ശ്രീലങ്കയുടെ കൈപിടിച്ച് ഇന്ത്യ; പ്രതിരോധ സഹകരണ കരാര്‍ ഉടനെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ സഹകരണ കരാര്‍ ഉടന്‍ ഒപ്പിടാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈഡ്രോഗ്രാഫിയില്‍ ഇരു രാജ്യങ്ങളും സഹകരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായുള്ള സംയുക്ത പ്രസ്താവനയില്‍ ആണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനുമുള്ള സുപ്രധാന വേദിയാണ് കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവ് എന്ന് ഇരു രാജ്യങ്ങളും വിശ്വസിക്കുന്നു എന്ന് പ്രസ്താവനയില്‍ പറഞ്ഞു. 'ഞങ്ങളുടെ സുരക്ഷാ താല്‍പ്പര്യങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രതിരോധ സഹകരണ കരാര്‍ ഉടന്‍ ഒപ്പിടാന്‍ ഞങ്ങള്‍ തീരുമാനിച്ചു. ഹൈഡ്രോഗ്രാഫിയിലെ സഹകരണത്തിനും ധാരണയായിട്ടുണ്ട്,' മോദി പറഞ്ഞു.

കൊളംബോ സെക്യൂരിറ്റി കോണ്‍ക്ലേവിന് കീഴില്‍, സമുദ്ര സുരക്ഷ, തീവ്രവാദ വിരുദ്ധ, സൈബര്‍ സുരക്ഷ, കള്ളക്കടത്തിനും സംഘടിത കുറ്റകൃത്യങ്ങള്‍ക്കുമെതിരായ പോരാട്ടം, മാനുഷിക സഹായം തുടങ്ങിയ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കും. ഒപ്പം ദുരന്ത നിവാരണവും ഇതിന്റെ ഭാഗമാക്കും. ഇന്ത്യയിലേയും ശ്രീലങ്കയിലേയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം നമ്മുടെ നാഗരികതകളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും മോദി പറഞ്ഞു.
പാലി ഭാഷയ്ക്ക് ഇന്ത്യയില്‍ ക്ലാസിക്കല്‍ ഭാഷ പദവി നല്‍കിയപ്പോള്‍ ശ്രീലങ്കയിലും ഇത് ആഘോഷിച്ചിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്രീലങ്കന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത അദ്ദേഹം അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് ന്യൂഡല്‍ഹി തിരഞ്ഞെടുത്തതില്‍ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും ഭാവിയിലേക്കുള്ള കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മോദി വ്യക്തമാക്കി.
ശ്രീലങ്കന്‍ പ്രസിഡന്റിന്റെ ഈ സന്ദര്‍ശനം ബന്ധങ്ങള്‍ക്ക് പുതിയ വേഗതയും ഊര്‍ജ്ജവും നല്‍കും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹകരണത്തില്‍ നിക്ഷേപത്തെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയ്ക്കും കണക്റ്റിവിറ്റിക്കും ഞങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ഫിസിക്കല്‍, ഡിജിറ്റല്‍, ഊര്‍ജ്ജ കണക്റ്റിവിറ്റി തങ്ങളുടെ പങ്കാളിത്തത്തിന്റെ പ്രധാന സ്തംഭങ്ങളായിരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കുന്നതിനായി സാംപൂര്‍ സോളാര്‍ പവര്‍ പ്ലാന്റിന് വൈദ്യുതി ഗ്രിഡ് കണക്റ്റിവിറ്റിയും എല്‍എന്‍ജിയും നല്‍കും. ശ്രീലങ്കയ്ക്ക് ഇന്ത്യ ഇതുവരെ 5 ബില്യണ്‍ ഡോളര്‍ വായ്പയും ഗ്രാന്റ് സഹായവും നല്‍കിയിട്ടുണ്ടെന്നും ശ്രീലങ്കയിലെ 25 ജില്ലകളിലും സഹകരണം എത്തിയിട്ടുണ്ടെന്നും നരേന്ദ്ര മോദി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ജാഫ്നയിലെയും കിഴക്കന്‍ പ്രവിശ്യയിലെയും സര്‍വകലാശാലകളില്‍ 200 വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പ് നല്‍കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു.












Click it and Unblock the Notifications