കർണാടക തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു, നിർണ്ണായക പോരാട്ടം ഈ മണ്ഡലങ്ങളില്‍
ബെംഗളൂരു: നാടും നഗരവും ഇളക്കി മറിച്ച തിരഞ്ഞെടുപ്പ് പ്രചരണത്തിന് ശേഷം കർണാടക ഇന്ന് പോളിങ് ബൂത്തില്‍. രാവിലെ ഏഴ് മണിയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും സജ്ജമായതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. രാവിലെ 6 മണിയോടെ തന്നെ ബൂത്തുകളില്‍ മോക് പോളിങ് നടന്നു.
സംസ്ഥാനത്തുടനീളമുള്ള 58,545 പോളിംഗ് സ്‌റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണ് ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുക, 2,615 സ്ഥാനാർഥികൾ ആണ് മത്സര രംഗത്തുള്ളത്. പോളിങ് ബൂത്തുകളിലെല്ലാം തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. കേന്ദ്ര-സംസ്ഥാന സായുധ സേനകളെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ 224 സീറ്റുകളിൽ ഭൂരിപക്ഷം ഉറപ്പിക്കുന്നതിനായി ഭരണകക്ഷിയായ ബി ജെ പി, പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ്, ജെ ഡി എസ് എന്നീ മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളും വോട്ടർമാരെ ആകർഷിക്കാനും വാഗ്ദാനങ്ങൾ നൽകാനും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാനും ശ്രമിക്കുന്ന കാഴ്ചകളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഉടനീളം കണ്ടത്.

ജാതിസമവാക്യത്തിന് നിർണ്ണായക പങ്കുള്ള സംസ്ഥാനമാണ് കർണാടക. കാലങ്ങളായി ലിംഗായത്ത്, വൊക്കലിഗ വോട്ടർമാർ തെരഞ്ഞെടുപ്പിൽ നിർണായക പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്. ലിംഗായത്തുകൾ ജനസംഖ്യയുടെ 17 ശതമാനവും വൊക്കലിഗകൾ 11 ശതമാനവുമാണ്. വരുണ, കനകപുര, ഷിഗ്ഗാവ്, ഹുബ്ലി-ദാർവാദ്, ചന്നപട്ടണ, ശിക്കാരിപുര, ചിറ്റാപൂർ, രാമനഗര, ചിക്കമംഗളൂരു തുടങ്ങിയവയാണ് ഇത്തവണ പ്രധാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങള്‍
ബി ജെപി യും കോൺഗ്രസും പ്രധാന മണ്ഡലങ്ങളിൽ തങ്ങളുടെ ചില മുൻനിര തോക്കുകളെയാണ് മത്സരിപ്പിക്കുന്നത്. 224 സ്ഥാനാർത്ഥി പട്ടികയിൽ 50 പുതുമുഖങ്ങള്‍ക്കാണ് ബി ജെ പി ഇത്തവണ അവസരം നല്‍കിയിരിക്കുന്നത്. പല മുതിർന്ന നേതാക്കൾക്കും ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ അടക്കമുള്ള നേതാക്കള്‍ ബി ജെ പി വിട്ട് കോണ്‍ഗ്രസിലെത്തുകയും ചെയ്തിരുന്നു.
ഹൂബ്ലി-ദാർവാഡ് വെസ്റ്റ് അസംബ്ലി മണ്ഡലത്തിലേക്ക് ടിക്കറ്റ് നിഷേധിക്കപ്പെട്ടതോടെ ബി ജെ പി വിട്ട് കോൺഗ്രസ് സ്ഥാനാർത്ഥിയായി അതേ മണ്ഡലത്തിൽ നിന്നുമാണ് ഷെട്ടാർ ഇത്തവണ മത്സരിക്കുന്നത്. ഷെട്ടാർ ഒന്നിലധികം തവണ വിജയിച്ച സീറ്റ് കൂടിയാണ് ഇത്. അതേസമയം, കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടർച്ചയായി മൂന്ന് തവണ വിജയിച്ച ഷിഗ്ഗാവ് മണ്ഡലത്തിൽ നിന്നാണ് ഇത്തവണയും മത്സരിക്കുന്നത്.
കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ 2008 മുതൽ തുടർച്ചയായി വിജയിക്കുന്ന വരുണയിൽ നിന്നും ഇത്തവണയും മത്സരിക്കുന്നു. വരുണയ്ക്ക് പുറമെ കോലാറില്‍ കൂടി ഇത്തവണ മത്സരിക്കാന്‍ സിദ്ധരാമയ്യ ആഗ്രഹിച്ചിരുന്നുവെങ്കിലും പാർട്ടി സീറ്റ് നല്‍കിയില്ല. പകരം അദ്ദേഹത്തിന്റെ അടുത്ത അനുയായിക്കാണ് കോലാർ സീറ്റ് നല്‍കിയിരിക്കുന്നത്.
ബിജെപിയുടെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പ തന്റെ മകൻ ബി വൈ വിജയേന്ദ്രയെ വരുണയിൽ നിന്ന് മത്സരിപ്പിക്കാൻ വിസമ്മതിച്ചുവെങ്കിലും സിദ്ധരാമയ്യക്കെതിരെ വിജയേന്ദ്രയെ മത്സരിപ്പിക്കണമെന്ന് പാർട്ടി പ്രവർത്തകർ വലിയ തോതില്‍ ആഗ്രഹിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പിതാവ് ബിഎസ് യെദ്യൂരപ്പയുടെ കോട്ടയായ ശിക്കാരിപുരയിൽ നിന്നാണ് ബി വൈ വിജയേന്ദ്ര ഇത്തവണ മത്സരിക്കുന്നത്.
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ഡികെ ശിവകുമാർ ഇത്തവണയും കനകപുരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി മോഹികളില്‍ ഒരാള്‍ കൂടിയായ അദ്ദേഹം ബി ജെ പിയുടെ വൊക്കലിഗ ശക്തനും സംസ്ഥാന റവന്യൂ മന്ത്രിയുമായ ആർ അശോകനെയാണ് നേരിടുന്നത്.
ജെ ഡി എസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്‌ഡി കുമാരസ്വാമിയും ബി ജെ പിയുടെ യോഗേശ്വരും കോൺഗ്രസ് പാർട്ടിയുടെ ഗംഗാധറും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമാണ് ചന്നപ്പട്ടണയില്‍ നടക്കുന്നത്. കുമാരസ്വാമിയും യോഗേശ്വരയും മണ്ഡലത്തില്‍ നിർണ്ണായക സ്വാധീനമുള്ള വൊക്കലിംഗ സമുദായത്തില്‍പ്പെട്ടവരാണ്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് കോണ്‍ഗ്രസിന് വേണ്ടി ചിറ്റാപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന. സിദ്ധരാമയ്യ സർക്കാരിൽ മുൻ മന്ത്രി കൂടിയായിരുന്നു അദ്ദേഹം. കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി ദേവഗൗഡയുടെ ചെറുമകൻ നിഖിൽ കുമാരസ്വാമി 2019ലെ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ രാമനഗര നിയമസഭാ മണ്ഡലത്തിൽ വീണ്ടും മത്സരിക്കുന്നു. കോൺഗ്രസിലെ മുതിർന്ന നേതാവ് എച്ച്‌എ ഇഖ്ബാൽ ഹുസൈനെയും ബിജെപിയുടെ ഗൗതം ഗൗഡയെയുമാണ് അദ്ദേഹം നേരിടുന്നത്.












Click it and Unblock the Notifications