ഓപറേഷന്‍ ഹസ്ത കോണ്‍ഗ്രസ് തന്ത്രം; കര്‍ണാടകയില്‍ എന്തിനും തയ്യാറായി ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാന പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ തയ്യാറാക്കുന്നു. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ ലഭിക്കില്ല എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിജെപി ഓപറേഷന്‍ ലോട്ടസ് പ്രയോഗിക്കാന്‍ സാധ്യതയുണ്ട്. അത് നേരിടാന്‍ കോണ്‍ഗ്രസ് ഓപറേഷന്‍ ഹസ്ത തയ്യാറാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍.
224 അംഗ നിയമസഭയാണ് കര്‍ണാടകത്തിലേത്. 113 സീറ്റ് ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക് ഭരണം നടത്താം. എന്നാല്‍ നാമമാത്രമായ രീതിയില്‍ ഈ നമ്പറില്‍ എത്തിയിട്ട് കാര്യമില്ല. ഏത് സമയവും കൂറുമാറ്റവും ഭരണമാറ്റവും സംഭവിക്കാവുന്ന രാഷ്ട്രീയ കളരിയാണ് കര്‍ണാടകം. അതുകൊണ്ടുതന്നെ വ്യക്തമായ മേല്‍ക്കൈ കിട്ടണമെങ്കില്‍ മൂന്നാം കക്ഷിയായ ജെഡിഎസിന്റെ പിന്തുണ വേണ്ടി വരും.

തങ്ങളുടെ എംഎല്‍എമാരെ മറുഭാഗം ചാക്കിടുന്നത് ഒഴിവാക്കാനും ആവശ്യമെങ്കില്‍ മറുചേരിയിലുള്ളവരെ കൂടെ നിര്‍ത്താനുമുള്ള പദ്ധതികളാണ് ബിജെപിയും കോണ്‍ഗ്രസും തയ്യറാക്കുന്നത്. ജെഡിഎസുമായി ബിജെപിയും കോണ്‍ഗ്രസും ചര്‍ച്ച നടത്തി എന്നാണ് റിപ്പോര്‍ട്ട്. ജെഡിഎസ് നിര്‍ണായകമായ തീരുമാനം എടുക്കുകയും ചെയ്തിട്ടുണ്ട്. ഔദ്യോഗിക ഫലം വന്നാല്‍ ഇത് പ്രഖ്യാപിക്കും.
ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ എംഎല്‍എമാരെ ചാക്കിടുമോ എന്ന ഭയം ജെഡിഎസിനുണ്ട്. പുതുമുഖ എംഎല്‍എമാര്‍ കളംമാറാതിരിക്കാന്‍ പാര്‍ട്ടി പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ടെന്നാണ് വിവരം. ഇഞ്ചോടിഞ്ച് പോരാട്ടമാണെങ്കില്‍ റിസോര്‍ട്ട് രാഷ്ട്രീയത്തിലേക്കും കര്‍ണാടക പോകും. നേരത്തെ ഇത്തരം വിചിത്രമായ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വേദിയായ സംസ്ഥാനമാണിത്.
സ്വന്തമായി ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന ആത്മവിശ്വാസം ബിജെപിയും കോണ്‍ഗ്രസും പ്രകടിപ്പിക്കുന്നു. എന്നാല്‍ വ്യക്തമായ മേല്‍ക്കൈ ലഭിച്ചില്ലെങ്കില്‍ ജെഡിഎസ് കറുത്ത കുതിരയാകും. 2008ലും 2018ലും ഇത്തരം സാഹചര്യമുണ്ടായിരുന്നു. അന്ന് സഖ്യസര്‍ക്കാര്‍ രൂപീകരിക്കപ്പെട്ടു. സമവായമായി ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രാകുകയും ചെയ്തു.
കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും അവര്‍ ജെഡിഎസിനെ പിളര്‍ത്താന്‍ ശ്രമിക്കുമെന്നും കുമാരസ്വാമി പറയുന്നു. ഞങ്ങളുടെ എംഎല്‍എമാര്‍ ഐക്യത്തോടെ മുന്നോട്ട് പോകും. അക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ജെഡിഎസ് നല്‍കുന്നുണ്ട്. ഞങ്ങളുടെ സഹായമില്ലാതെ ഒരു പാര്‍ട്ടിയും സര്‍ക്കാരുണ്ടാകില്ലെന്ന് ഉറപ്പാണെന്നും കുമാരസ്വാമി പറയുന്നു.
കോണ്‍ഗ്രസിന് 150ല്‍ താഴെ സീറ്റുകളാണ് കിട്ടുന്നതെങ്കില്‍ പാര്‍ട്ടിയെ പിളര്‍ത്താന്‍ ബിജെപി ശ്രമിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുന്നു. കോണ്‍ഗ്രസ് ഇത് സംബന്ധിച്ച് ബോധവാന്‍മാരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ബിജെപിയിലെയും ജെഡിഎസിലെയും വിജയസാധ്യതയുള്ള നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങി എന്നാണ് മുതിര്‍ന്ന നേതാക്കള്‍ പറയുന്നത്. ഫലംവരുമ്പോള്‍ കാര്യങ്ങള്‍ മാറിമറിയുമെന്നും ഓപറേഷന്‍ ഹസ്ത സൂചിപ്പിച്ച് അവര്‍ പറയുന്നു.
കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം കിട്ടുമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ ബിജെപി മറിച്ചുള്ള നീക്കം നടത്തും. അത് മുന്‍കൂട്ടി കാണുന്നുണ്ട്. ഇക്കാര്യത്തില്‍ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രത്യേക ശ്രദ്ധ കൊടുക്കുന്നുണ്ടെന്ന് പാര്‍ട്ടിയുടെ മാധ്യമ വിഭാഗം ചെയര്‍മാന്‍ പ്രിയാങ്ക് ഖാര്‍ഗെ പറഞ്ഞു. അഞ്ച് വര്‍ഷത്തിനിടെ കര്‍ണാടകം വളരെ മാറിയെന്നും ഇനി ബിജെപിയുടെ നീക്കം വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications