ജെഡിഎസ് കോൺഗ്രസിന് ഒപ്പം തന്നെ.. ബിജെപിക്ക് ഒപ്പം പോകുന്ന കാര്യം ചിന്തിച്ചിട്ടില്ലെന്ന് കുമാരസ്വാമി
ബെംഗളൂരു: കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള തിരക്കിട്ട നീക്കങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ജെഡിഎസ്. ജനതാദള്‍ എസ് കോണ്‍ഗ്രസിനൊപ്പം പോകാന്‍ തീരുമാനിച്ചുവെന്നും മറ്റ് തീരുമാനങ്ങളെക്കുറിച്ച് ചോദ്യങ്ങളില്ലെന്നുമാണ് എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയത്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച ബിജെപി പിന്നീട് ജനതാദളിന്റെ പിന്തുണ തേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് ചൊവ്വാഴ്ച തന്നെ ജനതാദള്‍ എസ് പരസ്യപ്രഖ്യാപനം നടത്തിയിരുന്നു.
സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഖ്യത്തിനായി ബിജെപി സമീപിച്ചുവെന്നും ബിജെപിക്ക് ഒപ്പമില്ലെന്നും എച്ച്ഡി കുമാരസ്വാമി വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ജെഡിഎസ് നിലപാട് വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യയ്ക്കും ഒപ്പം രാജ്ഭവനിലെത്തിയ ജെഡിഎസ് സ്റ്റേറ്റ് സെക്രട്ടറി എച്ച്ഡി കുമാരസ്വാമി ചൊവ്വാഴ്ച തന്നെ ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ടിരുന്നു. ഗവര്‍ണറെ കണ്ട ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യെദ്യൂരപ്പയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമയം അനുവദിക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവച്ചത്. പിന്‍വാതില്‍ വഴി കര്‍ണാടകത്തില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യം നടത്തുന്ന നീക്കങ്ങളെയും യെദ്യൂരപ്പ ആഞ്ഞടിച്ചിരുന്നു.
എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും തമ്മിലുള്ള ധാരണ പ്രകാരം സഖ്യം അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി പദം ജെഡിഎസിനായിരിക്കും. ഉപമുഖ്യമന്ത്രി പദമായിരിക്കും കോണ്‍ഗ്രസിന് ലഭിക്കുക. അതേസമയം ബിജെപിയിലേക്കില്ലെന്ന വ്യക്തമായ സൂചനയും ഇതോടെ കുമാരസ്വാമി ഇതോടെ നല്‍കിയിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഭൂരിപക്ഷം നേടി അധികാരത്തിലെത്തുമെന്നും ഒരു പാര്‍ട്ടിയുമായും സഖ്യത്തിനില്ലെന്നുമായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം.
സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ കോണ്‍ഗ്രസിന്റെ 78 എംഎല്‍എമാരില്‍ 66 പേരും കോണ്‍ഗ്രസിന്റെ ബെംഗളൂരുവിലെ കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം ബിജെപി ചാക്കിട്ടുപിടുത്തം തുടരുന്നതിനിടെ ആറ് ബിജെപി എംഎല്‍എമാര്‍ തങ്ങളുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് എംബി പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് പാര്‍ട്ടി യോഗവും രാവിലെ ബെംഗളൂരുവില്‍ വെച്ച് നടന്നിരുന്നു.












Click it and Unblock the Notifications