ഡികെ ചോര്‍ത്തിയത് ആ വോട്ട്, ഗൗഡയുടെ കോട്ടയിലും 'കൈ' ഉയര്‍ന്നു, മേദക്കിലും മിന്നി കോണ്‍ഗ്രസ്
ബെംഗളൂരു: കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ ജയത്തോടെ മൂന്നാമത്തെ കക്ഷിയെന്ന പ്രസക്തി തന്നെ സംസ്ഥാനത്ത് ഇല്ലാതായിരിക്കുകയാണ്. എംഎല്‍സി തിരഞ്ഞെടുപ്പിലെ വന്‍ കുതിപ്പ് കോണ്‍ഗ്രസിന് നല്‍കിയത് ജെഡിഎസ്സാണ്. അവരുടെ വോട്ടുബാങ്കാണ് കോണ്‍ഗ്രസിന് പലയിടത്തും വന്‍ വിജയമൊരുക്കിയത്. അതേസമയം ജെഡിഎസ്സ് ആകട്ടെ തീര്‍ത്തും ചാരമായി പോയി.
സോണിയ തുടങ്ങി, അടുത്ത ഊഴം പ്രിയങ്കയ്ക്ക്, മമതയെ ബംഗാളിലേക്ക് മടക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ
ദുര്‍ബലമായ നേതൃത്വം പാര്‍ട്ടിയെ തകര്‍ക്കുമെന്നതാണ് എംഎല്‍സി തിരഞ്ഞെടുപ്പിലൂടെ വ്യക്തമാകുന്നത്. ജെഡിഎസ്സില്‍ നിന്നുള്ള വോട്ട് പതിയെ കോണ്‍ഗ്രസിലേക്ക് മാറുന്നു എന്നാണ് വ്യക്തമാകുന്നത്. ഇതിന് പ്രധാന കാരണം ഡികെ ശിവകുമാറിനെ പോലൊരു നേതാവ് കോണ്‍ഗ്രസിന്റെ തലപ്പത്ത് വന്നതാണ്.

കോണ്‍ഗ്രസിനാണ് എംഎല്‍സി തിരഞ്ഞെടുപ്പ് കൊണ്ട് ഏറ്റവുമധികം നേട്ടമുണ്ടായത്. 25 സീറ്റിലേക്ക് നടന്ന പോരാട്ടത്തില്‍ 11 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. ഈ സീറ്റുകളെല്ലാം ജെഡിഎസ്സിന്റെ സഹായത്തോടെ, അല്ലെങ്കില്‍ അവരുടെ വോട്ട് കൊണ്ടാണ് കോണ്‍ഗ്രസ് സ്വന്തമാക്കിയത്. 2015ല്‍ കോണ്‍ഗ്രസ് നേടിയതിനേക്കാള്‍ മൂന്ന് സീറ്റ് മാത്രം കുറവാണ് ഇത്തവണ കോണ്‍ഗ്രസിന് ലഭിച്ചത്. എട്ട് സ്ഥാനാര്‍ത്ഥികള്‍ ആദ്യമായി വിജയിച്ച് നിയമസഭയിലെത്തി. അതേസമയം ബിജെപിക്കും പതിനൊന്ന് സീറ്റ് തന്നെ ലഭിച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഭരിക്കുന്ന പാര്‍ട്ടിയേക്കാള്‍ കൂടുതല്‍ സീറ്റ് പ്രതിപക്ഷത്തിന് ലഭിക്കുന്നത്. ഡികെയുടെ കരുത്ത് ഇതിലൂടെ വര്‍ധിച്ചിരിക്കുകയാണ്.

കോണ്‍ഗ്രസില്‍ യാതൊരു പ്രശ്‌നങ്ങളും തിരഞ്ഞെടുപ്പ് സമയത്തില്ലായിരുന്നു. ഒറ്റക്കെട്ടായി നിന്ന് സിദ്ധരാമയ്യയും ഡികെ ശിവകുമാറും തിരഞ്ഞെടുപ്പിനെ നേരിട്ടു. ഇത് നേരത്തെ ഹംഗലിലെ തിരഞ്ഞെടുപ്പ് സമയത്തും പ്രകടമായിരുന്നു. ഒന്നിച്ച് നിന്നാല്‍ ബിജെപിയെ കെട്ടുകെട്ടിക്കാമെന്ന വിശ്വാസം ഇതോടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ശക്തമായിരിക്കുകയാണ്. ജെഡിഎസ്സ് തീര്‍ത്തും ഇല്ലാതായി എന്നതാണ് ഇവിടെ വ്യക്തമാകുന്നത്. ഗൗഡകളുടെ കോട്ടയായ ഓള്‍ഡ് മൈസൂരില്‍ ജെഡിഎസ് തകര്‍ന്നടിഞ്ഞു. ഗൗഡകള്‍ കൈവശം വെച്ചിരുന്ന മൂന്ന് സീറ്റുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. മുമ്പൊരിക്കലും കര്‍ണാടകത്തില്‍ സംഭവിക്കാത്ത ട്രെന്‍ഡാണിത്.

തുമകുരു, മാണ്ഡ്യ, കോലാര്‍ മണ്ഡലങ്ങളാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഒപ്പം ബെംഗളൂരു റൂറല്‍, മൈസൂരുവും കോണ്‍ഗ്രസ് നിലനിര്‍ത്തി. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം കോണ്‍ഗ്രസ് പുതുമുഖങ്ങളെയാണ് മൂന്നിടത്തും മത്സരിപ്പിച്ചതെന്നതാണ്. മൈസൂരു മേഖലയില്‍ വരുന്ന തുമകുരുവില്‍ ആര്‍ രാജേന്ദ്രയെ കോണ്‍ഗ്രസ് കളത്തിലിറക്കി. കോലാറില്‍ അനില്‍ കുമാറിനെയും മൈസൂരുവില്‍ തിമ്മയ്യയെയും ചാമരാജ്‌നഗറില്‍ ഗൂളി ഗൗഡയെയും രംഗത്തിറക്കി. ഇവരെല്ലാം ജെഡിഎസ്സിനെതിരെ വിജയിച്ചു. മാണ്ഡ്യ ജില്ലയില്‍ ആറ് എംഎല്‍എമാര്‍ ജെഡിഎസ്സിനുണ്ട്. എന്നിട്ടും ഗൂളി ഗൗഡയോട് ജെഡിഎസ്സ് തോറ്റു.

ഗൂളി ഗൗഡ സഹകരണ മന്ത്രി സോമശേഖറിന്റെ സ്‌പെഷ്യല്‍ ഓഫീസറായി സേവനം അനുഷ്ഠിച്ച വ്യക്തിയാണ്. മുന്‍ ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ മീഡിയ ഓഫീസറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അത്തരത്തില്‍ മികച്ച പ്രതിച്ഛായ ഗൂളി ഗൗഡയ്ക്കുണ്ട്. ചന്നരാജ്, ഭീമറാവു പാട്ടീല്‍, മഞ്ജുനാഥ് ഭണ്ഡാരി, ഷാനാരായണഗൗഡ പാട്ടീല്‍, എന്നിവരും പുതുമുഖങ്ങളാണ്. ജെഡിഎസ്സും ബിജെപിയും തമ്മില്‍ പരസ്പര ധാരണയോടെ മത്സരിക്കുന്നതില്‍ പരാജയപ്പെട്ടു. ഒപ്പം ഇരു പാര്‍ട്ടിയുടെയും നേതാക്കള്‍ പ്രചാരണസമയത്ത് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രീതിയില്‍ തിരിച്ചടിയായി മാറി. ജെഡിഎസ്സിനാണ് അതുകൊണ്ട് നഷ്ടമുണ്ടായത്.

അതേസമയം തുമകുരുവില്‍ നിന്നുള്ള ജെഡിഎസ്സിന്റെ എംഎല്‍സി കാന്തരാജ് മറ്റ് ചില നേതാക്കളും അടുത്ത് തന്നെ കോണ്‍ഗ്രസില്‍ ചേരാനിരിക്കുകയാണ്. കോലാറില്‍ ജെഡിഎസ്സിന്റെ വിശ്വസ്തനായിരുന്നു സിആര്‍ മനോഹറും അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.ഇതെല്ലാം വന്‍ തിരിച്ചടിയായിട്ടുണ്ട്. ബെലഗാവിയില്‍ ബിജെപി തന്നെ അമ്പരന്ന് പോയ തോല്‍വിയാണ് ഉണ്ടായത്. മഹതേഷ് കവതഗിമത്തിനെ പോലൊരു പ്രബലനെയാണ് പരാജയപ്പെടുത്തിയത്. ചന്നരാജ് ബി ഹട്ടിഹോളി അതും കന്നി മത്സരത്തിന് ഇറങ്ങിയ സ്ഥാനാര്‍ത്ഥിയായിരുന്നു. മുന്‍ഗണനാ വോട്ട് ഹട്ടിഹോളിക്കാണ് ലഭിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകളൊന്നും ഇത്തവണ കോണ്‍ഗ്രസ് ക്യാമ്പിലുണ്ടായിരുന്നില്ല. ഹസന്‍, ശിവമോഗ, ഉത്തര കന്നഡ, ബല്ലാരി എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടമായിട്ടുണ്ട്.

തെലങ്കാനയിലും മിന്നുന്ന പ്രകടനമാണ് കോണ്‍ഗ്രസ് എംഎല്‍സി തിരഞ്ഞെടുപ്പില്‍ കാഴ്ച്ചവെച്ചത്. വിജയിക്കാനായില്ലെങ്കിലും മേദിക്കലും ഖമാമിലും നല്ല പ്രകടനം തന്നെ കോണ്‍ഗ്രസ് നടത്തി. മേദക്കില്‍ 1018 വോട്ടാണ് ആകെ ഉണ്ടായിരുന്നത്. ഇതില്‍ 762 വോട്ട് ടിആര്‍എസ്സിന്റെ യാദവ് റെഡ്ഡിക്ക് ലഭിച്ചു. കോണ്‍ഗ്രസിന്റെ നിര്‍മല ജയപ്രകാശ് റെഡ്ഡി ആകെ നേടിയത് 238 സീറ്റുകളാണ്. വര്‍ക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് റെഡ്ഡിയുടെ ബാര്യ നിര്‍മല ജയപ്രകാശ് റെഡ്ഡിയെ നിര്‍ത്തി കെസിആറിനെ ഞെട്ടിക്കാനും കോണ്‍ഗ്രസിന് സാധിച്ചു. ജയപ്രകാശ് റെഡ്ഡി ഭാര്യയെ ജയിപ്പിക്കാന്‍ സംസ്ഥാനമാകെ ഇളക്കി മറിച്ചിരുന്നു. ആകെ 230 വോട്ടാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ എട്ട് വോട്ടുകള്‍ അധികം ലഭിച്ചു. ഇത് എവിടെ നിന്ന് വന്നുവെന്ന് ഇപ്പോഴും ടിആര്‍എസ്സിന് മനസ്സിലായിട്ടില്ല.

ടിആര്‍എസ്സില്‍ കെസിആറുമായി ഇടഞ്ഞ് നില്‍ക്കുന്ന എംഎല്‍എമാര്‍ വോട്ട് മറിച്ചുവെന്നാണ് വ്യക്തമാകുന്നത്. ടിആര്‍എസ്സിന് 777 വോട്ടുണ്ട്. ആകെ കിട്ടിയത് 762 വോട്ടാണ്. അതേസമയം ഖമാമില്‍ നാഗേശ്വര റാവുവിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 98 വോട്ട് മാത്രമാണ് കോണ്‍ഗ്രസിന് ഖമാമിലുള്ളത്. ഇവിടെ 242 വോട്ട് കോണ്‍ഗ്രസിന് ലഭിച്ചു. ഇവിടെയും ധാര്‍മിക വിജയം കോണ്‍ഗ്രസിനായിരുന്നു. ടിആര്‍എസ്സില്‍ നിന്ന് വോട്ട് ചോരുന്നതും വലിയ ചര്‍ച്ചയായി. അതേസമയം സിപിഐ പലയിടത്തും കോണ്‍ഗ്രസിനാണ് വോട്ട് ചെയ്തത്. വൈറ, സാധുപള്ളി, കോട്ടഗുഡം, ഭദ്രാദ്രി എന്നിവിടങ്ങളിലെല്ലാം പരസ്പര ധാരണയുണ്ടായിരുന്നു. സിപിഎം വോട്ട് ടിആര്‍എസ്സിന് ലഭിച്ചെന്നാണ് സൂചന.
സുഹൃത്തുക്കള്‍ സിനിമയില്‍ നിന്ന് അവഗണിച്ചു, ചാരിറ്റി പണം വാങ്ങാറില്ല, ബാധ്യതയുണ്ടെന്ന് സീമ ജി നായര്‍