'താത്കാലിക റേഷൻ കാർഡ്, അമേരിക്കൻ മോഡൽ സാമ്പത്തിക പാക്കേജ്'; അഭിജിത്ത് ബാനർജി-രാഹുൽ ഗാന്ധി സംവാദം
ദില്ലി; കൊവിഡ് കാലത്ത് വിദഗ്ദരുമായുള്ള ചർച്ച തുടരുകയാണ് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. ആർബിഐ മുൻ ഗവർണർ രഘുറാം രാജനുമായുള്ള രാഹുലിന്റെ ചർച്ച വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നോബല്‍ സമ്മാന ജേതാവ് പ്രൊഫ. അഭിജിത് ബാനര്‍ജിയുമായി ചർച്ച നടത്തിയിരിക്കുകയാണ് രാഹുൽ.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ടുള്ള പ്രധാനപ്പെട്ട വിഷയങ്ങളും ഇതിനെ തുടര്‍ന്ന് സമ്പദ്‌മേഖല നേരിട്ട ആഘാതവും ഇത് മറികടക്കാനുള്ള നിർദ്ദേശങ്ങളുമാണ് ഇരുവരും ചർച്ച ചെയ്യത്. വിശദാംശങ്ങളിലേക്ക്

നേരിട്ട് പണം എത്തിക്കണം
വീഡിയോ കോൺഫറൻസ് ചാറ്റ് വഴിയാണ് ഇരുവരും ചർച്ച നടത്തിയത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കുന്ന എല്ലാ ജനങ്ങളിലേക്കും നേരിട്ട് പണം എത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് അഭിജിത്ത് ബാനർജി പറഞ്ഞു. ദരിദ്രരിലേക്ക് എത്താൻ കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് പണം കൈമാറുന്ന ഒരു സംവിധാനം സർക്കാരിന് ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെല്ലുവിളി നേരിടുന്നത്
സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പരിധിയിൽ വരാത്ത ആളുകളാണ് വലിയ വെല്ലുവിളി നേരിടുന്നത്. കുടിയേറ്റ തൊഴിലാളികളെപ്പോലെ ഒരു വലിയ ജനസംഖ്യയ്ക്ക് അത്തരം സുരക്ഷാ പരിരക്ഷകളൊന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമുള്ളവർക്ക് താൽക്കാലിക റേഷൻ സംവിധാനം കൊണ്ടുവരണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

നിർത്തിവെയ്ക്കണം
ഇപ്പോഴുള്ള റേഷൻ കാർഡുകളും താൽക്കാലികമായി നിർത്തിവയ്ക്കാനും സർക്കാർ തയ്യാറാകണം.നമുക്ക് ആവശ്യത്തിന് അരിയും ഗോതമ്പും ഉണ്ട്. റാബി വിള വിളവെടുപ്പും ഉടൻ നടക്കും. ആവശ്യമുള്ള ആർക്കും ഭക്ഷണം നൽകുന്നത് തുടരേണ്ടതുണ്ട്, അഭിജിത്ത് പറഞ്ഞു.

ചെറുകിട-വ്യാപാര മേഖല
ചെറുകിട വ്യാപാരികൾ കടുത്ത പ്രതിസന്ധി നേരിടുന്നതായി രാഹുൽ ഗാന്ധി ചർച്ചയിൽ ചൂണ്ടിക്കാട്ടി. ചെറുകിട-വ്യാപാര മേഖലയ്ക്ക് ഒരു ലക്ഷം കോടി പ്രഖ്യാപിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തേ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

ജിഡിപിയുടെ ഒരു ശതമാനം
അതേസമയം യുഎസിലേത് പോലുള്ള വലിയ ഉത്തേജക പാക്കേജ് ആണ് ഇപ്പോൾ ഇന്ത്യയ്ക്ക് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജിഡിപിയുടെ 1% വരുന്ന ഒരു പാക്കേജ് മാത്രമാണ് ഇന്ത്യ പ്രഖ്യാപിച്ചത്.അതേസമയം ജിഡിപിയുടെ 10% ആണ് യുഎസ് പാക്കേജെന്നും അഭിജിത്ത് പറഞ്ഞു.

കുടിയേറ്റ തൊഴിലാളി പ്രശ്നങ്ങൾ
ഈ സമയങ്ങളിൽ ആളുകൾ വാങ്ങുന്നില്ല, സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള എളുപ്പവഴിയാണ് ചെലവ്. ഹോട്ട് സ്പോട്ടിൽ തുടരുന്നുവെന്നതിനാൽ ചില്ലറ വിൽപന മേഖല ഏറെ നാളത്തേക്ക് അടച്ചിടാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കൂടിയേറ്റ തൊഴിലാളികളുടെ പ്രശ്നവും ഇരുവരും ചർച്ച ചെയ്തു.

കേന്ദ്രസർക്കാർ
കുടിയേറ്റ പ്രശ്‌നം സംസ്ഥാന സർക്കാരിന് മാത്രം കൈകാര്യം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രം ഇത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ലോക്ക്ഡൗൺ കൈകാര്യം ചെയ്യാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമെന്നും എന്നാൽ കേന്ദ്രസർക്കാരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന് ചർച്ചയിൽ രാഹുൽ കുറ്റപ്പെടുത്തി.