മുംബൈ ഭീകരാക്രമണം: മുഖ്യസൂത്രധാരൻ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ഇന്ത്യ
ന്യൂഡൽഹി: 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫീസ് സയീദിനെ കൈമാറണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അപേക്ഷ കൈമാറിയതായി ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു. ഇയാൾ ഇന്ത്യയിൽ നിരവധി കേസുകളിൽ തിരയുന്ന ആളാണെന്നും യു എൻ നിരോധിത ഭീകരൻ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
77 കാരനായ ഹാഫീസ് സയീദ് തീവ്രവാദ പ്രവർത്തനത്തിന് പണം സ്വരൂപിച്ച കേസിൽ പാക് ജയിലിൽ ആണ്. 33 വർഷത്തെ ശിക്ഷയാണ് സയീദിന് വിധിച്ചിരിക്കുന്നത്. പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിച്ച കേസുകളിൽ മുമ്പും ഇയാൾ ജയിൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

വിവിധ ശിക്ഷാകാലയളവുകളിൽ വർഷങ്ങളോളം തടങ്കലിലും പുറത്തും ഹാഫിസ് ചെലവഴിച്ചിരുന്നു. വീട്ടുതടങ്കലിലും കഴിഞ്ഞിരുന്നു. പാകിസ്ഥാനിൽ സ്വതന്ത്രനായി സഞ്ചരിച്ച് ഇന്ത്യാവിരുദ്ധവും പ്രകോപകനകരവുമായ പരാമർശങ്ങളും ഇയാൾ നടത്തുന്നുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഹാഫിസ് സയീദിന്റെ മകനും ലഷ്കറെ ത്വയ്ബ നേതാവുമായ ഹാഫിസ് തൽസി സയീദ് പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെയാണ് ഹാഫിസിനെ കൈറാഖാനുള്ള ഇന്ത്യയുടെ അപേക്ഷ. 2008 നവംബർ മാസത്തിലാണ് ഭീകരാക്രമണം നടന്നത്. നവംബർ 26 ന് തുടങ്ങിയ ആക്രമണം നവംബർ 29 ന് ഇന്ത്യൻ സൈന്യം അക്രമികളെ വധിക്കും വരെ ആക്രമണം നീണ്ടുനിന്നു.
22 വിദേശികൾ ഉൾപ്പെടെ 166 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ലഷ്കറെ തൊയ്ബയായിരുന്നു ആക്രമണത്തിന് പിന്നിലെന്ന് പിന്നീടു കണ്ടെത്തി. ആക്രമണത്തിനിടെ പിടി കൂടിയ അജ്മൽ കസബ് പാക്കിസ്ഥാൻകാരനാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. 9 പേർ സുരക്ഷ സേനയുടെ വെടിയേറ്റ് മരിച്ചു. അജ്മൽ കസബിനെ 2012 നവംബര്‍ 21-ന് തൂക്കിലേറ്റി












Click it and Unblock the Notifications