ജയലളിതയുടെ സ്വത്തുക്കള്‍ ശശികല കൈക്കലാക്കി; രഹസ്യനീക്കങ്ങളുടെ ചുരുളഴിയുന്നു, രേഖകള്‍ പുറത്ത്

  • Written By:
Subscribe to Oneindia Malayalam

ഹൈദരാബാദ്: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്തുക്കള്‍ ശശികലയുടെ പേരിലേക്ക് മാറ്റുന്നുവെന്ന് റിപോര്‍ട്ടുകള്‍. ഹൈദരാബാദിലെ സ്വത്തുക്കളാണ് ഇത്തരത്തില്‍ മാറ്റിയതായി രേഖയുള്ളത്. എന്നാല്‍ ശശികല അഴിമതിക്കേസില്‍ ജയിലിലായതോടെ തുടര്‍ നീക്കങ്ങള്‍ എങ്ങനെയാവുമെന്ന് വ്യക്തമല്ല.

മുഖ്യമന്ത്രിയാവാന്‍ കൊതിച്ച അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഇപ്പോള്‍ അഴിമതിക്കേസില്‍ നാല് വര്‍ഷം ശിക്ഷിക്കപ്പെട്ട് കര്‍ണാടകയിലെ പരപ്പന അഗ്രഹാര ജയിലിലാണ്. അവരുടെ ജയിലിലെ വിശേഷങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് ജയലളിതയുടെ സ്വത്തുക്കളുടെ ഉടമയുടെ പേരുകള്‍ മാറ്റിയെന്ന കാര്യം പരസ്യമായത്.

സെക്കന്തരാബാദിലെ ഭൂമിയും വീടും

ജയലളിതക്ക് സെക്കന്തരാബാദില്‍ നിരവധി ഭൂമികളുണ്ട്. ഇതില്‍ വെസ്റ്റ് മാറെഡ്പള്ളിയിലെ രാധിക കോളനിയിലുള്ള സ്ഥലത്തിന്റെ രേഖകളാണ് ഇപ്പോള്‍ ശശികല നടരാജന്‍ എന്ന പേരിലാക്കിയിരിക്കുന്നത്. പ്ലോട്ട് നമ്പര്‍ 16 ജി/എഫ് എന്ന പേരിലുള്ള വീടിന്റെ രേഖകളിലാണ് മാറ്റം.

സര്‍ക്കാര്‍ നോട്ടീസ് അയച്ചു

വീടിന് സ്വത്ത് നികുതി അടയ്ക്കാത്തതിന്റെ പേരില്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ബന്ധപ്പെട്ട വകുപ്പ്. 35424 രൂപ സ്വത്ത് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് സെക്കന്തരാബാദ് കന്റോണ്‍മെന്റ് ബോര്‍ഡ് ആണ് ചൊവ്വാഴ്ച നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രതാപകാലത്ത് വാങ്ങിയത്

കഴിഞ്ഞ ഡിസംബര്‍ 4നാണ് ജയലളിത മരിച്ചത്. രണ്ട് മാസം പിന്നിടുമ്പോഴാണ് നികുതി നോട്ടീസ് വന്നിരിക്കുന്നത്. സെക്കന്തരാബാദിലെ ഈ ഇരുനില വീട് സിനിമാ ലോകത്ത് തിളങ്ങിനില്‍ക്കുമ്പോള്‍ ജയലളിത വാങ്ങിയതാണ്.

സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി അവര്‍ എപ്പോഴും ഹൈദരാബാദില്‍ എത്തിയിരുന്നു. ആദ്യമൊക്കെ അവര്‍ താമസിച്ചിരുന്നത് ബഞ്ചാര ഹില്‍സിലെ ഹോട്ടലിലായിരുന്നു. പിന്നീടാണ് സെക്കന്തരാബാദിലെ വീട് വാടകക്ക് വാങ്ങിയത്. പിന്നീട് ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലും അവര്‍ നിരവധി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടി. ഇതില്‍ പെടുന്നതാണ് രാധിക കോളനിയിലെ ഈ വീടും.

രണ്ടു വര്‍ഷമായി നികുതി ഒടുക്കുന്നില്ല

രണ്ടുവര്‍ഷമായി ഈ വീടിന് നികുതി ഒടുക്കാറില്ലെന്ന് കന്റോണ്‍മെന്റ് ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവില്‍ 35424 രൂപ അടയ്ക്കാനുണ്ട്. നിരവധി തവണ നോട്ടീസ് അയച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി നോട്ടീസ് പതിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നികുതി വകുപ്പിന്റെ നടപടി

നികുതി ഒടുക്കാത്തവര്‍ മേഖലയില്‍ നിരവധിയാണ്. ഇത്തരക്കാര്‍ക്ക് നികുതി വകുപ്പ് നോട്ടീസ് അയക്കും. ആവര്‍ത്തിച്ച് നോട്ടീസ് അയച്ചിട്ടും പ്രതികരിക്കുന്നില്ലെങ്കിലോ വീട് പൂട്ടിയിട്ടിരിക്കുകയാണെങ്കിലോ ആണ് വീട്ടില്‍ നോട്ടീസ് പതിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സമീപവാസികള്‍ പുറയുന്നത് ഇങ്ങനെ

എന്നാല്‍ വീടിനെ കുറിച്ച് സമീപവാസികള്‍ പറയുന്നത് മറ്റൊരു കഥയാണ്. അവര്‍ക്ക് ജയലളിതയുടെ വീടാണെന്നോ ശശികലയുടേതാണെന്നോ എന്നൊന്നും അത്ര വ്യക്തമല്ല. ആദ്യം ഒരു കുടുംബം ഈ വീട്ടില്‍ താമസിച്ചിരുന്നുവത്രെ. പുതുക്കി പണിയുന്ന ചില നീക്കങ്ങള്‍ തുടങ്ങിയതോടെ മൂന്ന് മാസം മുമ്പ് അവര്‍ വീട് ഒഴിയുകയായിരന്നു. എന്നാല്‍ ശശികല ഇവിടെ സന്ദര്‍ശിച്ചതായി നാട്ടുകാര്‍ കണ്ടിട്ടില്ല.

ജയലളിതയുടെ മറ്റു സ്വത്തുക്കള്‍

ജയലളിത ആദ്യം ഹൈദരാബാദില്‍ വാങ്ങിയത് ഒരു കൃഷി ഭൂമിയായിരുന്നു. ജെജെ ഗാര്‍ഡന്‍ എന്നു പേരിട്ട മെഡ്കല്‍ റോഡിലെ ഈ സ്ഥലം ജയലളിതയുടെയും അമ്മ സന്ധ്യയുടെയും പേരിലായിരുന്നു. 1968ലാണ് ഈ സ്ഥലം വാങ്ങിയത്. ഇവിടെ 14.50 ഏകറില്‍ മുന്തിരി തോട്ടമുണ്ട്. പിന്നീട് ഇതിനോട് ചേര്‍ന്ന് 3.33 ഏകര്‍ കൂടി ജയലളിത വാങ്ങി.

പാവപ്പെട്ടവരുടെ സ്വത്ത് കൈക്കലാക്കിയതോ?

2007 ജനുവരി 25ന് ആന്ധ്രയിലെ വൈഎസ് രാജശേഖര റെഡ്ഡി സര്‍ക്കാര്‍ ഈ സ്ഥലത്തിന് നോട്ടീസ് അയച്ചതോടെ ഇത് വിവാദ ഭൂമിയായിരുന്നു. 1956-59 കാലത്ത് പ്രദേശത്തെ പാവപ്പെട്ടവര്‍ക്കായി നീക്കിവച്ച 8.1 ഏകര്‍ ഭൂമിയും ജയലളിത കൈവശം വയ്ക്കുന്നുവെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. എന്നാല്‍ വിവിധ വ്യക്തികളില്‍ നിന്നാണ് ജയലളിത ഈ സ്ഥലങ്ങള്‍ വാങ്ങിയത്. അവര്‍ ഈ ആരോപണം നിഷേധിച്ചിരുന്നു.

ഉടമസ്ഥാവകാശം മാറ്റിയത് ആര്?

ഈ സ്ഥലത്തിന് പുറമെ ശ്രീനഗര്‍ കോളനിയില്‍ ജയലളിത 14000 ചതുരശ്ര അടിയിലുള്ള ഒരു കെട്ടിടവും വാങ്ങിയിരുന്നു. 1967 ഡിസംബര്‍ 11നായിരുന്നു ഇത്. എന്നാല്‍ ജയലളിത തന്നെ സെക്കന്താരാബാദിലെ സ്ഥലവും വീടും ശശികലയുടെ പേരിലേക്ക് മാറ്റിയതാണോ എന്ന് വ്യക്തമായിട്ടില്ല.

തന്റെ സ്വത്തിനെ കുറിച്ച് ജയലളിത പറഞ്ഞത്

2015ല്‍ തമിഴ്‌നാട്ടിലെ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കവെ ജയലളിത സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് അവര്‍ക്ക് 117.13 കോടിയുടെ ആസ്തിയുണ്ടെന്നാണ്. ഇതില്‍ ഹൈദരാബാദിലെ സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് കാണിച്ചിരിക്കുന്നത്. അതിന് ശേഷമാണ് ഭൂമി ഉടമസ്ഥാവകാശം ശശികലയുടെ പേരിലേക്ക് മാറ്റയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

English summary
J. Jayalalithaa’s house in Secunderabad has been served a property tax demand notice of Rs 35,424 by the Secunderabad Cantonment Board, two months after her death on December 4. The property with a ground and first floor was purchased by Jayalalithaa when she was in the film industry and was shuttling between Chennai and Hyderabad.
Please Wait while comments are loading...