർക്ക് നിർദ്ദേശം
ചെന്നൈ: ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പർ താരം വിജയിയെ രാത്രി വൈകിയും ചോദ്യം ചെയ്യുന്നത് തുടരുന്നു. ചെന്നൈയിലെ വസതിയിൽ എത്തിച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. ആദായ നികുതി വകുപ്പിന്റെ വാഹനത്തിലാണ് വിജയിയെ പാനയൂരിലെ വസതിയിൽ എത്തിച്ചത്. കൂടുതൽ രേഖകൾ പരിശോധിക്കാനുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന വിശദീകരണം.
കൊറോണ വൈറസ് ; ചൈനയിൽ നവജാത ശിശുവിന് വൈറസ് ബാധ സ്ഥിരീകരിച്ചു, പ്രായം 30 മണിക്കൂർ
വിജയിയയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ബിഗിൽ എന്ന ചിത്രത്തിന്റെ പ്രതിഫലം കൈപ്പറ്റിയതിന്റെ രേഖകൾ ആവശ്യപ്പെട്ടതായാണ് വിവരം. ബിഗിൽ സിനിമയുടെ നിർമ്മാണ കമ്പനിയായ എജിഎസ് ഫിലിംസിൻറെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ.

ചോദ്യം ചെയ്യൽ
കൂടല്ലൂരിൽ മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി വിജയിക്ക് നോട്ടീസ് നൽകിയത്. ഷൂട്ടിംഗ് ലൊക്കേഷനിൽ ചോദ്യം ചെയ്തതിന് പിന്നാലെ വിശദമായ ചോദ്യം ചെയ്യലിന് ചെന്നൈയിലെ ആദായ നികുതി ഓഫീസിൽ എത്താൻ താരത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ചെന്നൈയിലെ വസതിയിൽ എത്തിച്ചത്. വിജയിയുടെ ചെന്നൈയിലെ വസതികളിലും പരിശോധന നടന്നിരുന്നു.

പണം പിടിച്ചെടുത്തു
ബിഗിൽ സിനിമയുടെ നിർമാണ കമ്പനിയായ ഏജിഎസിന്റെ ഓഫീസുകളിൽ നടന്ന റെയ്ഡിൽ 25 കോടിയോളം രൂപയും രേഖകളും പിടിച്ചെടുത്തെന്നാണ് സൂചന. ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യലാണ് രാത്രി വൈകിയും തുടരുന്നത്. 4.30ഓട് കൂടി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കൂടല്ലൂർ വഴി വിജയിയുമായി ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു.

റെയ്ഡ് തുടരുന്നു
എജിഎസ് ഗ്രൂപ്പുമായി ബന്ധപ്പെട്ട 20 ഇടങ്ങളിൽ ബുധനാഴ്ച രാവിലെ മുതലാണ് പരിശോധന തുടങ്ങിയത്. 180 കോടി രൂപ മുതൽ മുടക്കിൽ ദീപാവലി റിലീസായി പുറത്തിറങ്ങിയ ബിഗിൽ തമിഴകത്ത് വൻ വിജയമായിരുന്നു. അതേ സമയം വിജയിക്കെതിരെ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ നടപടി സംഘപരിവാറിന്റെ ഗൂഢാലോചനയാണെന്ന ആരോപണവും ഉയരുന്നുണ്ട്. രണ്ട് വർഷം മുമ്പ് മെർസൽ എന്ന ചിത്രം പുറത്തിറങ്ങിയപ്പോഴും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അന്ന് ചട്ടവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല.

ആരാധകർക്ക് നിർദ്ദേശം
അതേ സമയം വിജയിയെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിൽ ആരാധകർ സംയമനം പാലിക്കണമെന്ന് വിജയ് ഫാൻസ് അസോസിയേഷൻ നിർദ്ദേശം നൽകി. സമൂഹമാധ്യമങ്ങളിലൂടെ താരത്തിന് പിന്തുണയുമായി ആയിരങ്ങളാണ് രംഗത്ത് എത്തിയിരിക്കുന്നത്.