ഗല്‍വാനില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം, ശക്തമായ ഏറ്റുമുട്ടല്‍ അല്ലെന്ന് വെളിപ്പെടുത്തല്‍
ദില്ലി: ഗല്‍വാനില്‍ വീണ്ടും ഇന്ത്യ-ചൈന സംഘര്‍ഷം നടന്നതായി വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് വലിയൊരു ഏറ്റുമുട്ടലിലേക്ക് പോയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. മെയ് ആദ്യ വാരത്തിലാണ് സംഘര്‍ഷം നടന്നതെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇതൊരു വലിയ ഏറ്റുമുട്ടലിലേക്ക് പോകാതെ ഇരു സൈന്യങ്ങളും പിന്‍മാറിയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. നോ പട്രോളിംഗ് മേഖലയിലാണ് സംഘര്‍ഷം നടന്നതെന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് കിലോമീറ്ററോളം വരുന്ന നോ പട്രോളിംഗ് മേഖല. രണ്ട് വശവും ഒന്നര കിലോമീറ്റര്‍ സംഘര്‍ഷ മേഖലയില്‍ നിന്ന് വിട്ട് നിന്ന് പട്രോളിംഗ് നടത്തണം. ജൂണ്‍ 15ന് ഇരുസൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഇങ്ങനൊരു തീരുമാനമുണ്ടായത്. ആ ഏറ്റുമുട്ടലില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. കാല്‍നടയായിട്ടുള്ള പട്രോളിംഗ് നേരത്തെ മുപ്പത് ദിവസത്തേക്ക് ഉണ്ടാവില്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു. നിലവില്‍ അത് വീണ്ടും വന്നോ എന്ന് അറിയിച്ചിട്ടില്ല.
നോ പട്രോളിംഗ് സോണുകള്‍ വന്ന ശേഷം ഇരു സൈന്യവും ഈ മേഖലയില്‍ നിരീക്ഷണം നടത്താറുണ്ടായിരുന്നു. ഏതെങ്കിലും സൈന്യം ഈ ഭാഗത്തേക്ക് വരുന്നുണ്ടോ എന്ന് കണ്ടെത്താനായിരുന്നു ഇത്. വ്യത്യസ്ത സമയങ്ങളിലായിട്ടായിരുന്നു ഇരുസൈന്യവും പട്രോളിംഗ് നടത്തിയിരുന്നത്. എന്നാല്‍ ഈ മാസം ആദ്യം ഇരുസൈന്യവും ഒരുമിച്ച് പട്രോളിംഗിന് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. എന്നാല്‍ പെട്ടെന്ന് രണ്ട് വിഭാഗവും ശാന്തരായി. അതുകൊണ്ട് വലിയ ഏറ്റുമുട്ടലുണ്ടായില്ല.
Recommended Video
അതേസമയം നോ പട്രോളിംഗ് സോണിനപ്പുറം ചൈനയ്ക്ക് നിരവധി ട്രൂപ്പുകള്‍ ഇപ്പോഴുമുണ്ട്. ഇതുവരെ സൈനിക സന്നാഹം കുറയ്ക്കാന്‍ ചൈന തയ്യാറായിട്ടില്ലെന്ന് ഉദ്യോഗസ്ഥര് പറയുന്നു. പരസ്പരം സംശയമുള്ളതിനാല്‍ ഇരുകൂട്ടരും പട്രോളിംഗ് ശക്തമായി നടത്തുന്നുണ്ട്. നേരത്തെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൈന കൂടുതല്‍ സംഘര്‍ഷമുണ്ടാക്കില്ലെന്ന് അറിയിച്ചതായി സഭയില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications