കഴുത്തറുത്ത് കൊന്നു ചാക്കിലാക്കി നദിയിലെറിഞ്ഞു മാധ്യമപ്രവര്‍ത്തകന്റെ കുടുംബത്തിന് സംഭവിച്ചത് ഇങ്ങനെ
ബഹാദുര മേഖലയിലെ നദിക്കരയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം ലഭിച്ചത്
നാഗ്പൂര്‍: മഹാരാഷ്ട്രയില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകന്റെ അമ്മയെയും മകളെയും അക്രമികള്‍ ദാരുണമായി കൊലപ്പെടുത്തി. സംഭവത്തില്‍ നാഗ്പൂരിലെ പ്രദേശവാസികളെല്ലാം ഞെട്ടലിലാണ്. അതിക്രൂരമായിട്ടാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് മൃതദേഹം കണ്ടവര്‍ പറയുന്നു. ഇരുവരെയും രണ്ടുദിവസം മുമ്പ് കാണാതായിരുന്നു.
മാധ്യമങ്ങള്‍ക്ക് ഗുണ്ടകളില്‍ നിന്ന് ഭീഷണിയുള്ളതായി സൂചനയുണ്ടായിരുന്നു. ഇവരുടെ മൃതദേഹത്തില്‍ മുഴുവന്‍ മുറിപ്പാടുകള്‍ ഉണ്ട്. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. അതേസമയം പോലീസ് വിഷയത്തില്‍ മൗനം തുടരുകയാണ്. മാധ്യമസ്ഥാപനങ്ങള്‍ ഇയാള്‍ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്.

ജ്വല്ലറിയിലേക്ക് പോയി....
കഴിഞ്ഞ ദിവസം ജ്വല്ലറിയിലേക്ക് തന്റെ ഒരു വയസ്സുകാരി മകള്‍ രാഷിയുമൊത്ത് പോയതായിരുന്നു മാധ്യമപ്രവര്‍ത്തകനായ രവികാന്ത് കംബ്ലയുടെ അമ്മ ഉഷ. എന്നാല്‍ പിന്നീട് ഇവര്‍ തിരിച്ചുവന്നിട്ടില്ലെന്ന് രവികാന്ത് പറഞ്ഞു. തുടര്‍ന്ന് ഇവരെ പറ്റി പല സ്ഥലത്തും അന്വേഷിച്ചു. പോലീസിലും പരാതി നല്‍കി. തുടര്‍ന്നാണ് കൊല്ലപ്പെട്ട നിലയില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

മുറിപ്പാടുകള്‍
ബഹാദുര മേഖലയിലെ നദിക്കരയില്‍ നിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം ലഭിച്ചത്. മൃഗീയമായിട്ടാണ് ഇവരെ കൊലപ്പെടുത്തിയത്. ശരീരത്തില്‍ മുഴുവന്‍ മുറിപ്പാടുകളുണ്ട്. കഴുത്തറുത്തായിരുന്നു കൊലപാതകം. മാധ്യമപ്രവര്‍ത്തകനോടോ അല്ലെങ്കില്‍ ഉഷയോടോ അത്രയധികം പകയുള്ളയാള്‍ക്ക് മാത്രമേ ഇങ്ങനെ ക്രൂരമായ കൊലപാതകങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂവെന്ന് പോലീസ് പറയുന്നു.

പണമിടപാട്
ഉഷ നാട്ടില്‍ ചിട്ടി കമ്പനിയും അതോടൊപ്പം പണം പലിശയ്ക്കും നല്‍കാറുമുണ്ട്. ഇതിന്റെ പേരില്‍ പലരുമായും പ്രശ്‌നമുണ്ടെന്ന് രവികാന്ത് പറയുന്നു. തനിക്ക് നാട്ടില്‍ ശത്രുക്കളുണ്ടെന്ന് വ്യാജ പ്രചാരണമാണ്. ആരുമായും പ്രശ്‌നങ്ങളില്ല. ഇത് അമ്മയുമായുള്ള വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരില്‍ ചെയ്തതാണെന്ന് വിശ്വസിക്കുന്നു. പോലീസ് ഏത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു

പ്രതിയെ പിടിച്ചു
കൊലപാതകവുമായി ബന്ധപ്പെട്ട് പവന്‍പുത്ര സ്വദേശിയായ ഗണേഷ് ഷാഹുവിനെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിട്ടിപണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പകയായി മാറിയെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഉഷയുടെ വീട്ടില്‍ വച്ചായിരുന്നു കൈയ്യേറ്റം വരെയെത്തിയ തര്‍ക്കം നടന്നത്. ഇതോടെ ഉഷയെ കൊല്ലാന്‍ ഇയാള്‍ പദ്ധതിയിടുകയായിരുന്നു. മകന്റെ കുട്ടി ഇതില്‍ വന്നു പോവുകയായിരുന്നു.

കൊലനടന്നത് വീട്ടില്‍
കൊലപാതകം നടന്നത് വീട്ടില്‍ വച്ചാണെന്ന് പോലീസ് പറയുന്നു. പണം സംബന്ധിച്ച തര്‍ക്കത്തില്‍ ദേഷ്യം വന്ന ഷാഹു ഉഷയുടെ വീടിന്റെ പടവില്‍ നിന്ന് തളളിയിട്ടു. തുടര്‍ന്ന് ഇവരുടെ കഴുത്തറക്കുകയായിരുന്നു. ഉഷയുടെ കഴുത്തില്‍ നിന്ന് ചോര ഒഴുകുന്നത് കണ്ട് കുഞ്ഞ കരഞ്ഞു. ഇതോടെ കുഞ്ഞിനെയും സാഹു കൊല്ലുകയായിരുന്നു. ഇതിന് ശേഷം ഇവരുടെ മൃതദേഹം ചാക്കില്‍ കെട്ടി നദിക്കരയില്‍ കളയുകയായിരുന്നു.

പോലീസിന് വിമര്‍ശനം
ഇപ്പോള്‍ പിടികൂടിയ പ്രതി യഥാര്‍ത്ഥ പ്രതിയല്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. രവികാന്തും ഇതേ സംശയം ഉന്നയിച്ചിട്ടുണ്ട്. പോലീസ് ഇക്കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്ന് ആരോപണമുണ്ട്. യഥാര്‍ത്ഥ കൊലയാളി കുറിച്ച് പോലീസ് നേരത്തെ അറിഞ്ഞിട്ടും മറച്ചുവെക്കുകയാണെന്നാണ് നാട്ടുകാരുടെ വാദം. സാഹുവിന് രവികാന്തിന്റെ അമ്മയെ കൊല്ലേണ്ട സാഹചര്യമില്ലെന്നും ഇവര്‍ തമ്മിലുണ്ടായത് സാധാരണ തര്‍ക്കമാണെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications