ഇന്ത്യ-ചൈന സംഘർഷം; പ്രശ്ന പരിഹാരത്തിന് ചുഷുൽ താഴ്വരയിൽ കമാന്റർ തല ചർച്ച
ദില്ലി;ലഡാക് അതിർത്തിയിൽ ഇന്തോ-ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടിയതിന് പിന്നാലെ സംഘർഷം ലഘൂകരിക്കാൻ സൈനിക തല ചർച്ചകൾ ആരംഭിച്ചു. ചുഷുൽ താഴ്വരയിലാണ് ബ്രിഗേഡിയർ-കമാന്റർ തല ചർച്ചകൾ നടക്കുന്നത്. സംഭാഷണത്തിലൂടെ സമാധാനം നിലനിർത്താനാണ് സൈന്യം ആഗ്രഹിക്കുന്നത്. അതേസമയം രാജ്യത്തിന്റെ സമഗ്രത കാത്തുസൂക്ഷിക്കുത്തിലും തങ്ങൾ പ്രതിജ്ഞാ ബന്ധമാണെന്നും സൈന്യം വ്യക്തമാക്കി.
പാംഗോങ്ങ് തടാക തീരത്താണ് ചൈനീസ് സൈന്യം പ്രകോപരമായ നീക്കങ്ങൾ നടത്തിയത്. ഓഗസ്റ്റ് 29 നും 30 നും ഇടയിൽ രാത്രിയാണ് ചൈനയുടെ കടന്നുകയറ്റ നീക്കം ഉണ്ടായതെന്നും എന്നാൽ ഇത് ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള സമവായങ്ങൾ ലംഘിച്ച് കൊണ്ടാണ് ചൈന പ്രകോപനം സൃഷ്ടിച്ചതെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ പറഞ്ഞു. ചൈനയുടെ ഏകപക്ഷീയ നീക്കങ്ങളെ തടഞ്ഞുവെന്നും മേഖലയിൽ ഇന്ത്യൻ പ്രതിരോധം ശക്തിപ്പെടുത്താനുള്ള നടപടികൾ സൈന്യം സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസമായി കിഴക്കൻ ലഡാക്കിലെ പ്രദേശങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുകയായിരുന്നു. ഫിംഗർ ഫോർ, എട്ട് എന്നിവയ്ക്കിടയിലുള്ള പ്രദേശങ്ങളിൽ നിന്ന് ചൈന തങ്ങളുടെ സൈന്യത്തെ പിൻവലിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നേരത്തേ പ്രദേശത്തെ സംഘർഷങ്ങൾ കുറയ്ക്കുന്നത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച നടത്തുകയും മേഖലയിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറ്റം തുടങ്ങുകയും ചെയ്തിരുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും തമ്മിൽ ടെലിഫോൺ സംഭാഷണം നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്.
ജൂൺ 3 ന് ഗാൽവൻ അതിർത്തിയിൽ ഇന്തോ-ചൈന സൈനികർ തമ്മിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഏറ്റുമുട്ടലിൽ ചൈനയ്ക്കും ആൾനാശം സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിടാൻ ചൈന ഇതുവരെ തയ്യാറായിരുന്നില്ല. അതേസമയം അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട് പ്രകാരം ചൈനയുടെ 35 സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
ഗാൽവൻ ഏറ്റുമുട്ടലിന് പിന്നാലെ അതിർത്തിയിലെ ചൈനീസ് നീക്കത്തിനെതിരെ തിരിച്ചടിക്കാനുള്ള പൂർണസ്വാതന്ത്ര്യം ഇന്ത്യൻ സൈന്യത്തിന് കേന്ദ്രസർക്കാർ നൽകിയിരുന്നു. മേഖലയിൽ കൂടുതൽ സൈന്യത്തേയും ഇന്ത്യ വിന്യസിച്ചിരുന്നു. വ്യോമസേനയും അതിർത്തിയിൽ സജ്ജമായിരുന്നു. അതിനിടെ ഓഗസ്റ്റ് രണ്ടിന് പ്രശ്ന പരിഹാരം സംബന്ധിച്ച നടപടികൾ ത്വരിതപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള അഞ്ചാം ഘട്ട സൈനീക തല ചർച്ച പൂർത്തിയാക്കിയിരുന്നു.