നാലിടത്ത് മത്സരിച്ചു, നാലിടത്തും നിലം തൊടാതെ സിപിഎം: പക്ഷെ വോട്ട് വിഹിതത്തില്‍ അഞ്ചാമത്
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് തരംഗത്തില്‍ കനത്ത തിരിച്ചടിയേറ്റ് സി പി എമ്മും. സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡല ബാഗേപ്പള്ളിയില്‍ ഉള്‍പ്പടെ ഒരു മണ്ഡലത്തില്‍ പാർട്ടി സ്ഥാനാർത്ഥികള്‍ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല. ബാഗേപ്പള്ളിക്ക് പുറമെ കെആർ പുരത്തും കെജിഎഫിലും ഗുൽബർഗ റൂറലിലുമായിരുന്നു സി പി എം ഇത്തവണ മത്സരിച്ചത്.
സി പി എം ഇത്തവണ ഏറെക്കുറെ വിജയം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു ബാഗേപ്പള്ളി. ജനകീയനായ ഡോക്ടർ അനില്‍കുമാറായിരുന്നു സ്ഥാനാർത്ഥി. മണ്ഡലത്തില്‍ മുപ്പതിനായിരത്തോളം വോട്ടുള്ള ജെ ഡി എസിന്റെ പിന്തുണ കൂടിയായപ്പോള്‍ സി പി എം വലിയ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ പൂർത്തിയായപ്പോള്‍ സി പി എം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ എസ് എന്‍ സുബ്ബറെഡ്ഡിക്ക് 81383 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബി ജെ പി സ്ഥാനാർത്ഥിക്ക് ആദ്യമായി മണ്ഡലത്തില്‍ 62225 വോട്ടുകള്‍ ലഭിച്ചു. 19621 വോട്ടുകള്‍ മാത്രമേ മൂന്നാം സ്ഥാനത്ത് എത്തിയ അനില്‍കുമാറിന് നേടാന്‍ സാധിച്ചുള്ളു. നേരത്തെ മൂന്ന് തവണ സി പി എം വിജയിച്ച് മണ്ഡലം കൂടിയാണ് ബാഗേപ്പള്ളി. 1983ൽ എ വി അപ്പാസ്വാമി റെഡ്ഡിയും 1994ലും 2004ലും ജി വി ശ്രീരാമ റെഡ്ഡിയുമാണ് ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്നും വിജയിച്ച സിപിഎം സ്ഥാനാർത്ഥികള്‍.2018 ല്‍ അമ്പതിനായിരത്തിലേറെ വോട്ട് നേടി രണ്ടാം സ്ഥാനത്തായിരുന്നു സി പി എം.
കെജിഎഫ് (കോലാർ ഗോൾഡ് ഫീൽഡ്) മണ്ഡലത്തിലും സിപിഎമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി രൂപകല 81569 വോട്ടുകള്‍ നേടി ഒന്നാമത് എത്തിയപ്പോള്‍ 31102 വോട്ടുമായി ബി ജെ പിയാണ് രണ്ടാമത്. കോലാർ ഗോൾഡ് ഫീൽഡ് മണ്ഡലത്തിൽ സി പി ഐയും സി പി എമ്മും നേർക്കുനേർ പോരാടിയെന്ന പ്രത്യേകതയുമുണ്ട്. കോലാറില്‍ 1008 വോട്ടുകളുമായി സി പി എം അഞ്ചാമതും 918 വോട്ടുമായി സി പി ഐ ആറാമതുമാണ്.

കെആർ പുരത്ത് 1220 വോട്ടും ഗുല്‍ബർഗ റൂറലിും 822 വോട്ടുകള്‍ മാത്രമാണ് പാർട്ടിക്ക് നേടാന്‍ സാധിച്ചത്. സി പി ഐ സ്ഥാനാർത്ഥികളുടെ പ്രകടനവും ദയനീയമാണ്. സി പി ഐ ആകെ വോട്ട് വിഹിതത്തിന്റെ 0.06 ശതമനം നേടിയപ്പോള്‍ സി പി ഐക്ക് ലഭിച്ചത് 0.02 ശതമാനം മാത്രമാണ്. മൊത്തത്തിലുള്ള വോട്ട് വിഹിതം നോക്കുമ്പോള്‍ സി പി എം അഞ്ചാമതാണ് എന്നതും രസകരമായ കണക്കാണ്.
43.1 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബി ജെ പിയുടെ വോട്ട് വിഹിതം 35.8 ശതമാനമായി ഇടിഞ്ഞു. ജെ ഡി എസ് 13.3 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ 0.58 ശതമാനവുമായി എ എ പി കഴിഞ്ഞാല്‍ സി പി എമ്മിന്റെ 0.06 ശതമാനം വോട്ട് വിഹിതമാണ് അഞ്ചാമത്. മത്സരിക്കാത്ത ഇടങ്ങളില്‍ സി പി എം ജെ ഡി എസിനും സി പി ഐ കോണ്‍ഗ്രസിനുമായിരുന്നു പിന്തുണ നല്‍കിയിരുന്നത്.












Click it and Unblock the Notifications