രാജ്യത്ത് പ്രതിദിന കണക്ക് നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതിൽ; എട്ട് നഗരങ്ങളിൽ രാത്രികാല കർഫ്യൂ
കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,846 പേർക്കാണ് ഇന്ത്യയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലുമാസത്തിനിടയില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. ഇതുവരെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,15,99,130 ആയി. ഇന്നലെ മാത്രം 197 പേർ കോവിഡ് മൂലം മരിക്കുകയും ചെയ്തു. ഇതോടെ മരണസംഖ്യ 159755 ആയി.

അതേസമയം കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. രാജസ്ഥാനിലെ എട്ട് നഗരങ്ങളിൽ തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. മാർച്ച് 25 മുതൽ സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്. അജ്മർ, ഭിൽവാറ, ജയ്പൂർ, ജോദ്പൂർ, കോട്ട, ഉയ്പൂർ, സഗ്‌വാദ, കുശൽഗർ എന്നിവിടങ്ങളിലാണ് രാത്രി 11 മുതൽ 5 വരെ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്.
മധ്യപ്രദേശിന്റെ പല ഭാഗങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഭാഗിക ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. തലസ്ഥാനമായ ഭോപ്പാൽ ഉൾപ്പടെ മൂന്ന് നഗരങ്ങളിലാണ് ലോക്ക്ഡൗൺ പ്രഖ്യപിച്ചിരിക്കുന്നത്. ഭോപ്പാലിന് പുറമെ ഇൻഡോറിലും ജബൽപൂരിലും ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറു മണി വരെ സമ്പൂർണ ലോക്ക്ഡൗൺ ആയിരിക്കും.
രാജ്യത്തെ ആകെ കോവിഡ് കേസുകളിൽ 62 ശതമാനവും മഹാരാഷ്ട്രയിലാണ്. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണ്. രാജ്യത്തുള്ള രോഗികളിൽ 8.83 ശതമാനമാണ് കേരളത്തിൽ ചികിത്സയിലുള്ളത്. മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിൽ 5.36 ശതമാനം രോഗികളും ഉള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം കോവിഡ് കൂടുന്ന സംസ്ഥാനങ്ങളിൽ മധ്യപ്രദേശ്, ഗുജറാത്ത് തമിഴ്‌നാട്, കർണാടക, ഹരിയാണ എന്നിവയ്ക്കുപുറമെ ഡൽഹിയെയും ആരോഗ്യമന്ത്രാലയം ഉൾപ്പെടുത്തി. മഹാരാഷ്ട്രയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നുണ്ട്. മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് മരണനിരക്കിലും വ്യക്തമായ വർധനവ് ഉണ്ട്. അതേസമയം കോവിഡ് മരണങ്ങളിൽ 81.38 ശതമാനവും അഞ്ചുസംസ്ഥാനങ്ങളിലായിട്ടാണ്. ഇതിൽ മഹാരാഷ്ട്രയിൽ 70, പഞ്ചാബ് 38, കേരളം 17 എന്നിങ്ങനെയാണ് കോവിഡ് മരണങ്ങൾ. അസം, ഉത്തരാഖണ്ഡ്, ഒഡിഷ, പുതുച്ചേരി, ലക്ഷദ്വീപ്, സിക്കിം, ലഡാക്ക്, മണിപ്പുർ, ദാദ്ര-നാഗർഹവേലി, ദാമൻ ദിയു, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര, അന്തമാൻ നിക്കോബാർ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിൽ ഒറ്റമരണവും റിപ്പോർട്ടുചെയ്തിട്ടില്ല.












Click it and Unblock the Notifications