ബാരിക്കേഡുകളും, ഭീഷണികളും സത്യത്തെ തടയില്ല; ആ സത്യത്തിന്റെ പേര് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക
ദില്ലി: ഡെക്കാന്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിനായി ഹാജരായിരിക്കുകയാണ്. വലിയ പ്രതിഷേധമാണ് തലസ്ഥാന നഗരിയില്‍ നടന്നത്. രാഹുലിന് പിന്തുണയുമായി പ്രിയങ്ക ഗാന്ധിയും എത്തിയിരിക്കുകയാണ്. പോലീസ് ബാരിക്കേഡുകള്‍, ഇഡിയുടെ ഭീഷണികള്‍, ലാത്തികളും ജലപീരങ്കികളും കൊണ്ട് സത്യമെന്ന കൊടുങ്കാറ്റിനെ തടയാനാവില്ല. ആ അചഞ്ചലമായ സത്യത്തിന്റെ പേരാണ് രാഹുല്‍ ഗാന്ധിയെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്തു. നേരത്തെ രാഹുലിനെ ഇഡി ഓഫീസിലേക്ക് പോകുമ്പോള്‍ പ്രിയങ്കയും അനുഗമിച്ചിരുന്നു. നൂറുകണക്കിന് ആളുകളുടെ വന്‍ ജനാവലിയോടെയാണ് രാഹുല്‍ ഇഡി ഓഫീസിലെത്തിയത്.

അതേസമയം പ്രിയങ്ക ഗാന്ധി തുഗ്ലക് റോഡ് പോലീസ് സ്‌റ്റേഷനില്‍ എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് പ്രിയങ്ക സ്റ്റേഷനിലെത്തിയത്. രണ്‍ദീപ് സിംഗ് സുര്‍ജേവാല, ഹരീഷ് റാവത്ത് എന്നിവര്‍ അടക്കമുള്ളവര്‍ കസ്റ്റഡിയിലാണ്. ഇഡി ഓഫീസിലേക്ക് പോകുന്നതിനിടെ ദില്ലി പോലീസ് തങ്ങളെ കൈയ്യേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ജന്ദര്‍ മന്ദറില്‍ വെച്ച് പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുമതി നല്‍കിയിരുന്നുവെന്ന് ദില്ലി പോലീസ് വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ മാര്‍ച്ച് ഗാന്ധി കുടുംബത്തിന്റെ രണ്ടായിരം കോടി രൂപ സംരക്ഷിക്കാന്‍ വേണ്ടിയാണെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ആരോപിച്ചു.
കസ്റ്റഡിയിലെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുന്ന് രഘുപതി രാഘവ പാടുന്ന ദൃശ്യങ്ങള്‍ ദില്ലി കോണ്‍ഗ്രസ് പങ്കുവെച്ചിട്ടുണ്ട്. അതേസമയം പാര്‍ലമെന്റില്‍ അവകാശലംഘന നോട്ടീസ് കൊണ്ടുവരാനാണ് കോണ്‍ഗ്രസ് തീരുമാനം. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലാണ് നോട്ടീസ് കൊണ്ടുവരിക. പോലീസുകാര്‍ കെസി വേണുഗോപാലിനെ കൈയ്യേറ്റം ചെയ്‌തെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. അതേസമയം പോലീസ് സ്‌റ്റേഷനിലെത്തി പ്രിയങ്ക പ്രവര്‍ത്തകരെ കണ്ടിട്ടുണ്ട്. ജയിലുകള്‍ നിറഞ്ഞ് കവിഞ്ഞാലും കോണ്‍ഗ്രസ് പരാജയത്തെ അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.
സമാധാനപരമായ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ് ചെയ്തതെന്ന് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. അതേസമയം ചണ്ഡീഗഡില്‍ നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ ഞങ്ങളെ അപമാനിക്കുകയാണ്. ഗാന്ധി കുടുംബത്തെ ഓരോ തരത്തിലും അവര്‍ കഷ്ടപ്പെടുത്തുകയാണ്. ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ ഇങ്ങനെയാണ് കാര്യങ്ങളെന്നും റോബര്‍ട്ട് വദ്ര പറഞ്ഞു. ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ പീഡിപ്പിക്കുകയാണെന്നും വദ്ര ആരോപിച്ചു.












Click it and Unblock the Notifications