മൂന്നാമതും മോദി തന്നെ: ഇന്ത്യാ സഖ്യത്തിന് യുപിയിലും രക്ഷയില്ലെന്ന് സർവ്വെ, ഗുജറാത്തും തൂത്തുവാരും
ഡല്‍ഹി: വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കും? നരേന്ദ്ര മോദി മൂന്നാമതും അധികാരത്തിലെത്തുമോ, അതോ പ്രതിപക്ഷ സഖ്യമായ ഇന്ത്യ അത്ഭുതം കാണിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജനങ്ങളുടെ ആകാംക്ഷ വർധിപ്പിച്ചുകൊണ്ട് നിരവധി അഭിപ്രായ സർവ്വേകളും ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. അത്തരത്തില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന ഇന്ത്യ ടിവി - സി എന്‍ എക്സ് സർവ്വേ വ്യക്തമാക്കുന്നത് കേന്ദ്രത്തില്‍ മൂന്നാമതും ബി ജെ പി നയിക്കുന്ന എന്‍ ഡി എ തന്നെ അധികാരത്തില്‍ വന്നേക്കുമെന്നാണ്.
രാജ്യത്ത് ആകെയുള്ള 543 സീറ്റില്‍ 318 സീറ്റുകള്‍ നേടിയായിരിക്കും എന്‍ ഡി എ സഖ്യം അധികാരത്തില്‍ തുടരുകയെന്നാണ് സർവ്വെ അവകാശപ്പെടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ ഏതാനും സീറ്റുകള്‍ കുറയുമെങ്കിലും ബി ജെ പിയെ പരാജയപ്പെടുത്താന്‍ ഇന്ത്യാ സഖ്യത്തിന് കഴിയില്ലെന്ന് വ്യക്തം. 175 സീറ്റുകളാണ് പ്രതിപക്ഷ സഖ്യത്തിന് പ്രവചിക്കുന്നത്. ബി ആർ എസ്, ബി ജെ ഡി, വൈഎസ് ആർ കോണ്‍ഗ്രസ് തുടങ്ങി ഇരുമുന്നണിയുടേയും ഭാഗമല്ലാത്ത പാർട്ടികള്‍ 50 സീറ്റുകളും നേടിയേക്കാം.

ഉത്തർ പ്രദേശാണ് ഇത്തവണയും ബി ജെ പിയുടെ പവർ ഹൗസ്. 2019 ല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ (70) അവർ ഇത്തവണ യുപിയില്‍ നേടിയേക്കാം. ബി ജെ പി സഖ്യ കക്ഷികളായ അപ്നാദള്‍, എസ്ബിഎസ്പി എന്നിവർ ഒരോ സീറ്റിലും വിജയിക്കാമെന്നും സർവ്വേ പറയുന്നു. പ്രതിപക്ഷ നിരയിലേക്ക് എത്തുമ്പോള്‍ കഴിഞ്ഞ തവണ അഞ്ച് സീറ്റ് നേടിയ എസ്പി ഇത്തവണ 4 ലേക്ക് ചുരുങ്ങും. കോണ്‍ഗ്രസ് ഒരു സീറ്റ് എന്നുള്ളത് രണ്ടായി ഉയർത്തുമെന്നും സർവ്വേ പറയുന്നു. ആർ എല്‍ ഡിക്കും ഒരു സീറ്റ് ലഭിച്ചേക്കാം. എന്നാല്‍ 2019 ല്‍ പത്ത് സീറ്റ് നേടിയ ബി എസ് പിക്ക് ഇത്തവണ ഒറ്റ സീറ്റും ലഭിച്ചേക്കില്ല.
ഉത്തരാഘണ്ഡില്‍ ആകെയുള്ള 5 ല്‍ അഞ്ച് സീറ്റും ബി ജെ പി പിടിക്കും. കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെക്കുന്ന കർണാടകയിലും സർവ്വേ മുന്‍തൂക്കം നല്‍കുന്നത് ബി ജെ പിക്കാണ്. ആകെയുള്ള 28 സീറ്റില്‍ 20 ലും ബി ജെ പി വിജയിച്ചേക്കാം. കോണ്‍ഗ്രസിന് 7 സീറ്റിലും ജെ ഡി എസിന് ഒരു സീറ്റിലുമാണ് വിജയ സാധ്യത. ഗുജറാത്തില്‍ 26 ല്‍ 26 ഉം ബി ജെ പി തൂത്ത് വാരും.
കേരളത്തില്‍ ആകെയുള്ള 20ൽ 16 സീറ്റും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് നേടിയേക്കുമെന്നാണ് പ്രവചനം. നാല് സീറ്റുകൾ മാത്രമായിരിക്കും സി പി എം നേതൃത്വം നല്‍കുന്ന എൽ ഡി എഫിന് ലഭിക്കുക. അതേസമയം ബിജെപിക്ക് ഇത്തവണയും നിരാശയാകും ഫലം. അവർക്ക് സംസ്ഥാനത്ത് സീറ്റ് നേടാനാവില്ലെന്നും സർവ്വെ പ്രവചിക്കുന്നു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് 30 സീറ്റുകളും തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ 21 സീറ്റുകളും നേടിയേക്കും. ഒഡീഷയിൽ ബിജു ജനതാദൾ 13 സീറ്റുകളും ആന്ധ്രാപ്രദേശില്‍ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോണ്‍ഗ്രസ് 15 സീറ്റും നേടാനാണ് സാദ്യത. അതേസമയം കെ ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിലുള്ള ബിആർഎസ് തെലങ്കാനയിൽ ആകെയുള്ള 17 സീറ്റുകളിൽ 8 സീറ്റുകള്‍ മാത്രമേ ലഭിക്കൂ. രാജസ്ഥാനിലെ 25ൽ 23ഉം മധ്യപ്രദേശിലെ 29ൽ 25ഉം ഛത്തീസ്ഗഡിലെ 11ൽ ഏഴും അസമിൽ 14ൽ 12ഉം എൻഡിഎ നേടിയേക്കുമെന്നും സർവ്വേ അവകാശപ്പെടുന്നു.












Click it and Unblock the Notifications