ബിജെപി അധ്യക്ഷനായി ജെപി നദ്ദ തുടരും; 2024 വരെ കാലാവധി നീട്ടി നൽകി
ദില്ലി: ബി ജെ പി അധ്യക്ഷനായി ജെ പി നദ്ദ 2024 വരെ തുടരാൻ ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം. ഈ മാസം 20ന് മൂന്നു വർഷ കാലാവധി പൂർത്തിയാക്കുന്ന നദ്ദയ്ക്ക് ഒരു വർഷം കൂടി നീട്ടി നൽകാൻ യോഗം തീരുമാനിക്കുകയായിരുന്നു.

'പാർട്ടി അധ്യക്ഷൻ ജെ പി നദ്ദയുടെ കാലാവധി 2024 ജൂൺ വരെ നീട്ടാൻ ബി ജെ പി ദേശീയ എക്സിക്യൂട്ടീവ് ഏകകണ്ഠമായി തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബി ജെ പി അധ്യക്ഷൻ നദ്ദയുടെയും കീഴിൽ 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 2019നെക്കാൾ വലിയ ഭൂരിപക്ഷത്തോടെ പാർട്ടിക്ക് ജയിക്കാൻ സാധിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്', അമിത് ഷാ പറഞ്ഞു. ഒന്നാം നരേന്ദ്ര മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന ജെ പി നദ്ദ അമിത് ഷായുടെ പിൻഗാമിയായി 2020 ലാണ് പാർട്ടി അധ്യക്ഷ പദവി ഏറ്റെടുത്തത്.
അതേസമയം 2024 ലെ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിന്റെ കൂടി ഭാഗമായാണ് ബി ജെ പിയുടെ ദ്വിദിന എക്സിക്യൂട്ടീവ് യോഗം ദില്ലിയിൽ ചേർന്നത്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 9 സംസ്ഥാനങ്ങളിലും പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കണമെന്ന് യോഗത്തിൽ ജെ പി നദ്ദ നിർദ്ദേശിച്ചു. മാത്രമല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രത്യേക ശ്രദ്ധനൽകേണ്ട മണ്ഡലങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. 160 മണ്ഡലങ്ങളാണ് ബി ജെ പി ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്.












Click it and Unblock the Notifications