'അതുകൊണ്ടാണ് പ്രധാനമന്ത്രി തന്നെ പ്രതികരിക്കണം എന്ന് പറയുന്നത്'; സ്ഥിതി സങ്കീര്‍ണമെന്ന് ഇടി മുഹമ്മദ് ബഷീര്‍
മൂന്ന് മാസത്തോളമായി കലാപമുഖരിതമാണ് മണിപ്പൂര്‍. 150 ലേറെ പേര്‍ക്ക് ജീവന്‍ നഷ്ടമായ കലാപത്തിന്റെ ഭീതിദമായ നേര്‍ക്കാഴ്ചകള്‍ ദിനംപ്രതി പുറത്ത് വരികയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കലാപത്തില്‍ നിഷ്‌ക്രിയമാണ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വര്‍ഷകാല സമ്മേളനം ആരംഭിച്ച് ആഴ്ചകളായിട്ടും മണിപ്പൂര്‍ വിഷയത്തെ ചൊല്ലി സഭാ നടപടികള്‍ നിരന്തരം തടസപ്പെടുകയാണ്.
അതിനിടെ പ്രതിപക്ഷ ഐക്യനിരയായ ഇന്ത്യയുടെ പ്രതിനിധി സംഘം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരാണ് മണിപ്പൂര്‍ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ പ്രതിനിധി സംഘത്തിലെ അംഗവും എം പിയും മുസ്ലീം ലീഗ് ദേശീയ സംഘടനാ സെക്രട്ടറിയുമായ ഇടി മുഹമ്മദ് ബഷീര്‍ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിക്കുന്നു.

'ഇന്ത്യ' സഖ്യത്തിന്റെ ഭാഗമായി രണ്ട് ദിവസം മണിപ്പൂരില്‍ ഉണ്ടായിരുന്നല്ലോ. എന്താണ് നിലവിലെ അവിടത്തെ അവസ്ഥ? സ്ഥിതി മെച്ചപ്പെടുന്നുണ്ടോ?
പ്രതിപക്ഷസഖ്യത്തിന്റെ ഭാഗമായി മണിപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ച അത്യന്തം നടുക്കമുളവാക്കുന്നതാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു. കലാപബാധിത പ്രദേശങ്ങള്‍ എല്ലാം സന്ദര്‍ശിച്ചു. നമ്മള്‍ പുറത്ത് കേള്‍ക്കുന്നത് പോലെ രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന നിലക്കല്ല അതിനെ കാണേണ്ടത്. എല്ലാവര്‍ക്കും അറിയുന്നത് പോലെ അതിന് പലതരത്തിലുള്ള ഡൈമന്‍ഷനും ഉണ്ട്.
മെയ്തി-കുക്കി വിഭാഗങ്ങള്‍ തമ്മിലല്ലേ സംഘര്‍ഷം? മറ്റേതെങ്കിലും തരത്തില്‍ അത് വളരുന്നുണ്ടോ?
മെയ്തി വിഭാഗവും കുക്കി വിഭാഗവും തമ്മിലാണ് സംഘര്‍ഷം. കുക്കി വിഭാഗം അവിടത്തെ ആദിവാസികളാണ്. മെയ്തി എന്ന് പറയുന്നത് അവിടത്തെ പ്രബലരായിയിട്ടുള്ള കമ്മ്യൂണിറ്റിയാണ്. ഇവര്‍ തമ്മില്‍ ഇടക്ക് ചില ചെറിയ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. വടക്ക് കിഴക്ക് സംസ്ഥാനങ്ങൡ വളരെ സെന്‍സിറ്റീവായിട്ടുള്ള സംസ്ഥാനമാണിത്. അതിന്റെ ഭൂമിശാസ്ത്രപരമായിട്ടുള്ള ഘടനയും ജനങ്ങളുടെ ജീവിതരീതിയും പരിശോധിച്ചാല്‍ ഒരുപാട് വൈവിധ്യങ്ങളുണ്ട്.
കുറച്ച് നാള്‍ മുന്‍പ് വരെ അഫ്സ്പ നിയമമൊക്കെ അവിടെയുണ്ടായിരുന്നു. ആദിവാസി വിഭാഗമായ കുക്കികള്‍ക്ക് ചില പ്രിവിലേജുകളുണ്ട്. സ്വാതന്ത്ര്യനന്തരം സ്‌പെഷ്യല്‍ പ്രൊവിഷന്‍സിന്റെ ഭാഗമായി കുക്കികള്‍ക്ക് ലഭിച്ചിട്ടുള്ള ചില ആനുകൂല്യങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ ഒരുപാട് സംസ്ഥാനങ്ങളില്‍ ഇത്തരം ആനുകൂല്യങ്ങളുണ്ട്. ആ ആനുകൂല്യം ഇവിടത്തെ പ്രബല വിഭാഗമായ മെയ്തികള്‍ക്ക് കൂടി കൊടുത്തു. അതാണ് സാഹചര്യം വഷളാക്കിയത്.
സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ എത്രത്തോളമുണ്ട്?
മണിപ്പൂരില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ നിഷ്‌ക്രിയമാണ്. ഭൂതത്തെ ഭരണിയില്‍ നിന്നെടുത്ത് പുറത്തിട്ടു എന്ന് പറഞ്ഞ പോലെയാണ് സംസ്ഥാനത്തെ കാര്യങ്ങള്‍. ഇപ്പോള്‍ രണ്ട് വിഭാഗങ്ങള്‍ വേര്‍തിരിഞ്ഞ് സംഘര്‍ഷമായി. ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ ആക്രമിച്ചു എന്ന രീതിയില്‍ അല്ല അതിനെ കാണേണ്ടത്.

ഇത്തരമൊരു അസ്വാരസ്യം വന്നപ്പോള്‍ ആ നിലയില്‍ അത് രൂപാന്തരപ്പെട്ടതാണ്. മതപരമായോ ജാതിപരമായോ ആയ വീക്ഷണത്തില്‍ വന്ന സംഭവമല്ല ഇത്. യഥാര്‍ത്ഥത്തില്‍ കലാപത്തിന്റെ ദുരിതം നിലവില്‍ രണ്ട് കൂട്ടരും അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.
ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിച്ചിരുന്നല്ലോ? എന്താണ് അവിടത്തെ അവസ്ഥ?
പറഞ്ഞറിയിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് ക്യാംപുകളിലും ഉള്ളത്. 1300 പേരുള്ള ക്യാംപില്‍ ഞങ്ങള്‍ പോയി. അവരുടെയൊക്കെ അവസ്ഥ വളരെ ദയനീയമാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും അവിടെ സൗകര്യമില്ല. അവരുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി.
ഗവര്‍ണറുമായി പ്രതിനിധി സംഘം ചര്‍ച്ച നടത്തിയിരുന്നല്ലോ? ഗവര്‍ണറുടെ പ്രതികരണം എന്തായിരുന്നു?
സംസ്ഥാനത്തേയും ക്യാംപിലേയും അവസ്ഥ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്.

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തന്നെ പ്രതികരിക്കണം എന്ന് പ്രതിപക്ഷം ശാഠ്യം പിടിക്കുന്നത് എന്തിനാണ്?
ഈ വിഷയത്തില്‍ ഇതുവരെ പ്രധാനമന്ത്രി ഇടപെട്ടിട്ടില്ല. അദ്ദേഹം പങ്കെടുത്ത ഒരു യോഗം പോലും നടന്നിട്ടില്ല. പാര്‍ലമെന്റില്‍ പ്രധാനമന്ത്രി വന്നിട്ട് പോലുമില്ല. പ്രധാനമന്ത്രി പ്രതികരിച്ചാല്‍ ലോകത്തിന് മുന്നില്‍ ഇത് ചര്‍ച്ച ചെയ്യം. പാര്‍ലമെന്റിന് തൊട്ടടുത്ത് തന്റെ ഓഫീസില്‍ വന്നിരുന്നിട്ടും പ്രധാനമന്ത്രി പാര്‍ലമെന്റിലേക്ക് എത്തുന്നില്ല. അദ്ദേഹം പ്രതികരിച്ചാല്‍ ലോകത്തിന് മുന്നില്‍ ഇന്ത്യ ഈ വിഷയം ഗൗരവമായി എടുക്കുന്നു എന്ന സന്ദേശമെങ്കിലും പോകും.
അത് നടന്നിട്ടില്ല. സര്‍ക്കാര്‍ അടിയന്തരമായി മുന്നോട്ട് വന്ന് ഈ പ്രശ്നങ്ങള്‍ തീര്‍ക്കണം. നിലവില്‍ ഇത് എങ്ങനെ പരിഹരിക്കണം എന്ന് ആര്‍ക്കും ഒരു രൂപവുമില്ല. വളരെ സങ്കീര്‍ണമായി പ്രശ്നം തുടരുകയാണ്. സര്‍ക്കാരിനെ നടപടിക്കായി പ്രേരിപ്പിക്കാനേ നമുക്ക് കഴിയൂ.












Click it and Unblock the Notifications