സര്‍ജിക്കല്‍ സ്‌ട്രൈക്ക് നിങ്ങള്‍ക്ക് കാണാം; കാത്തിരുന്നാല്‍ മതി...
ദില്ലി: കാത്തിരിക്കൂ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നിങ്ങള്‍ക്ക് കാണാമെന്ന് പാകിസ്ഥാന് രാജ്‌നാഥ് സിംഗിന്റെ മറുപടി. സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിട്ടില്ലെന്ന പാകിസ്ഥാന്റെ വാദത്തിന് മറുപടിയായാണ് അധികം വൈകാതെ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ കാണാമെന്ന് പറഞ്ഞത്.
അതേസമയം പാക് അധീന കശ്മീരിലെ തീവ്രവാദി ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനെ അഭിനന്ദിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യന്‍ സൈന്യം തങ്ങളുടെ ശൗര്യം ലോകത്തിന് മുമ്പില്‍ കാണിച്ചു. കുറ്റമറ്റ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ സൈന്യം ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയില്‍ സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച സ്മാര്‍ട്ട് ടോയ്‌ലെറ്റ് പൊതുജനത്തിനായി സമര്‍പ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ജിക്കല്‍ സ്‌ട്രൈക്കിനായി അതിര്‍ത്തി കടന്ന ഇന്ത്യന്‍ സൈനികരില്‍ ഏഴ് പേരെ വധിച്ചുവെന്ന പാക് മാധ്യമ റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച്ച സൈന്യം തള്ളിയിരുന്നു. ഇതുസംബന്ധിച്ച് പാക് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നും സൈന്യം അവകാശപ്പെട്ടു. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തിനിടെ ഒരു സൈനികന് മാത്രമാണ് പരുക്കേറ്റത്. പാക് അധീന കശ്മീരില്‍ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. നാല്‍പതോളം തീവ്രവാദികളും 2 പാക് സൈനികരും ആണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
എന്നാല്‍ ഇങ്ങനെ ഒരു ആക്രമണം നടന്നിട്ടേ ഇല്ലെന്നാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്താന്‍ നിഷേധിക്കുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് ഹെല്‍മറ്റില്‍ ക്യാമറ വച്ചായിരുന്നു ഇന്ത്യന്‍ സൈനികര്‍ ആക്രമണം നടത്തിയത്. ഇതിന്റെ തത്സമയ ദൃശ്യങ്ങള്‍ പാര്‍ലമെന്റിന്റെ സൗത്ത് ബ്ലോക്കില്‍ വാര്‍ റൂമില്‍ ഇരുന്ന് അജിത് ഡോവല്‍ നിരീക്ഷിക്കുകയും ചെയ്തിരുന്നു. അധികം വൈകാതെ വീഡിയോ പുറം ലോകം അറിയുമെന്നാണ് രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയില്‍ വെളിപ്പെടുന്നത്.












Click it and Unblock the Notifications