ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ്; ഇന്ത്യ സഖ്യവും എൻഡിഎയും നേർക്കുനേർ, കിംഗ് മേക്കറാവുമോ ചമ്പായി സോറൻ?
റാഞ്ചി: നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് ജാർഖണ്ഡ്. വോട്ടെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇവിടെ നേരിട്ടെത്തി കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ജാർഖണ്ഡിൽ വോട്ടെടുപ്പിന് മുൻപ് തന്നെ മുന്നണികൾ തമ്മിലുള്ള പോർമുഖം തുറന്ന് കഴിഞ്ഞു.
കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി നിരവധി മാറ്റങ്ങളിലൂടെയാണ് ജാർഖണ്ഡ് രാഷ്ട്രീയം കടന്നുപോയത്. ദേശീയ തലത്തിലെ പോരാട്ടങ്ങളുടെ ആവർത്തനമെന്ന പോലെ സംസ്ഥാനത്ത് ഇന്ത്യ സഖ്യവും എൻഡിഎയും തമ്മിലാണ് ഏറ്റുമുട്ടുക. ഇരു മുന്നണികളും തികഞ്ഞ പ്രതീക്ഷയോടെ തന്നെയാണ് ഇക്കുറി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്.

ഹേമന്ത് സോറൻ നയിക്കുന്ന ജെഎംഎം തന്നെയാണ് സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകുന്ന പ്രധാന കക്ഷി. ജയിൽ മോചിതനായി എത്തിയ ഹേമന്ത് സോറന്റെ കരുത്ത് കുറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ പാർട്ടിക്കൊപ്പം കോൺഗ്രസ്, ആർജെഡി, സിപിഐ-എംഎൽ എന്നിവർ മുന്നണിയുടെ ഭാഗമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന നേട്ടമാണ് അവർ സ്വന്തമാക്കിയത്. അഞ്ച് സീറ്റുകളാണ് അവർ സംസ്ഥാനത്ത് നിന്ന് നേടിയത്.
ഇതേ മികവ് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാൻ കഴിയുമോ എന്നാണ് ഇന്ത്യ സഖ്യം ഉറ്റുനോക്കുന്നത്. എന്നാൽ അതിന് തടസമായി നിൽക്കുന്നത് ബിജെപി ഉൾപ്പെടുന്ന എൻഡിഎയിലെ കക്ഷികൾ തന്നെയാണ്. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്‌തമായി ഇക്കുറി കൂടുതൽ നേതാക്കളെ പാളയത്തിലേക്ക് എത്തിച്ച് ജാർഖണ്ഡിൽ മേൽക്കൈ ഉണ്ടാക്കിയെടുക്കാനുള്ള അവരുടെ ശ്രമം നാം മുൻപ് കണ്ടതാണ്, അതിലൊന്നായിരുന്നു ചമ്പായി സോറന്റെ കൂടുമാറ്റം.
ചമ്പായി സോറൻ ബിജെപിക്കൊപ്പം: കിംഗ് മേക്കറാവുമോ?
ഒരുപാട് പ്രതീക്ഷകളോടെയാണ് ബിജെപി ഇക്കുറി ജെഎംഎമ്മിലെ മുതിർന്ന നേതാവും ഇടക്കാലത്ത് ഹേമന്ത് സോറന്റെ അഭാവത്തിൽ മുഖ്യമന്ത്രി പദവി വഹിക്കുകയും ചെയ്‌തിരുന്ന ചമ്പായി സോറനെ പാർട്ടിയിലേക്ക് എത്തിച്ചത്. ഇത് ജെഎംഎമ്മിന് വലിയ രീതിയിൽ തിരിച്ചടിയാവുമെന്ന് ബിജെപിയ്ക്ക് ഉറപ്പായിരുന്നു. ചമ്പായി സോറന്റെ സ്വാധീനം വോട്ടായാൽ ഉറപ്പായും സംസ്ഥാനത്ത് ഭരണം പിടിക്കാമെന്ന് അവർ കണക്ക് കൂട്ടുന്നു.
എന്നാൽ ചില വെല്ലുവിളികളും സോറനെയും കൂട്ടരെയും കാത്തിരിക്കുന്നുണ്ട്. പ്രധാനമായി സോറന്റെ വരവോടെ ബിജെപി ഉന്നമിട്ടത് ജാർഖണ്ഡിലെ വലിയ രീതിയിലുള്ള ട്രൈബൽ വോട്ടുകളെ പെട്ടിയിലാക്കുക എന്നതാണ്. ചമ്പായി സോറൻ ആദിവാസി വിഭാഗങ്ങൾക്ക് ഇടയിൽ വച്ചുപുലർത്തുന്ന അടുപ്പം, അദ്ദേഹത്തിന്റെ സ്വീകാര്യത ഒക്കെയും ഗുണമാവുമെന്നാണ് അവർ കരുതുന്നു.
ജാർഖണ്ഡിലെ വിജയത്തെ സ്വാധീനിക്കുന്ന ഘടകമാണ് ആദിവാസി വിഭാഗങ്ങളുടെ വോട്ട് വിഹിതം. ഇത് വരുതിയിലാക്കി എന്ന് ആശ്വസിക്കുമ്പോഴും സോറന്റെ വരവ് ഒരു തരത്തിൽ ഇരുതല മൂർച്ചയുള്ള വാളാണ്. ഒരുപക്ഷേ ഇന്ത്യ സഖ്യത്തെ വീഴ്ത്തി ഭരണം പിടിച്ചെടുത്താൽ മുഖ്യമന്ത്രി പദത്തിലെ അവകാശവാദത്തിന് ആളുകളുടെ എണ്ണം ഉയരുകയാണ്.
നിലവിൽ ചമ്പായി സോറൻ അടക്കം നാല് മുൻ മുഖ്യമന്ത്രിമാരാണ് പാർട്ടിക്കൊപ്പമുള്ളത്. ബാബുലാൽ മരണ്ടി, മധു കോട, അർജുൻ മുണ്ട എന്നിവരാണ് ശേഷിക്കുന്ന മൂന്ന് പേർ. ഇതാണ് ബിജെപിക്ക് തലവേദയാവുക. ആദിവാസി കോട്ടകളിൽ വിളവീഴ്ത്തി സോറൻ വോട്ട് പിടിച്ചെടുത്താൽ അദ്ദേഹത്തെ തഴയാൻ ബിജെപിക്ക് കഴിയില്ല. അങ്ങനെയെങ്കിൽ ബിജെപി വിയർക്കും എന്നുറപ്പാണ്.












Click it and Unblock the Notifications