പാക് വ്യോമതാവളങ്ങളില്‍ ഇന്ത്യന്‍ പ്രത്യാക്രമണം, ഇന്ത്യയുടെ എസ്-400 ന് ഒരു പോറല്‍ പോലുമില്ലെന്ന് സൈന്യം
ന്യൂഡല്‍ഹി: പാകിസ്ഥാന്‍ തുടരുന്ന പ്രകോപനങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കി എന്ന് സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇന്ത്യയുടെ നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പങ്ക് വെച്ചത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗ് എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളേയും ജനവാസമേഖലകളേയും ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തിയത് എന്നും എന്നാല്‍ ഇത് ചെറുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചു എന്നും സൈന്യം വ്യക്തമാക്കി. വിവിധ ആയുധങ്ങള്‍ ഉപയോഗിച്ച് 26 ല്‍ അധികം കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയായിരുന്നു പാക് ആക്രമണ നീക്കം എന്നും ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ക്ക് നേരിയ കേടുപാടുകള്‍ സംഭവിച്ചു എന്നും സൈന്യം വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യയുടെ പല വ്യോമകേന്ദ്രളും തകര്‍ത്തെന്ന പാക് വാദം പച്ചക്കള്ളമാണ് എന്നും ഇന്ത്യയുടെ വ്യോമതാവളങ്ങളും പവര്‍ഗ്രിഡും സുരക്ഷിതമാണ് എന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാകിസ്ഥാന്‍ ഇത് സംബന്ധിച്ച് വ്യാജപ്രചാരണം നടത്തുകയാണ് എന്നും രേഖകള്‍ സഹിതം ചൂണ്ടിക്കാട്ടി ഇന്ത്യ പറഞ്ഞു. പാകിസ്ഥാന്‍ സാധാരണക്കാരുടെ നേരെയും ആക്രമണത്തിന് ശ്രമിച്ചു.
ഇന്ത്യ ഇപ്പോഴും ശ്രമിക്കുന്നത് സംഘര്‍ഷം ലഘൂകരിക്കാന്‍ ആണ് എന്നും എന്നാല്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത് സ്ഥിതി വഷളാക്കാന്‍ ആണ് എന്നും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ജനവാസമേഖലകള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണ നീക്കങ്ങള്‍ നടത്തിയത്. ശ്രീനഗര്‍, അവന്തിപ്പൂര്‍, ഉധംപൂര്‍ എയര്‍ ബേസുകളിലെ മെഡികെയര്‍ സെന്ററുകളും സ്‌കൂളുകളും പാകിസ്ഥാന്‍ ഉന്നമിട്ടു
ആറ് സൈനികകേന്ദ്രങ്ങളും രണ്ട് വ്യോമകേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇന്ത്യ ഇതിന് തിരിച്ചടിച്ചത്. അതിര്‍ത്തിയില്‍ പാക് സൈനിക നീക്കം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ഇന്ത്യന്‍ സേന അതീവ ജാഗ്രത തുടരും എന്നും സൈന്യം വ്യക്തമാക്കി. പാകിസ്ഥാന്‍ സൈന്യം അതിര്‍ത്തിയ്ക്ക് മുന്നോട്ടുള്ള പ്രദേശങ്ങളിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇത് സംഘര്‍ഷം കൂടുതല്‍ വഷളാക്കാനുള്ള അവരുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നുവെന്നും വ്യോമിക സിംഗ് പറഞ്ഞു.
ഏത് സാഹചര്യത്തിനും ഇന്ത്യന്‍ സായുധ സേന സജ്ജരാണെന്നും അവര്‍ പറഞ്ഞു. ഇന്ത്യന്‍ സായുധ സേന തിരിച്ചറിഞ്ഞ സൈനിക ലക്ഷ്യങ്ങളില്‍ മാത്രമാണ് കൃത്യമായ ആക്രമണം നടത്തിയത് എന്നും ഇന്ത്യന്‍ എസ്-400 സംവിധാനം നശിപ്പിച്ചതായും സൂറത്തിലെയും സിര്‍സയിലെയും വ്യോമതാവളങ്ങള്‍ നശിപ്പിച്ചതായും അവകാശപ്പെട്ടുകൊണ്ട് പാകിസ്ഥാന്‍ തുടര്‍ച്ചയായി ക്ഷുദ്രകരമായ തെറ്റായ വിവര പ്രചാരണം നടത്താന്‍ ശ്രമിച്ചു എന്നും വ്യോമിക സിംഗ് പറഞ്ഞു.
പടിഞ്ഞാറന്‍ അതിര്‍ത്തികളില്‍ പാകിസ്ഥാന്‍ സൈന്യം തുടര്‍ച്ചയായി ആക്രമണം നടത്തിവരികയാണ്. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളെ ആക്രമിക്കാന്‍ അവര്‍ ഡ്രോണുകള്‍, ദീര്‍ഘദൂര ആയുധങ്ങള്‍, മറ്റ് യുദ്ധോപകരണങ്ങള്‍, യുദ്ധവിമാനങ്ങള്‍ എന്നിവ ഉപയോഗിച്ചു. എന്നാല്‍ ഇന്ത്യ ഇവ അപകടങ്ങളെ നിര്‍വീര്യമാക്കി. പക്ഷേ പാകിസ്ഥാന്‍ 26 ലധികം സ്ഥലങ്ങളില്‍ വ്യോമമാര്‍ഗം നുഴഞ്ഞുകയറാന്‍ ശ്രമിച്ചു.
ഉധംപൂര്‍, ഭുജ്, പത്താന്‍കോട്ട്, ബട്ടിന്‍ഡ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലെ നമ്മുടെ ഉപകരണങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവര്‍ കേടുപാടുകള്‍ വരുത്തി. പുലര്‍ച്ചെ 1:40 ന് പഞ്ചാബിലെ വ്യോമതാവളം ലക്ഷ്യമാക്കി അവര്‍ അതിവേഗ മിസൈലുകള്‍ ഉപയോഗിച്ചു. ആരോഗ്യ കേന്ദ്രങ്ങളും സ്‌കൂളുകളും പോലും അവര്‍ ആക്രമിച്ചു,' കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇന്ത്യന്‍ മെയിലര്‍മാര്‍ അഫ്ഗാനിസ്ഥാനെ ആക്രമിച്ചുവെന്ന അവകാശവാദം പരിഹാസ്യം ആണെന്ന് വിക്രം മിസ്രി പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പലതവണ അഫ്ഗാനിസ്ഥാനിലെ സിവിലിയന്‍ ജനതയെയും സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയ രാജ്യം ഏതാണെന്ന് അഫ്ഗാന്‍ ജനതയെ ഓര്‍മ്മിപ്പിക്കേണ്ടതില്ലെന്ന് താന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications