കർണാടകയില്‍ എരിഞ്ഞമർന്ന ബിജെപി: എരിതീയില്‍ എണ്ണ പകർന്ന് ലിംഗായത്തും: കോട്ടകളില്‍ വന്‍ തിരിച്ചടി
കർണാടകയിലെ തകർപ്പന്‍ വിജയത്തില്‍ കോണ്‍ഗ്രസിന് കരുത്തായത് ബി ജെ പി ശക്തികേന്ദ്രമായ വടക്കൻ കർണാടകയിലെ ഏഴ് ജില്ലകളിൽ നടത്തിയ മുന്നേറ്റം. മേഖലയിലെ 56ൽ 40 സീറ്റും കൈവശം വച്ചിരുന്ന ബി ജെ പി ഇത്തവണ വലിയ തിരിച്ചടിയാണ് നേരിട്ടത്. ലിംഗായത്ത് ശക്തികേന്ദ്രമായി വടക്കന്‍ കർണാടകയിലെ തോല്‍വി ബി ജെ പിയെ ഇരുത്തിചിന്തിപ്പിക്കുന്നത് കൂടിയായിരിക്കും.
ലിംഗായത്ത് സമുദായത്തിന്റെ സാന്നിധ്യം ശക്തമായ ബെലഗാവി, ഉത്തർ കന്നഡ, ഹാവേരി, ഗദഗ്, വിജയപുര, ബാഗലോകോട്ട്, ധാർവാഡ് എന്നിവിടങ്ങളിൽ ബിജെപിയുടെ പരമ്പരാഗത അനുഭാവികളായിരുന്ന സമുദായം ഇത്തവണ കോൺഗ്രസിനെ പിന്തുണച്ചുവെന്നതാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ നിന്നും കൂറുമാറിയെത്തിയ പ്രമുഖ ലിംഗായത്ത് നേതാവ് ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി ധാർവാഡില്‍ പരാജയെപ്പെട്ടെങ്കിലും മറ്റൊരു ലിംഗായത്തായ ലക്ഷ്മണ്‍ സാവദി വിജയം നുകർന്നു.

ജഗദീഷ് ഷെട്ടാറിന്റെ പരാജയം കോണ്‍ഗ്രസിന് തിരിച്ചടിയായെങ്കിലും അദ്ദേബം ബി ജെ പിവിട്ട് പാർട്ടിയില്‍ എത്തിയത് ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള വോട്ടുകള്‍ ചോർത്തുന്നതില്‍ കോണ്‍ഗ്രസിനെ കാര്യമായി തന്നെ സഹായിച്ചു. ലിംഗായത്തുകളുടെ അഖിലേന്ത്യാ വീരശൈവ സമുദായവും തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് പരസ്യമായി പിന്തുണ നൽകുകയും ചെയ്തിരുന്നു.
ബിജെപി വിട്ട് കോൺഗ്രസിലേക്ക് പോയ മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി ബെലഗാവി ജില്ലയിലെ തന്റെ പരമ്പരാഗത സീറ്റായ അത്താണിയിൽ നിന്നാണ് വിജയിച്ചത്. ലിംഗായത്ത് സമുദായത്തിൽപ്പെട്ട ശക്തനായ നേതാവാണ് സവാദി. ബിഎൽ സന്തോഷ്, ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള പാർട്ടി നേതൃത്വം അദ്ദേഹത്തെ സീറ്റ് നല്‍കാതെ ബി ജെ പിയിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്ന വികാരം അണികള്‍ക്കിടയില്‍ ശക്തമായിരുന്നു.
കർണാടകയിലെ ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകൾ, 78 സീറ്റുകളിൽ പോലും ഫലം നിർണ്ണയിക്കാന്‍ കഴിവുള്ളവരാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ 78ൽ 54 സീറ്റുകളിൽ കോൺഗ്രസ് മുന്നിട്ടുനിൽക്കുമ്പോൾ 19 സീറ്റുകളിൽ മാത്രമാണ് ബി ജെ പിക്ക് ലീഡ് ലഭിച്ചത്. ബിഎസ് യെഡിയൂരപ്പയും നിലവിലെ മുഖ്യമന്ത്രി ബസവരാജ് എസ് ബൊമ്മൈയും ഉൾപ്പെടെ സമുദായത്തിൽ നിന്നുള്ള ഉന്നത നേതാക്കളാണെങ്കിലും യെഡിയൂരപ്പ ഒതുക്കപ്പെടുന്നുവെന്ന വികാരവും ശക്തമായിരുന്നു.
2018ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലിംഗായത്ത് ആധിപത്യമുള്ള സീറ്റുകളിൽ ബിജെപിയുടെ സ്‌കോർ 28 ആയി കുറയുകയും കോൺഗ്രസിന് 29 എണ്ണം വർധിക്കുകയും ചെയ്‌തതായും കണക്കുകള്‍ കാണിക്കുന്നു. പരമ്പരാഗതമായി ബി ജെ പിക്കൊപ്പം നില്‍ക്കുന്ന ലിംഗായത്തുകളുടെ കളം മാറ്റത്തിനൊപ്പം ജെ ഡി എസിനൊപ്പം നില്‍ക്കുന്ന മറ്റൊരു ശക്തമായ ജാതിയായ വൊക്കലിംഗരേയും വലിയ തോതില്‍ സ്വാധീനിക്കാന്‍ സാധിച്ചതാണ് കോണ്‍ഗ്രസ് വിജയത്തില്‍ നിർണ്ണായകമായത്.












Click it and Unblock the Notifications