'ഇന്ത്യ മുന്നണി 300ലധികം സീറ്റ് നേടി ഭരണത്തിലേറും; കോൺഗ്രസിന് 150 സീറ്റ് വരെ ലഭിക്കും'; താജുദ്ദീൻ കാട്ടൂർ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി 300ൽ അധികം സീറ്റുകൾ നേടി രാജ്യത്ത് അധികാരത്തിലേറുമെന്ന് കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഡിനേറ്റർ താജുദ്ദീൻ കാട്ടൂർ. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടുമെന്നും പാർട്ടിക്ക് 130 മുതൽ 150 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ വൺ ഇന്ത്യ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഡൽഹിയിൽ നാല് സീറ്റുകൾ ഞങ്ങൾ നേടും. കർണാടകത്തിൽ 19 സീറ്റിലധികം പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ഇരുപത് സീറ്റും യുഡിഎഫിന് നേടാനാകും. തമിഴ്നാട്ടിൽ 38 സീറ്റുകളും ഇന്ത്യ സഖ്യത്തിന് ലഭിക്കും. തെലങ്കാനയിൽ 10 സീറ്റിന് മുകളിൽ കോൺഗ്രസിന് നേടാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്', താജുദ്ദീൻ പറഞ്ഞു.

അതേസമയം രാജ്യത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത് ഇന്ത്യ മുന്നണി ഭരണത്തിൽ വരണമെന്നാണെന്നും ബിജെപിയുടെ ഭരണത്തിൽ ജനങ്ങൾ മടുത്തുവെന്നും സിആർഡിസി (Career Research & Development Council) ജനറൽ സെക്രട്ടറി ഇസ്മൈൽ അരൂർ പ്രതികരിച്ചു. വിലവർധന അടക്കമുള്ള വിഷയങ്ങൾ ജനങ്ങളെ ബുദ്ധിമുട്ടിക്കുമ്പോൾ വീണ്ടും മോദി സർക്കാർ എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല. 'ഗോദി' മീഡിയകൾ പൈസ വാങ്ങി നടത്തുന്ന പ്രചരണങ്ങളാണ് ഇതൊക്കെ. അടിത്തട്ടിൽ പരിശോധിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് ജനങ്ങൾക്ക് ബിജെപിയുടെ ഭരണം മടുത്തുവെന്നാണ്. അതുകൊണ്ട് തന്നെ ജൂൺ 4 ന് ഇന്ത്യ മുന്നണി ഭൂരിപക്ഷം നേടി അധികാരം പിടിക്കും.
ഞങ്ങൾ ആറ് മാസം മുൻപ് തന്നെ സിആർഡിസിയ്ക്ക് കീഴിൽ ഒരു സൈസൈറ്റി രൂപീകരിക്കുകയും ആ സൊസൈറ്റി ഇന്ത്യയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച് അവിടുത്തെ സാഹചര്യത്തിൽ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കി എഐസിസി അധ്യക്ഷനും രാഹുൽ ഗാന്ധിയ്ക്കും കൈമാറുകയും ചെയ്തിരുന്നു. അതിന്റെയടക്കം അടിസ്ഥാനത്തിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. മാത്രമല്ല എല്ലാ സ്ഥലത്തും പോയി മത്സരിക്കാതെ നിശ്ചിത സ്ഥലത്ത് മാത്രം ഞങ്ങൾ സ്ഥാനാർത്ഥികളെ നിർത്തി. മതേതര വോട്ടുകൾ ഭിന്നിച്ച് പോകാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകി, വലിയ വീട്ടുവീഴ്ച തന്നെ കോൺഗ്രസ് നടത്തി. ഇതെല്ലാം വിജയം കാണുക തന്നെ ചെയ്യും', അദ്ദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫ് 20 ൽ 20 സീറ്റും നേടി ഇന്ത്യ മുന്നണിക്കും രാഹുൽ ഗാന്ധിയ്ക്കുമൊപ്പം പാർലമെന്റിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications